ശബരിമല യാത്രാവിശേഷങ്ങൾ.

മഞ്ഞുപെയ്യുന്ന ഒരു മണ്ഡലകാലം കൂടി വന്നണഞ്ഞു. ഭക്തമാനസ്സങ്ങളിൽ മഞ്ഞിന്റെയും ഭക്തിയുടേയും കുളിരു കോരുന്ന മണ്ഡലകാലം. ഈ മണ്ഡലകാലത്താണ് മാലയിട്ട് അയ്യപ്പന്റെ പ്രതിരൂപമായി കഠിനമായ ശബരിമല കയറി അയ്യനെ കാണാൻ തീരുമാനിച്ചത്. ഒരു ഹാപ്പിയായ ബാച്ചിലർ കഴിഞ്ഞ അഞ്ചു വർഷക്കാലമാ‍യി മുടങ്ങാതെ മലകയറി സാക്ഷാൽ അയ്യനെ ദർശിച്ചിരുന്നു എങ്കിൽ ഈയുള്ള ബാച്ചിലറിന്റെ ഒന്നു രണ്ട് കൊല്ലത്തെ അതിയായ ആഗ്രഹ സഫലീകരണം കൂടിയായിരുന്നു ഈ കന്നിയാത്ര. ബ്ലോഗിലെ സുഹൃത്തുക്കളായ നിങ്ങളോടൊക്കെ പറഞ്ഞിരുന്നത് പോലെ നവംബർ ഇരുപതാം തീയതിയാണ് മാലയിട്ടത്. ഇവിടെ, ബാംഗ്ലൂരുള്ള വിജയബാങ്ക് ലേഔട്ടിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും പൂജിച്ച മാലയണിഞ്ഞ് അയ്യന്റെ പ്രതിരൂപമായി. പതിമൂന്ന് ദിവസം നീണ്ടുനിന്ന വ്രതം അനുഷ്ഠിച്ചു.

ഞങ്ങൾ രണ്ടുപേരടക്കം സംഘത്തിൽ ഏഴു സ്വാമിമാർ ഉണ്ടായിരുന്നു. അതിൽ മൂന്ന് കന്നിസ്വാമിമാരായിരുന്നു. നാല് കന്നഡ സ്വാമിമാരും ഒരു ആന്ധ്രാസ്വാമിയും. മാലയിട്ട അന്നു തന്നെ ഗുരുസ്വാമികൾ തന്റെ കടമ നിർവഹിച്ച് കന്നിസ്വാമിമാർക്ക് ഉപദേശങ്ങൾ നൽകി. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കുക, നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവൃത്തിക്കുക, എന്റ‌ർടെയിന്മെന്റ് എല്ലാം ഒഴിവാക്കുക, ബാച്ചിലർഹുഡ് നിലനിർത്തുക, മനസ്സ് ശുദ്ധമാക്കി നിർത്തുക. അന്ന് മുതൽ എന്റർടെയിന്മെന്റ് വിഭാഗത്തിലുള്ള ബ്ലോഗ്, ബസ്സ്, ടിവി, വായ്നോട്ടം എന്നിവയും, ചെരുപ്പ്, നോൺ-വെജ്, പകലുറക്കം, മടി അങ്ങനെ അങ്ങനെ പലതും ഉപേക്ഷിച്ചു. രാവിലെ 5 മണി എന്നൊരു സമയം ഉണ്ടെന്നും അപ്പോൾ എഴുന്നേറ്റ് ദിവസം തുടങ്ങിയാൽ ആ ദിവസം കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണെന്നും അറിഞ്ഞു. ഒഴിവു ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ടൈംസ് ഓഫ് ഇന്ത്യ തന്നെ. തലക്കെട്ടുകളും കായിക വാർത്തകളും സെലിബ്രിറ്റി ഗോസിപ്പുകളും മാത്രം നോക്കിയിരുന്ന ഞങ്ങൾ, ആ പത്രം എവിടെ നിന്നൊക്കെ പ്രസിദ്ധീകരിക്കുന്നു, പ്രസാധകന്റെ പേര്, എഡിറ്റോറിയൽ എന്നിവ വരെ വായിച്ചു നിർവൃതിയടഞ്ഞു. കൂടെയുള്ള കന്നഡ സ്വാമികൾ അവരുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ “ഭജന” സംഘടിപ്പിച്ചിരുന്നതിൽ അത്മാർത്ഥമായി പങ്കുകൊണ്ടു. എം.ടിവി മാത്രം കണ്ടിരുന്നവന്റെ വീട്ടിലെ കേബിൾ കട്ട് ചെയ്ത് ഭക്തി ചാനൽ മാത്രമാക്കിയാലത്തെ അവസ്ഥ. ചില്ലറ പരീക്ഷണങ്ങൾ ഉണ്ടായെങ്കിലും എല്ലാ പരീക്ഷണങ്ങളേയും നേരിട്ട്, ഡിസംബർ രണ്ടാം തീയതി മാലയിട്ട അയ്യപ്പക്ഷേത്രത്തിൽ നിന്നു തന്നെ ഇരുമുടിയും കെട്ടി അയ്യനെ കാണാൻ യാത്ര തിരിച്ചു.

