മനുഷ്യനു കഷ്ടകാലം വരാൻ അധികം നേരമൊന്നും വേണ്ടാ. ജനിച്ച് വീഴുന്ന കുട്ടിയ്ക്ക് പോലും മൊബൈൽ ഉള്ള ഈ കാലത്ത് ഫോൺ കോളിന്റെ രൂപത്തിൽ വരെ കഷ്ടകാലം വരും.
കഴിഞ്ഞ വെള്ളിയാഴ്ച ഗൾഫിലുള്ള വളരെ അടുത്ത ഒരു സുഹൃത്ത് വിളിച്ചു!!
“ ഡാ, അർജന്റ് ആയി ഒരു ഹെൽപ്പ് വേണം ”
“ ഒരു മിനിറ്റ്….. ”
പേഴ്സ് തുറന്ന് നോക്കി,1500 രൂപയേ ഉള്ളൂ, മാസമവസാനിക്കാൻ ഇനിയും 8-10 ദിവസം ബാക്കിയുണ്ട്. 1000 എങ്കിലും വേണം..
“ 500 വേണമെങ്കിൽ അയച്ചു തരാം ”
“ ഫാ 500 രൂപ ദുബായിലേക്ക് അയക്കുന്നോ??, അതല്ലടാ.. ”
“ ഓ, ഞങ്ങൾ ബാംഗ്ലൂർ ഉള്ള ഐ.ടി ക്കാർക്ക് മാസാവസാനം അർജന്റ് ഹെൽപ്പ് എന്നു പറഞ്ഞാൽ ഇതൊക്കെയാ. നീ കാര്യം പറ ”
“ എന്റെ അമ്മാവൻ ബാംഗ്ലൂർ വരുന്നുണ്ട്…. ”
“ വരട്ടെ, അതിനെന്താ നല്ല കാര്യമല്ലേ? ”
“ഹാ നീ തോക്കിൽ കേറാതെ പറയുന്നത് മുഴുവൻ കേൾക്ക്. ആ വലിയ വീട്ടിൽ നിങ്ങൾ രണ്ട് പേരല്ലേ ഉള്ളൂ, അത് കൊണ്ട് അക്കോമഡേഷൻ നിങ്ങടെ വീട്ടിലാവാമെന്ന് ഞാൻ അമ്മാവനോട് പറഞ്ഞു. ”
“ഫാ, വൃത്തികെട്ടവനേ.. ഞങ്ങളോട് ചോദിക്കാതെ നീയെങ്ങനെ ഉറപ്പിച്ചു? ”
“ നാട്ടിൽ നിന്നും നാളെ രാവിലെ പുറപ്പെടും, നാളെ വൈകുന്നേരം ആവുമ്പോഴേക്കും എത്തും. നീ മജെസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ പോയി പിക്ക് ചെയ്യണം. ഇപ്പൊ വിളിച്ച് ഞാൻ നിന്റെ നമ്പർ അമ്മാവനു കൊടുക്കും, പുള്ളി നിന്നെ വിളിച്ചോളും. ആ, പിന്നെ ആ റൂം ഒക്കെ വൃത്തിയാക്കിയിട്. ഈ അലവലാതികളെ പോലെ ഉള്ളവരാണോടാ നിന്റെ കൂട്ടുകാർ എന്ന് അമ്മാവനെ കൊണ്ട് ചോദിപ്പിച്ച് എന്റെ ഭാവി ജീവിതം നിങ്ങൾ കൊഴപ്പിക്കരുത്.. പ്ലീസ് ”
“ ഫാ അലവലാതി. ഞാൻ ഓഫീസിലായിപ്പോയത് നിന്റെ ഭാഗ്യം, ചു…*!! അല്ലാ, ഭാവി ജീവിതമോ?? ഓ ഓ പിടികിട്ടി പിടികിട്ടി. നിന്റെ മുറപ്പെണ്ണിന്റെ തന്തയാ വരുന്നത് അല്ലേ? ഹിഹി ”
“ ഹും അതെ. കൊളമാക്കരുത് പ്ലീസ്. പുള്ളിക്കാരന്റെ ഗുഡ് ബുക്കിൽ എത്രയും പെട്ടന്ന് കയറിയില്ലെങ്കിൽ എനിക്ക് അവളെ കിട്ടില്ലെടാ. ”
“ പോവുന്നെങ്കിൽ പോട്ടെടാ.. അടുത്തത് വരും ”