യാത്ര നന്നായി പ്ലാൻ ചെയ്തിരുന്നെങ്കിലും ദിവസങ്ങളായി പെയ്ത് കൊണ്ടിരുന്ന മഴയും ലാലുവിന്റെ ഗരീബ് രഥവും പ്ലാനുകളൊക്കെ തകിടം മറിച്ചു. മൂന്നാം തീയതി വെള്ളിയാഴ്ച്ച രാത്രി ദർശനപുണ്യം സിദ്ധിക്കുമെന്ന് പ്രതീക്ഷിച്ച ഞങ്ങൾ പമ്പയിൽ നിന്നും പതിനെട്ടാംപടി വരെ എത്തിയപ്പോഴേക്കും ഹരിഹരസുതനെ നമ്മുടെ ഗാനഗന്ധർവ്വൻ ഹരിവരാസനം പാടി ഉറക്കി (ഗാനഗന്ധർവ്വന്റെ ഭാഗ്യമോർത്ത് അസൂയപ്പെട്ടു). പടിവരെ എത്തിയിട്ടു കാണാൻ കഴിയാത്തതിൽ സങ്കടം തോന്നിയ നിമിഷങ്ങൾ. പതിനൊന്നു മണിയ്ക്കു നടയടയ്ക്കുമെങ്കിലും രാത്രി മുഴുവനും പൊന്നുപ്പതിനെട്ടാംപ്പടി കയറാൻ അനുവദിക്കുമായിരുന്നത് കൊണ്ട്, പതിനെട്ട് പടി കയറി തൊഴുത് അയ്യനെ കാണാൻ വടക്കേനടയിൽ വീണ്ടും ക്യൂ നിന്നു. രാവിലെ നാല് മണിയ്ക്ക് വീണ്ടും യേശുദാസിന്റെ സുപ്രഭാതത്തോടെ ശബരിഗിരി ഉണരുകയായി. തളർന്നിരുന്നെങ്കിലും സുപ്രഭാതം കേട്ടതോടെ എല്ലാ വേദനകളും മറന്ന് തിക്കിത്തിരയ്ക്കുന്ന ക്യൂവിൽ നിന്നു. കൂട്ടത്തിലെ എല്ലാവർക്കും സാക്ഷാൽ കലിയുഗവരദന്റെ ദർശനം മുപ്പത് സെക്കന്റുകളോളം കിട്ടി എന്നത് വലിയൊരു കാര്യം തന്നെയാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കായി ഉപദൈവമായ ഗണപതിയുടെ കോവിലിൽ കെട്ടുന്ന മണി ഞങ്ങളിൽ മൂന്ന് പേർക്ക് കിട്ടി എന്നതും വളരെ സന്തോഷമുളവാക്കുന്നതായിരുന്നു. നെയ്യഭിഷേകത്തിനു ക്യൂ നിൽക്കാതെ അതിനായി പോകുന്ന സ്വാമിമാർക്ക് ഔട്ട്സോഴ്സ് ചെയ്ത് അരവണയും അപ്പവുമായി തിരിച്ച് മലയിറങ്ങാൻ തുടങ്ങി. ഗരീബ് രഥിലെ വൃത്തിയില്ലായ്മ(കാശ് കൂടുതൽ വാങ്ങിയിട്ടും സ്ലീപ്പർ ക്ലാസ്സിലുള്ള വൃത്തി പോലും എ.സി ത്രീ ടയർ കോച്ചിൽ ഇല്ല.), യാത്രയിൽ കണ്ട കേരളത്തിലെ പണിതീരാത്ത മേൽ‌പ്പാലങ്ങൾ, പമ്പയിൽ മുണ്ടും അടിവസ്ത്രങ്ങളും ഉപേക്ഷിക്കുന്ന സ്വാമിമാർ, യാതൊരു പാർക്കിങ്ങ് സെൻസുമില്ലാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, കാശ് വാങ്ങിയിട്ടും വെള്ളവും വൃത്തിയുമില്ലാത്ത പമ്പയിലെ ടോയ്ലറ്റുകൾ, ക്യൂവിൽ നിന്ന് അടികൂടുന്ന മലയാളി സ്വാമിമാർ, അമ്പലത്തിൽ തുപ്പുന്ന ചില സ്വാമിമാർ, ഇങ്ങനെ ഒട്ടനവധി മനസ്സിനെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സ്വന്തം ശകടമായ ആനവണ്ടിയിലെ സ്നേഹമുള്ള കണ്ട്ക്ടർമാരും ശ്രദ്ധാപൂർവ്വം ഓടിക്കുന്ന ഡ്രൈവർമാരും, സഹൃദയരായ പോലീസുകാരും(ഇവരെ കണ്ടാൽ തോന്നും ഇവരൊന്നും പോലീസേ അല്ല എന്ന്), തളർന്ന് പരവശരായ അച്ഛൻ സ്വാമിമാരൊപ്പം തളർന്നിട്ടും യാതൊരു തളർച്ചയുമില്ലാതെ മലകയറുകയും ഇറങ്ങുകയും ചെയ്യുന്ന കൊച്ചു കൊച്ചു സ്വാമികളും, മാളികപ്പുറങ്ങളും എല്ലാം മനസ്സിനു കുളിരേകുന്ന കാഴ്ചകളായിരുന്നു.

രാവിലെ പത്ത് മണിയ്ക്ക് പമ്പയിൽ നിന്നു പുറപ്പെട്ടു. പാർക്കിങ്ങ് സ്ഥലമായ നിലയ്ക്കലിൽ ഉണ്ടായ ഗതാഗതക്കുരുക്ക് കാരണം നാല് മണിയോട് കൂടി മാത്രമാണ് കോട്ടയത്ത് എത്തിയത്. അവിടെ നിന്നാണ് തിരിച്ചുള്ള വോൾവോ ബസ്സ് ബുക്ക് ചെയ്തിരുന്നത്. അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി എല്ലാവരും നാരങ്ങാവെള്ളം ഓർഡർ ചെയ്ത് ടോയ്ലറ്റിൽ കയറി “കാര്യം സാധിച്ചു”, ആശ്വസിച്ചു. എറണാകുളത്തിനിപ്പുറം എവിടെയോ ഊൺ കഴിക്കാൻ ബസ്സ് നിർത്തിയതും ഒരു ജ്യൂസിൽ വിശപ്പൊതുക്കിയതും മാത്രമാണ് പിന്നീടുള്ള ഓർമ്മ. രാവിലെ എട്ട് മണിയ്ക്ക് ബാംഗ്ലൂർ എത്തിച്ചേർന്നു. ഇവിടെയുള്ള മഡിവാളയിലെ അയ്യപ്പക്ഷേത്രത്തിൽ മാലയൂരി എല്ലാവരോടും യാത്ര പറഞ്ഞ് പിരിയുമ്പോൾ പതിനാറിലധികം മണിക്കൂർ ക്യൂവിൽ നിന്നത് കാരണം നടക്കാൻ ബുദ്ദിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ സന്തോഷമായിരുന്നു. ഫ്ലാറ്റിലെത്തി മാതൃഭൂമി തുറന്നപ്പോൾ ആ സന്തോഷത്തിനു അതിരുകൾ ഇല്ലാതായി. ആ ശനിയാഴ്ച്ച എന്തോ സ്പെഷ്യൽ ശനി ആയിരുന്നെത്രേ. ശനീശ്വരനെ ശനിയാഴ്ച്ച ദർശിക്കുന്നത് പുണ്യമാണ്. ഈ മണ്ഡലകാലത്തെ (അന്നുവരെയുള്ള)ഏറ്റവും തിരക്കേറിയ ദിവസമാണ് ഞങ്ങൾ എത്തിയത് എന്നിട്ടും നല്ല ദർശനം ഉണ്ടാ‍യത് അനുഷ്ഠിച്ച വ്രതശുദ്ധിയുടെ ഫലം തന്നെയെന്ന് വിശ്വസിക്കുന്നു. 