“ഫാ തെണ്ടീ. ഒരുമിച്ചു കളിച്ച് വളർന്നതാ ഞങ്ങൾ. അവളെ പിരിയാൻ എനിക്കു പറ്റില്ല, അവൾക്കു എന്നെയും. അല്ലെങ്കിലും നിങ്ങൾ ബാംഗ്ലൂർ ഐ.ടി ക്കാർ ചെറ്റകൾ ആണ്. മനുഷ്യത്വമില്ലാത്തവർ, ഇമോഷനു പോലും സബ് റൂട്ടീനെഴുതുന്ന ഗീക്ക്സ്. ഇപ്പോ കേരളത്തിൽ മാത്രമല്ല ഇവിടെ ദുബായിൽ വരെ ആണും പെണ്ണും ഒരുമിച്ചു നടക്കുന്നത് കണ്ടാൽ ആളുകൾ ചോദിക്കുന്നത് ഇതെന്താ ബാംഗ്ലൂരാണോ എന്നാ.. ഹി ഹി. ”
“എടാ ഡാഷേ നിന്നെ ഞാൻ സഹായിക്കണം അല്ലേ? ”
“ സീ, ഇതെന്റെ ഒപ്പീനിയൻ അല്ല. ബാംഗ്ലൂർ ഉദ്യാനനഗരമാണെന്നും നിന്നെ പോലെയുള്ള വിശാലഹൃദയമുള്ളവരുടെ സ്ഥലമാണെന്നും ഞാൻ ഇവിടെ ദിവസം രണ്ടു പ്രാവശ്യമെങ്കിലും പറയാറുണ്ട്. ”
“ ഹ ഹ ഹ. ശരി എന്തിനാ പുള്ളി വരുന്നത്? ”
“ പുള്ളിക്കാരൻ നാട്ടിൽ ഒരു വീട് പണിയുന്നുണ്ട്. അതിനു മാർബിൾ കൊണ്ടു പോവാൻ വരുന്നതാ.. നീ പുള്ളി പറയുന്ന അഡ്രസ്സൊന്ന് കാണിച്ചു കൊടുക്കുകയും ബാർഗെയിൻ ചെയ്യാൻ സഹായിക്കുകയും വേണം. ”
“ഹും ശരി. മാർബിൾ നാട്ടിൽ നിന്നും വാങ്ങിയാൽ പോരേ? ”
“ ഇതാണ് ബാംഗ്ലൂർ ഐ.ടി ക്കാർക്കു വിവരമില്ല എന്നു പറയുന്നത്. എടാ നമ്മുടെ നാട്ടിൽ സ്ക്വയർ ഫീറ്റിനു 160നു കിട്ടുന്ന മാർബിൾ ബാംഗ്ലൂരിൽ ബാർഗെയിൻ ചെയ്താൽ 80-90 രൂപയ്ക്ക് കിട്ടും. യു കാൻ സേവ് എ ഹ്യൂജ് അമൗണ്ട്. ”
“ ഓഹോ, അത് ശരി. അതറിയില്ലായിരുന്നു. ”
“ഡാ എന്റെ ഭാവി അമ്മാവനും, ഭാവി അളിയനും കൂടിയാ വരുന്നത്. ”
“ ഡാ പന്ന പുന്നാരേ ഞങ്ങടെ വീടെന്താ അഗതി മന്ദിരമോ? ശരി, എനിക്കെന്താ ഈ ബിസിനസിൽ ലാഭം? ”
“ നിനക്കെന്ത് വേണം അത് പറ. ”
“ എന്റേത് പഴയ ഡിമാന്റ് തന്നാ ഇപ്പോഴും. ഒരു അറബിക്കൊച്ചിനെ കൊണ്ട്രുമോ? ”
“ നീ എന്നെ പോലീസുകാരുടെ ബി.എം.ഡബ്ല്യൂവിൽ കേറ്റീട്ടേ അടങ്ങൂ അല്ലേ കശ്മലാ? ”
“ ശരി, അത് വേണ്ടാ, ഇനി വരുന്ന ഡി.എസ്.എഫിനു വരാനും പോവാനും ടിക്കറ്റ്?? ഡീൽ?? ”
“ ഹഹ. ഇതിലും നല്ലത് ഞാൻ അവർക്ക് ലീലാ പാലസിൽ റൂം ബുക്ക് ചെയ്യുന്നതല്ലേ? ”
“ അളിയാ പ്ലീസ് പ്ലീസ് ”
“ ഹും നോക്കാം. നീ അമ്മാവനെ ഫുൾ ഹെൽപ്പണം. നിന്റെ കൂട്ടുകെട്ട് കൊള്ളാമല്ലോടാ എന്ന് കക്ഷിയെ കൊണ്ട് പറയിക്കണം. ഏറ്റോ? ”
“ ഡാ ഈ റിസഷൻ സമയത്ത് ഒരു ദുബായ് ടിക്കറ്റിനു വേണ്ടി ഞാൻ നിന്റെ അങ്കിളിനെ കുളിപ്പിച്ചു കെടത്തുമെടാ. ”
“ഹി ഹി. ഓവർ ആക്കാതെടേയ്.”
“ അങ്കിൾ ആളെങ്ങനാ? ”
“ ഗൾഫിൾ കുറേ കാലം നല്ല നിലയിൽ ഉണ്ടായിരുന്നതാ, നല്ലോണം സമ്പാദിച്ചിട്ടുണ്ട്. ബേസിക്കലി ആളു പാവമാ എന്നെ പോലെ.. പിന്നെ എന്റെ അമ്മാവനായത് കൊണ്ട് പറയുകയല്ല, നല്ല പിശുക്കനും ഒന്നാന്തരം പൊങ്ങച്ചക്കാരനും ആണ്. ”
“ ഡോണ്ട് വറി, ഫ്യൂച്ചറിൽ നിനക്ക് പ്രശ്നമുണ്ടാവാത്തവിധം ശരിയാക്കി വിടാം. ”
“ ഡാ ശരിയാക്കിക്കോ, പക്കെങ്കില് ഇജ്ജ് എന്നേം എന്റെ പെണ്ണിനേം ഓർത്തിട്ട് അതിനനുസരിച്ച് ശരിയാക്കിയാൽ മതി. ”
“ ഹാ നീ പേടിക്കാതെ. ”
“ എന്നാൽ ശരി. കക്ഷി നിന്നെ വിളിക്കും. കൊളമാക്കരുത് പ്ലീസ്. ഞാൻ നിന്നെ പിന്നെ വിളിക്കാം.”
“ ആയ്ക്കോട്ടെ, ബൈ. ”
വീട്ടിലെത്തി മറ്റേ ബാച്ചിയോട് കാര്യം പറഞ്ഞു. വീക്കെന്റ് നശിപ്പിച്ചല്ലോടാ എന്ന് പറഞ്ഞെങ്കിലും നല്ല മൂഡിലായിരുന്നതിനാൽ വീടു ക്ലീനിങ്ങ് മഹാമഹാത്തിൽ പങ്കുചേർന്നു. അവിടെയും ഇവിടെയും ചുരുട്ടിക്കൂട്ടി ഇട്ടിരുന്ന അണ്ടർവെയറുകളും സോക്ക്സുകളും പ്ലേബോയ് മാഗസീന്റെ പേജുകളും ചിതറികിടന്നിരുന്ന എല്ലാ കമ്പിനികളുടെ സിം കാർഡുകളും, റൂമിനലങ്കാരമായ ബിയർ കുപ്പികളും പെറുക്കിയെടുത്തപ്പോൾ തന്നെ വീടു പകുതി വൃത്തിയായി. കിച്ചൻ വൃത്തിയാക്കലും അടിച്ചു വാരലും ഒക്കെ കഴിഞ്ഞപ്പോൾ അമ്മയെ ഓർത്തു പോയി. നമ്മുടെ അമ്മമാരെയൊക്കെ സമ്മതിച്ചേ മതിയാവൂ. ദിവസേന യാതൊരുവിധ പരാതിയുമില്ലാതെ ഇതൊക്കെ ചെയ്യും.
മൊബൈലെടുത്ത് അമ്മയെ വിളിച്ചു.
“ എന്താടാ നട്ടപ്പാതിരായ്ക്ക്? ”
“ പത്ത് മണിയായിട്ടല്ലേ ഉള്ളൂ, നട്ടപ്പാതിരായോ? ങ്ങേ!! ”
“ ഞങ്ങൾ കേരളത്തിലുള്ളവർക്ക് പത്ത് മണി നട്ടപ്പാതിരായാ. നിങ്ങൾ ബാംഗ്ലൂർക്കാർക്കല്ലേ ദിവസം തുടങ്ങുന്ന സമയം..”
“ ബെസ്റ്റ്!! വന്ന് വന്ന് അമ്മയും തുടങ്ങിയാ സദാചാരക്കാരെ പോലെ ബാംഗ്ലൂരിനെ കുറ്റം പറയാൻ?”