30 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

ബൂലോകത്തിലേയും ഭൂലോകത്തിലേയും ചില സുഹൃത്തുക്കളുടെ ആവശ്യപ്രകാരം വൈകിയെങ്കിലും ശബരിമല യാത്രാവിശേഷങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. വ്രതമനുഷ്ഠിച്ച സമയത്തെ ചില രസകരമായ അനുഭവങ്ങൾ അടുത്ത പോസ്റ്റിൽ…

Jazmikkutty said...

ഹാപ്പീസേ...ഹാപ്പിക്രിസ്തുമസ്....ഹാപ്പീസിനു ഇങ്ങനെ ഒരു കമെന്റെഴുതി വരുമ്പോഴേക്കും ദാ പുതിയ പോസ്റ്റ്‌...ഇനിയിപ്പം ഇതിവിടെ തന്നു യാത്രാ വിശേഷങ്ങള്‍ വായിക്കാം ട്ടോ...

Jazmikkutty said...

വായിച്ചു...വളരെ നന്നായി ദര്‍ശന ഭാഗ്യത്തെ കുറിച്ച്,പരിസരശുചീകരണത്തില്‍ ശ്രദ്ധയില്ലാത്ത ജനങ്ങളെ കുറിച്ചും,നിങ്ങളുടെ വ്രതശുദ്ധിയുടെ ഭാഗമായ ന്യൂസ്‌ പേപ്പര്‍ വായനയെ കുറിച്ചും,ഒക്കെ എഴുതിയിരിക്കുന്നു..നാരങ്ങാ വെള്ളം കുടിച്ചു കാര്യം സാടിച്ചത് വായിച്ചു ചിരിയും വന്നു..എല്ലാം കൊണ്ടും നന്നായി..ല്ലേ..?

ശ്രീനാഥന്‍ said...

സ്വാമി ശരണം, ഹാപ്പികളെപ്പോലുള്ള കുട്ടികളെ നല്ല കുട്ടികളാക്കാനാണീ മണ്ഡലക്കാലം. ഹിന്ദുക്കളുടെ റംസാൻ. എല്ലാ മതവും കുഞ്ഞാടുകളെ ശുദ്ധരാക്കാൻ ഇത്തരം ചിലത് കരുതിവെച്ചിട്ടുണ്ട്! (എന്നെ തല്ലെണ്ടമ്മാവാ ഞാൻ നന്നാവൂലാ ന്നാ പല കുഞ്ഞാടുമെന്നു മാത്രം) നന്നായി യാത്രാവിവരൺ, ആ ബോഞ്ചി കുടിച്ചത് റൊമ്പ പ്രമാദം!

അനീസ said...

അപ്പൊ വിചാരിച്ചാല്‍ ഹാപ്പി ക്കും നന്നാവാന്‍ പറ്റും,
"അന്ന് മുതൽ എന്റർടെയിന്മെന്റ് വിഭാഗത്തിലുള്ള ബ്ലോഗ്, ബസ്സ്, ടിവി, വായ്നോട്ടം എന്നിവയും, ചെരുപ്പ്, നോൺ-വെജ്, പകലുറക്കം, മടി അങ്ങനെ അങ്ങനെ പലതും ഉപേക്ഷിച്ചു.".. ഈ സ്ഥിതി തന്നെ മൈന്റൈന്‍ ചെയ്തു പോയ്ക്കുടെ, (ബ്ലോഗ്‌ ഉപക്ഷിക്കേണ്ട)
രാവിലെ 5 മണിക്ക് ഒക്കെ എഴുന്നേറ്റത് ഇത് കൊണ്ടായിരുന്നു അല്ലേ, ഹ്മ്മം,

ചാണ്ടിച്ചൻ said...

അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി എല്ലാവരും നാരങ്ങാവെള്ളം ഓർഡർ ചെയ്ത് ടോയ്ലറ്റിൽ കയറി “കാര്യം സാധിച്ചു”

ഈ "കാര്യം" എന്ന് പറഞ്ഞത് കഴിഞ്ഞ പത്തു പതിനഞ്ചു ദിവസങ്ങളായി ഒഴിവാക്കിയ കാര്യമല്ലേ....ആ ടോയ്ലെറ്റിലെ ഒളിക്യാമറ എല്ലാം ഒപ്പിയെടുത്തു കഴിഞ്ഞു....ഇനി തലയില്‍ ആ കറുത്ത മുണ്ടിട്ടു നടന്നോ....

മൻസൂർ അബ്ദു ചെറുവാടി said...

പുതിയത് വായിച്ചാ പഴയതില്‍ എത്തിയത്. പക്ഷെ രസകരം. നിങ്ങളെഴുതുമ്പോള്‍ മറിച്ചു വരില്ല. ഇനിയും വരട്ടെ വിശേഷങ്ങള്‍

Villagemaan/വില്ലേജ്മാന്‍ said...

ദര്‍ശന വിശേഷങ്ങള്‍ വായിക്കുന്നത് തന്നെ പുണ്യം..

ശ്രീ said...

തൊട്ടുമുകളിലെ കമന്റില്‍ പറഞ്ഞതു പോലെ ഇതു വായിയ്ക്കുന്നതു കൊണ്ടു കിട്ടുന്ന പുണ്യമെങ്കിലുമാകട്ടെ.

ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!

വേണുഗോപാല്‍ ജീ said...

സ്വാമി ശരണം.... ശരണവഴിയിലെ അനുഭവങ്ങൾ എല്ലാം മനോഹരമാണ്... പോലിസുകാരെ പരാമർശ്ശിച്ചതു നന്നായീ. അവരുടെ സർവീസ് നിസീമമാണ്...

Elayoden said...

ഗുരു സ്വാമി ഒരു ബ്ലോഗര്‍ ആയിരുന്നുവോ, നിങ്ങള്‍ ബ്ലോഗും നിറുത്തുവാന്‍?
എന്തായാലും, നല്ല വ്രതത്തിന്റെ ഫലമായി, ദര്‍ശനം വിചാരിച്ചപോലെ നടന്നല്ലോ..

ദര്‍ശന പുണ്യം കൂടാതെ നിങ്ങള്‍ കണ്ടെത്തിയ രണ്ടു സന്തോഷം അതൊന്നൂടെ കുറിക്കട്ടെ..

"കേരളത്തിന്റെ സ്വന്തം ശകടമായ ആനവണ്ടിയിലെ സ്നേഹമുള്ള കണ്ട്ക്ടർമാരും ശ്രദ്ധാപൂർവ്വം ഓടിക്കുന്ന ഡ്രൈവർമാരും, സഹൃദയരായ പോലീസുകാരും(ഇവരെ കണ്ടാൽ തോന്നും ഇവരൊന്നും പോലീസേ അല്ല എന്ന്)"

jayanEvoor said...

നല്ല വിവരണം.അഭിനന്ദനങ്ങൾ!

ഒ.ടോ: ചാണ്ടി എഞ്ചിനീയറിംഗ് പഠനകാലത്ത് മലയ്ക്കു പോയിട്ടുണ്ടോ എന്നൊരു സംശയം!? ഹി!ഹി!!

സ്വാമിശരണം!

sreee said...

നന്നായി ദര്‍ശനം കിട്ടിയെങ്കില്‍ അത് വ്രതം എടുത്തതിന്റെ പുണ്യം തന്നെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ബാച്ചീസേ...അപ്പോ തിരിച്ചു വന്നൂല്ലേ...
നന്നായി...പോയ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ തന്നെ നടന്നൂലോ ല്ലേ..
അപ്പോ ബാക്കി വിശേഷങ്ങള്‍ ഓരോന്നായി പോന്നോട്ടന്നേയ്..
നമ്മളിവിടെയൊക്കെ തന്നെ കാണും..

പട്ടേപ്പാടം റാംജി said...

ദര്‍ശനവും സന്തോഷത്തോടെ ഉന്മേഷത്തോടെ വായിക്കാനായി.