“ ഹഹഹ. എന്താ വിളിച്ചത്.. എന്തോ ഉണ്ടല്ലോ? ”
“ അമ്മാ, മിസ് യു.. ലവ് യു.. ”
“ കിന്നരിക്കാതെ കാര്യം പറ ചെക്കാ.. പെണ്ണു കെട്ടണം എന്ന് തോന്നിത്തുടങ്ങിയാ? അതിനുള്ള ഇൻഡിക്കേഷൻ ആണോ ഈ പാതിരാ ഫോൺ വിളി? ”
“ ഛെ! അതല്ലാന്നു..വെറുതേ വിളിച്ചതാ. ഇവിടെ മൊത്തം വൃത്തിയാക്കിയപ്പോൾ ക്ഷീണിച്ചു. അപ്പോ ദിവസവും ഇതിനേക്കാളധികം ചെയ്യുന്ന അമ്മയേയും എല്ലാ അമ്മമാരേയും ഓർത്തപ്പോ വിളിച്ചതാ ”
“ ഓ ശരി ശരി. കിന്നരിക്കാതെ പോ. രാവിലെ 5 മണിക്ക് എഴുന്നേൽക്കാനുള്ളതാ, ഉറങ്ങട്ടെ. ഗുഡ്നൈറ്റ്. ”
പിറ്റേന്ന്- ശനിയാഴ്ച
ബാച്ചികൾക്ക് കെട്ടാനുള്ള പൂതി തോന്നുന്നത് ഒരാഴ്ചത്തെ തുണി അലക്കുമ്പോഴും അതൊക്കെ പ്രെസ്സ് ചെയ്യുമ്പോഴും അല്ലെങ്കിൽ ഡോബിയ്ക്ക് അലക്കിന്റേയും ഇസ്തിരിയുടേയും ചാർജ് കൊടുക്കുമ്പോഴും ആണ്. തുണികൾ അലക്കിയിടുന്നതിനിടയിൽ സുഹൃത്തിന്റെ അങ്കിൾ വിളിച്ചു.
“ ഹലോ അങ്കിൾ പുറപ്പെട്ടോ? ”
“ യെസ്, ഡ്രൈവർ പറഞ്ഞത് വൈകീട്ട് 6-6.30 ആവുമ്പോൾ ബാംഗ്ലൂർ എത്തുമെന്നാണ്. ”
“ ശരി അങ്കിൾ ഞാൻ സ്റ്റാൻഡിൽ പിക്ക് ചെയ്യാൻ വരാം. ”
“ മരുമകൻ പറഞ്ഞത് ഈ മാർബിളിന്റെ സ്ഥലം നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്താണെന്നാ, അതാ ഞാൻ സമ്മതിച്ചത്. ഇല്ലെങ്കിൽ വേറെ ഏതെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം ബുക്ക് ചെയ്യാമായിരുന്നു. ”
“ ങ്ങാ!! ആഹ് അതെ അതെ ഞങ്ങളുടെ വീടുള്ള സ്ഥലത്തിനടുത്ത് തന്നെയാ. ഒരു 10-16 കിലോമീറ്റർ ദൂരം കാണും!! എന്തായാലും ഞാൻ പിക്ക് ചെയ്യാൻ വരാം. ”
“ ഓഹോ അത്രയ്ക്ക് ദൂരമുണ്ടോ, എന്നാൽ അതിനടുത്ത് വേറെ എവിടെയെങ്കിലും താമസിക്കാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല ” എന്ന് പറഞ്ഞില്ലല്ലോ പിശുക്കൻ എന്ന് ചിരിച്ച് കൊണ്ട് ഓർത്ത് പിന്നേം തുണി അലക്കി.
ബ്രേക്ക്ഫാസ്റ്റില്ലാതെ ഉച്ചയ്ക്കുള്ള ഹെവി ലഞ്ച് കാരണവും തുണി അലക്കിന്റെ ക്ഷീണം കാരണവും മയങ്ങിപ്പോയി. എപ്പോഴോ മയക്കത്തിൽ നിന്നെണീറ്റു മൊബൈലിൽ സമയം നോക്കിയപ്പോ 5.50pm. രണ്ട് മിസ് കാൾ.. ദൈവമേ..!!
രണ്ടും കൽപ്പിച്ചു തിരിച്ചു വിളിച്ചു.