ഹംസ said...

ചിന്താവിഷ്ടയായ ശ്യാമള , ശ്രീനിവാസനെ പോലെ ഇതില്‍ ഒരു സ്വാമി പിന്നെ മാല ഊരിയില്ല എന്നു കേട്ടു ശരിയാണോ ? കേട്ടതാണെ ഞാന്‍ വിശ്വസിച്ചിട്ടില്ല... അങ്ങനെ ആ കൂറച്ച് ദിവസങ്ങളെങ്കിലും ഹാപ്പി നല്ല കുട്ടികളായല്ലോ....

Unknown said...

അപ്പൊ അത് ഭംഗിയായി നിര്‍വഹിച്ചല്ലേ,,,ഭാഗ്യം!

ഭക്തിയും വിശ്വാസവും ഇനിയും മുന്നോട്ടു നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Kalavallabhan said...

പച്ചയായ ജീവിതം കാണിച്ചു തരുന്നതാണ്‌ ശബരിമല യാത്ര. സുഖലോലുപതയിൽ കഴിയുന്നവർക്കും സ്വാമിയെ കാണണമെങ്കിൽ ഇങ്ങനെ തന്നെയെത്തണം.
സ്വാമിയേ ശരണം.

krishnakumar513 said...

നല്ല വിവരണം,അനുഭവങ്ങൾ ....അഭിനന്ദനങ്ങൾ!

Sukanya said...

ശബരിമലയിലെ വിശേഷങ്ങള്‍ എടുത്തു പറഞ്ഞിരിക്കുന്നു. അടിപിടി കൂടുന്ന സ്വാമിമാര്‍, തുപ്പുന്ന സ്വാമിമാര്‍ അങ്ങനെ എടുത്തു പറഞ്ഞിരിക്കുന്നു. ഈയിടെ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ രാവിലെ 6 മണിക്ക് തൃശൂര്‍ പോകാനായി ട്രെയിന്‍ കയറി. സ്വാമിമാരുടെ തിരക്ക്. സീറ്റ്‌ കണ്ടപ്പോള്‍ ഇരിക്കാന്‍ പോയി. ഇവിടെ ആളുണ്ടെന്നു മറ്റുള്ളവര്‍. സാരമില്ല നിക്കാം എന്ന് കരുതി. അവിടെ നില്‍ക്കുന്നത് തന്നെ അവര്‍ക്കെന്തോ പിടിക്കുന്നില്ല. മാറി നിന്നു. അപ്പോള്‍ ഒരു കാരണവര്‍ അവിടെ വന്നു. അദ്ദേഹവും ഇരിക്കാന്‍ തുടങ്ങി. അദ്ദേഹത്തെയും അവര്‍ വിലക്കി. നില്‍ക്കുന്നത് കൊണ്ട് നിങ്ങള്ക്ക് പ്രയാസമില്ലല്ലോ എന്നദ്ദേഹം. അപ്പൊ മറുപടി കേട്ട് ഞാന്‍ ഞെട്ടി. രാവിലെ തന്നെ ആ മലയാളി സ്വാമിമാരുടെ വായില്‍ നിന്ന് ആ വന്ദ്യവയോധികന് പാവം... ഇപ്പുറത്തെ ബേയില്‍ ആന്ധ്ര സ്വാമിമാര്‍, ഞങ്ങള്‍ക്കൊക്കെ അഡ്ജസ്റ്റ് ചെയ്ത് സീറ്റ്‌ തന്നു. നാണിച്ചുപോയി മലയാളികളുടെ "സംസ്കാരപെരുമ" കണ്ട്

Unknown said...

മാല ഊരിയപ്പോള്‍ എല്ലാം പഴയപടി ആയോ?!
:)
ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

മാല ഊരിയശേഷം നൊയമ്പുവീട്ടിയ കാര്യങ്ങൾ കൂടൊ അടിമുടി വിവരിച്ചെങ്കിൽ ബാച്ചീസിന്റെ ആ ബച്ചലറ് ലൈഫിലേക്ക് കൂടി ഒരു എത്തി നോട്ടം നടത്താമായിരുന്നു എന്നാശിച്ചത് വെറുതെയായി...