“ ഹലോ അങ്കിൾ, എത്താറായില്ലല്ലോ?? ”
“ ഇന്ന് ഹൈവേയിൽ ട്രാഫിക്ക് കുറവായിരുന്നെന്നും അത് കൊണ്ട് കൃത്യ സമയത്ത് അതായത് 6 മണിക്ക് തന്നെ എത്തുമെന്നും കണ്ടക്ടർ പറഞ്ഞു. നീയെത്തിയില്ലേ? ”
ദൈവമേ പിന്നേം ഇടിത്തീ… അല്ലെങ്കിലും വാഹനങ്ങളേം പെണ്ണുങ്ങളേം നമ്പരുത് എന്നു ഏതോ ഒരു മഹാൻ പണ്ട് പറഞ്ഞിട്ടുണ്ടെത്രേ..
ഈശ്വരാ, ഇനി ഞാൻ കാരണം ബാംഗ്ലൂരിനു വീണ്ടും പഴി കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് രണ്ടും കൽപ്പിച്ചു അലക്കി,
“ അങ്കിൾ, ചെറിയൊരു കോംപ്ലിക്കേഷൻ, ചെറിയൊരു മാറ്റം. എന്റെ ഒരു ക്ലോസ് ഫ്രണ്ടിനു കുറച്ച് മുന്നേ വലിയൊരു ആക്സിഡന്റ് ഉണ്ടായി. അവനെ കാണാൻ ഞാൻ ഹോസ്പിറ്റലിൽ വന്നു….. ”
അപ്പുറത്തെ കട്ടിലിൽ കൂർക്കം വലിച്ചുറങ്ങിയിരുന്ന മറ്റേ ബാച്ചി ഉറക്കത്തിലും ബെഡ്ഡിൽ നിന്നും തലപൊക്കി നോക്കി.
“ നീയല്ലെടാ, ഇത് വേറെ ഏതോ ഒരു ഇമാജിനറി ഫ്രണ്ടാ ” ശബ്ദം താഴ്ത്തി പറഞ്ഞു.
“….. അതാ അങ്കിൾ ഞാൻ നേരത്തെ ഫോൺ അറ്റെൻഡ് ചെയ്യാതിരുന്നത്. ”
അപ്പുറത്ത് മൗനം..
“ അങ്കിൾ ഡോണ്ട് വറി. ഞാൻ ഉടനേ തിരിക്കാം. ഒരു 7-7.15 ഒക്കെയാവുമ്പോൾ ഞാൻ എത്തും. ”
“ ഹും, അത്രയും നേരം ഞങ്ങൾക്കു ഇവിടെ നിൽക്കാൻ വയ്യ. നീ നിന്റെ സ്ഥലം പറ, ഞങ്ങൾ വന്നോളാം. ” കടുത്ത ശബ്ദത്തിൽ മറുപടി കിട്ടി.
സ്ഥലവും ബസ് നമ്പറും ബസ് വരുന്ന പ്ലാറ്റ്ഫോമും പറഞ്ഞ് കൊടുത്തു കൊണ്ട് ഒരു സോറി പറഞ്ഞു.
അത് അക്നോളജ് ചെയ്യാതെ കക്ഷി ചോദിച്ചു,
“ എത്ര ദൂരമുണ്ട് നിന്റെ സ്ഥലത്തേയ്ക്ക്? ”
“ അധികമൊന്നുമില്ല അങ്കിൾ. ഹാർട്ട് ഓഫ് ദ സിറ്റിയിൽ തന്നെയാ. ”
“ ഹും ശരി. ഇനി സ്റ്റോപ്പിൽ വരാൻ മറക്കണ്ട, ഫോൺ എടുക്കാനും.”
“ ങ്ങേ!! ആ ശരി.”
8-9 മണിക്കൂർ നാട്ടിൽ നിന്നും ബസിൽ ഇരുന്നു മുഷിഞ്ഞ് 6 മണിയ്ക്ക് ബാംഗ്ലൂർ ഇറങ്ങിയ അവർക്കു ഞങ്ങളുടെ സ്ഥലത്തെത്താൻ പിന്നെയും 1.30 – 2 മണിക്കൂർ എടുത്തു. ബാംഗ്ലൂർ ട്രാഫിക്ക് ശനിയാഴ്ചയും ചതിക്കില്ലാന്നുറപ്പായിരുന്നു.
ക്ഷീണിച്ചു വലഞ്ഞു വന്ന അവരെ സ്റ്റോപ്പിൽ നിന്നും പിക്ക് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോയി. ഇപ്രാവശ്യം കൃത്യമായി ഫോൺ അറ്റെൻഡ് ചെയ്തത് കൊണ്ട് ഒരു ഫ്രണ്ടിന്റെ ജീവൻ രക്ഷപ്പെട്ടു. ഔപചാരികമായി പരിചയപ്പെടുകയും മറ്റും ചെയ്തെങ്കിലും, ഒരു ഫ്രഷ് ഹോട്ട് വാട്ടർ ഷവറും ഞങ്ങളുടെ കൈപ്പുണ്യം കൊണ്ടു വിരിഞ്ഞ ഭക്ഷണവും ഉള്ളിൽ എത്തിയപ്പോഴേ അങ്കിളിന്റേം കൂടെ വന്നവന്റേയും മുഖം തെളിഞ്ഞുള്ളൂ.
ഡിന്നറിനു ശേഷം ഹാപ്പിയായി കാണപ്പെട്ട പുള്ളിക്കാരൻ ഞങ്ങളുടെ ഡീറ്റെയിൽസ് ചികയുന്നതിനിടയിൽ ചോദിച്ചു,
“ നിങ്ങളുടെ സ്ഥലവും വീടും ഇഷ്ടമായി, നല്ല ശാന്തത. ഇത്രേം വലിയ വീട്ടിൽ നിങ്ങൾ രണ്ടു പേർ മാത്രമോ? ”
“ അതെ അങ്കിൾ.. ഞങ്ങൾ രണ്ടുപേർ മാത്രമേ ഉള്ളൂ.”
“ ഓഹോ ”
കക്ഷിക്ക് ഞങ്ങളെ ആക്കാൻ ഒന്നും കിട്ടുന്നില്ല എന്ന് തോന്നി. അങ്ങോട്ട് ഒരു ചെറു പാര വെയ്ക്കാനും തീരുമാനിച്ചു.
“ അല്ല അങ്കിൾ മാർബിൾ നാട്ടിൽ നിന്നും വാങ്ങിയാൽ പോരായിരുന്നോ? ഇത്രയും പണിപ്പെട്ട്…. അല്ലേ?? ”
“ അത് അങ്ങനെ അല്ല. ഞാൻ വിശദമായി അന്വേഷിച്ചപ്പോ മനസ്സിലായത് ഇവിടെ കിട്ടുന്ന മാർബിളിനു ക്വാളിറ്റി കൂടും എന്നാണ്. അല്ലാതെ പൈസയ്ക്ക് വേണ്ടിയല്ല. ക്വാളിറ്റി ആസ്പെക്റ്റ് ശരിക്കും നോക്കുന്ന ആളാ ഞാൻ, എന്തിലും!! ”
“ ഓ ഐ സീ..”
“ ഹും. ആട്ടെ ഫോൺ വിളിച്ചപ്പോൾ നീയല്ലേ പറഞ്ഞത് വീട് ഹാർട്ട് ഓഫ് ദ സിറ്റിയിൽ ആണെന്ന്. ഇതിപ്പോ എത്ര ദൂരെയാ.. ബസ്സിൽ ഇരുന്നിരുന്ന് മടുത്തു, ഹൊ!! ഹാർട്ട് ഓഫ് ദ സിറ്റി എന്നൊക്കെ പറയുന്നതിൽ ഒരു ഒരു ലോജിക്ക് വേണ്ടേ? ” പുള്ളിയ്ക്ക് ഒരു പിടിവള്ളി കിട്ടിയ സന്തോഷമായിരുന്നു.
ഉടനെ മറ്റേ ബാച്ചി ചാടി വീണു.
“ അങ്കിൾ, ഈ ഹാർട്ട് ഹാർട്ട് എന്നു പറയുന്നത് എവിടാ?? ഹ്യൂമൻ ഹാർട്ട് ശരീരത്തിന്റെ ഇടത് മാറി അങ്ങ് മൂലക്കല്ലിയോ… അതാ ഇവൻ പറഞ്ഞത്. അപ്പോ ഞങ്ങളുടെ വീടും ഹാർട്ട് ഓഫ് ദ സിറ്റിയിൽ തന്നെയല്ലേ?? ”
ചമ്മിപ്പോയെങ്കിലും അതിലെ നർമ്മത്തെ ഉൾക്കൊള്ളാനുള്ള വിവരവും വിദ്യാഭ്യാസവും ഉള്ളതിനാൽ ചിരിച്ചു കൊണ്ട് ഗുഡ്നൈറ്റ് പറഞ്ഞ് ഞങ്ങൾ കാണിച്ച ബെഡ്റൂമിലേക്ക് കിടക്കാൻ അദ്ദേഹം പോയി.