പുലിപിടിക്കാതെ ഈ ശരണയാത്ര ... ,
കമനീയമായി പങ്കുവെച്ചതിന് ഒരു അഭിനന്ദനം കൂടി പിടിച്ചോളു ..കേട്ടൊ

Wash'Allan JK | വഷളന്‍ ജേക്കെ said...

ഹാപ്പി ബാച്ചിലെര്‍സ് Vs ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കുക, നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവൃത്തിക്കുക, എന്റ‌ർടെയിന്മെന്റ് എല്ലാം ഒഴിവാക്കുക, ബാച്ചിലർഹുഡ് നിലനിർത്തുക, മനസ്സ് ശുദ്ധമാക്കി നിർത്തുക.

കേട്ടിട്ട് മോരും മുതിരയും പോലെയുണ്ട്. എന്തോ ഒരു ചേര്‍ച്ചയില്ലായ്മ

ജീവി കരിവെള്ളൂർ said...

മലയാളിക്ക് വ്രതശുദ്ധിയായാലും പരിസരശുദ്ധിയ്ക്ക് ഒട്ടും താല്പര്യമില്ലല്ലോ !
പാപങ്ങളൊക്കെ പുണ്യപമ്പയില്‍ കഴുകിയത് പറഞ്ഞില്ലാട്ടോ ...

lekshmi. lachu said...

നന്നായിരിക്കുന്നു.ഈ വിവരണം..
ഇതു വായിക്കുമ്പോ ചിന്താവിഷ്ടയായ
ശ്യാമള സിനിമയാണ് ഓര്‍മവന്നത്..
പാപങ്ങള്‍ എല്ലാം തീര്തില്ലേ..
അപ്പൊ ഈ വര്ഷം മുഴുവന്‍
ആ പുണ്യംനിലനില്‍ക്കട്ടേ...
എല്ലാ നനമകളും ഉണ്ടാകട്ടെ .
സുഖവും സന്തോഷവും ,സമാധാനവും
നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

സ്വപ്നസഖി said...

അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി എല്ലാവരും നാരങ്ങാവെള്ളം ഓർഡർ ചെയ്ത് ടോയ്ലറ്റിൽ കയറി “കാര്യം സാധിച്ചു”, ആശ്വസിച്ചു.

ഫൈവ്സ്റ്റാര്‍ ഹോട്ടലിലും നാരങ്ങവെളളമോ??? യാത്രാവിശേഷങ്ങള്‍ ഗംഭീരമായി

ഹാപ്പി ബാച്ചിലേഴ്സ് said...

ഈ വഴി വന്ന് അഭിപ്രായങ്ങളും ആശംസകളും നേർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

Ashly said...

സാമി ശരണം.

ഡീസെന്റ്‌ എഴുത്ത്, നിങ്ങടെ ബ്ലോഗ്‌ account ആരെങ്ങിലും ഹാക്ക്‌ ചെയ്താ ? ;)

എഴുത്തച്ചന്‍ said...

നല്ല വിവരണം. എന്തായാലും ശബരിമലയില്‍ പുലി ഇല്ലെന്നു ഉറപ്പായി, എന്നാ അടുത്തകൊല്ലം തൊട്ടു ഞാനും മുടങ്ങിപോയ എന്റെ ശബരിമല യാത്രാ തുടരും....

Sulfikar Manalvayal said...

യാത്രാ വിശേഷങ്ങളേക്കാള്‍, അവിടെ കണ്ട കാഴ്ചകളിലെ പോരായ്മകള്‍, അത് നന്നായി പറഞ്ഞു.
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ മേലധികാരികളുടെ ശ്രദ്ധയില്‍ കൂടെ പെട്ടിരുന്നെങ്കില്‍ , പാവം ഭക്തര്‍ അനുഭവിക്കുന്ന കഷ്ടപ്പാടില്‍ ചെറിയ ഒരളവ് മാത്രമാണ് പറഞ്ഞതെന്നറിയാം.
എങ്കിലും ഇതൊക്കെ കണ്ടും കെട്ടും, കാണേണ്ടവര്‍ കണ്ണടക്കുന്നു എന്നതിലാണ് സങ്കടം.

കാര്യങ്ങള്‍ നന്നായി പറയാനുള്ള കഴിവിനെ അനുമോദിക്കുന്നു.

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails