ഉത്സവപ്പിറ്റേന്ന്…

ഞാൻ: ആ, അമ്മാ പറയൂ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഇന്നലെ വിളിക്കാൻ സമയം കിട്ടിയില്ല.
അമ്മ: ഓ, അത് എപ്പോഴും അങ്ങനെ തന്നെയല്ലേ? നിനക്കെന്നാടാ സമയമുള്ളത്?
ഞാൻ: :-) അച്ഛൻ പോയോ? ദേഷ്യത്തിലാണോ? ഞാൻ നേരിട്ടു വിളിച്ചു സംസാരിച്ചോളാം. അപ്പോ ദേഷ്യം മാറിക്കോളും.
അമ്മ: ഹും. നാളെ ഇവിടെ ഹർത്താൽ ആണ്. അവൾക്ക് എക്സാമും.
ഞാൻ: ഓഹോ. എക്സാമോ? അപ്പോ അവളുടെ ക്ലാസ് തീർന്നോ?
അമ്മ: അത് ശരി, അപ്പോ ഞാൻ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ പറഞ്ഞതൊന്നും കേട്ടിട്ടില്ല, അല്ലെങ്കിൽ ഓർമ്മയില്ല എന്ന് സാരം. ഹും
ഞാൻ: ഹേയ്, അല്ല, അങ്ങനെയൊന്നുമില്ല. അവളെവിടെ എന്റെ പുന്നാരപെങ്ങൾ?
നാളെ ഹർത്താൽ ആണെങ്കിൽ എങ്ങനെ കോളേജിൽ പോവും? എക്സാം മിസ് ആവില്ലേ?
അമ്മ: അവളും ഫ്രണ്ട്സും കൂടി ഇന്ന് വൈകുന്നേരം ഹോസ്റ്റലിൽ പോവും
ഞാൻ: അതാണ്..ആതാണു. ഹോസ്റ്റലിൽ നിൽക്കാനുള്ള സൂത്രമാണിത്. അല്ലേ?
എന്നോട് പെർമിഷൻ ചോദിക്കണ്ടാ. അമ്മ തന്നെ നോക്കിയാൽ മതി.
അമ്മ: അല്ലെങ്കിലും നിന്റെ പെർമിഷൻ വേണ്ടാ എന്ന് ഇവിടെയിരുന്നു പറയുന്നുണ്ട്. ഹി ഹി.
ഞാൻ: ശരി, അമ്മയും മോളും കൂടി എന്ത് വേണേലും ആയ്ക്കോ. വേറെ വിശേഷങ്ങൾ?
അമ്മ: നീ അമ്പലത്തിലെ ഉത്സവത്തിനും തെയ്യത്തിനും വരുന്നുണ്ടോ?
ഞാൻ: ആഹ്..ഹും.. അതിപ്പോ.. എന്നാണത്?
അമ്മ: മെയ് 21,22,23,24. ഹും.
ഞാൻ: അപ്പോഴേക്കും ഞാൻ ബിസി ആവുമെന്ന് തോന്നുന്നു. ഒരു വർക്ക് വന്നിട്ടുണ്ട്. അതിന്റെ
തിരക്കിൽ ആവും. അല്ലെങ്കിൽ ഞാൻ വരാൻ ശ്രമിക്കാം.
അമ്മ: എനിക്കറിയാം. [അമ്മേ, ഏട്ടൻ വരില്ല അമ്മേ. ഏട്ടനു കുറച്ചിലും പരുങ്ങലും ഒക്കെയാ.
ഈ നാട്ടിൻ പുറത്തെ ആഘോഷത്തിനൊന്നും ഏട്ടൻ വരില്ല. ഏട്ടൻ സലിം കുമാർ ചതിക്കാത്ത ചന്തുവിൽ പറയുന്നത് പോലെയാ..ഹി ഹി]
[ഞാൻ കേൾക്കാൻ വേണ്ടിയാണ് അവൾ അത് പറഞ്ഞത്. സലിം കുമാർ, ചതിക്കാത്ത ചന്തു? ഏതാ ഡയലോഗ്? ഓ.. “ജാഡ തെണ്ടി….”]
ഞാൻ: അമ്മേ, അവളോട് അധികം കളിക്കണ്ട എന്ന് പറ. എന്നെ ജാഡ തെണ്ടി എന്ന് വരെ അവൾ വിളിച്ചു. ആഹാ. എനിക്കങ്ങനെ ജാഡയൊന്നുമില്ല. പക്ഷെ വരാൻ ഒരു മടിയില്ലാതില്ല.
അമ്മ: നീ വാ. കുറേ വർഷങ്ങൾ ആയില്ലേ? കൃത്യം പറഞ്ഞാൽ നീ +2 കഴിഞ്ഞ് ഇവിടെ ഉണ്ടായിട്ടില്ല.
ഡിഗ്രീ,പി.ജി,ജോലി 3+3=6+2=8 കൊല്ലം. 8കൊല്ലമായി നീ ഉത്സവത്തിനുണ്ടായിട്ട്.
അറിയാമോ? അച്ഛനും പറയുന്നുണ്ടായിരുന്നു “അവനൊന്നു വന്നു പോയ്ക്കൂടേ” എന്ന്.
ഇപ്രാവശ്യം വന്നേ പറ്റൂ. [അമ്മയുടെ ഫൈനൽ ഡിസിഷൻ ആയി.][ഹേയ്.. ഹൂ ഹൂ]
ഞാൻ: മാനേജരോട് ലീവ് അപ്രൂവ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കണം. അവളോട് അധികം കിടന്ന് കൂവാതെ നാളേക്കുള്ള പരൂക്ഷക്ക് പഠിക്കാൻ പറയൂ.
അനിയത്തി: ആഹാ അത്രയ്ക്കായോ ? ഞാൻ എല്ലാം കേൾക്കുന്നുണ്ടെടോ. താനാരുവാ?
ഞാൻ: നീ എന്തോ കൊണ്ട്രണം എന്ന് sms അയച്ചില്ലേ? അത് നമുക്ക് പിന്നെ ആലോചിക്കാം.
അനിയത്തി: അയ്യോ.. ഏട്ടാ പ്ലീസ്.. സോറി. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
ഞാൻ: ഹി ഹി ഹി. ഡി, ഞാൻ പിന്നെ സംസാരിക്കാം,അല്ലെങ്കിൽ sms അയക്കാം. ഫ്രണ്ട്
വിളിക്കുന്നു.Bye sweetie, take care. ആഹ് പിന്നേയ് All the best for exam.
അനിയത്തി: താങ്ക്സ്. ഉത്സവത്തിന് വരാൻ നോക്ക്. പ്ലീസ്,പ്ലീസ്.. ബൈ, മിസ് യു..

കുറച്ചേധികം നേരമായോ? ഹേയ് ഇല്ല. STD കാൾ അല്ലേ, no probs. ഇവിടെ ISD വിളിച്ച് skype-ൽ കിട്ടിയ girlsനോട് സൊള്ളുന്ന വിരുതന്മാരുണ്ട്. ഓഫീസ് ഫോണിന്റെ ഗുണം ഇതൊക്കെയാണ്. 

www.irctc.co.in അടിച്ചപ്പോൾ അയൽക്കാരൻ ക്യുബിക്കിൾ നിന്ന് എത്തി നോക്കുന്നു.
“ഓ irctc, റിസർവേഷൻ ഇല്ലാതെ നാട്ടിൽ പോവില്ലല്ലോ.. ഏതാണ് AC-3,or sleeper?? ജാഡ തെണ്ടി. റിച്ച് ഫാമിലി ലോട്ട് ഓഫ് മണി..” ഹും.. ഒന്നിന്നും മറുപടി പറയാൻ നിന്നില്ല.
ഡാ.. നീ നാട്ടിലേക്ക് വരുന്നുണ്ടോ?
ഇല്ലെടാ.. എനിക്ക് ഒന്ന് രണ്ട് certification ഈ മാസം തന്നെ ചെയ്താൽ കൊള്ളാമെന്നുണ്ട്. നീ പോയി വാ.. മാനേജറോട് ഞാൻ സംസാരിക്കാം.
അത് നല്ലതാ. നീ സംസാരിച്ചാൽ ഒരു മാസം വരെ ലീവ് കിട്ടാൻ സാധ്യത ഉണ്ട്. പിന്നേയ് നീ എന്തിനാ ജാഡ തെണ്ടി എന്ന് വിളിച്ചത്?
ഹി ഹി.. ഞാൻ പോയി പുള്ളിയെ കണ്ടിട്ട് വരാം.

ഏന്താണ് എല്ലാവരും ഇങ്ങനെ പറയുന്നത്? കൺഫ്യൂഷനായല്ലോ? സാധാരണ IT-കാർ കാണിക്കുന്ന ഒന്നും തന്നെ ഞാൻ കാണിക്കാറില്ല. ഓഫീസിൽ പോവുമ്പോഴും വരുമ്പോഴും ഏതെങ്കിലും ഒരു പ്രശസ്തനായ എഴുത്തുകാരന്റെ [പ്രത്യേകിച്ചും ഇംഗ്ലീഷ്] ബുക്ക് തുറന്ന് പിടിച്ചിരിക്കുക [വായിക്കരുത്], ബാക്കിയുള്ളവരെ പഞ്ചപുച്ഛത്തോടെ നോക്കുക, കയ്യിലുള്ള ബ്ലാക്ക് ബെറി വെറുതെ ഇടക്കിടെ പുറത്തെടുക്കുക, വോൾവോ ബസ്സിൽ ഇരിക്കുമ്പോൾ പലപല ഭാഷകളിൽ ഉറക്കെ വർത്തമാനം പറയുക etc etc..[കക്ഷി മലയാളി ആണെങ്കിൽ ഈ സ്വഭാവങ്ങളിൽ ഒന്നോ രണ്ടോ തീർച്ചയായും കാണിച്ചിരിക്കും..അനുഭവം ഗുരു.] അങ്ങനെ കുറേയുണ്ട്. ഒരു ബ്ലോഗ് ഉണ്ടായിരുന്നെങ്കിൽ കുറേ പോസ്റ്റുകൾ ഇടാൻ മാത്രമുണ്ട് ഒരു “ജാഡ തെണ്ടി” IT-കാരന്മാരുടെ സ്വഭാവ വിശേഷങ്ങൾ. ഇങ്ങനെയൊന്നുമല്ലല്ലോ ഞാൻ..പിന്നെ? why?? ദുഷ്ട്.. ലീവ് അപ്രൂവ് ആയിക്കിട്ടിയുടൻ തന്നെ യെശ്വന്ത്പുർ-കണ്ണൂർ നം.6517-നു റ്റിക്കറ്റ് ബുക്ക് ചെയ്തു. WL 38. You dont worry, അത് confirm ആവും.

A week later
2 മാസം മുമ്പ് നാട്ടിൽ പോയപ്പോൾ ഇത്രയും തിരക്കുണ്ടായിരുന്നില്ല, റ്റിക്കറ്റ് ഓകെ ആയത് കൊണ്ട് പ്രശ്നമില്ല. മൊബൈലിൽ പാട്ട് കേട്ട് കിടന്നുറക്കം പിടിച്ച് വന്നപ്പോഴേക്കും ആരോ പിടിച്ചു കുലുക്കിയുണർത്തി. TTR വീണ്ടും. ലാസ്റ്റ് മിനിറ്റ് confirmation ആയത് കൊണ്ടാവണം വീണ്ടും ചെക്കിങ്ങ്. ഛെ..ഉറക്കം കളഞ്ഞു.

വെറുതെ കിടന്ന് ഓരോന്നു ആലോചിക്കാൻ തുടങ്ങി. ചെറുപ്പം മുതലേ യാത്ര ചെയ്യുന്നതാണ് ട്രെയിനിൽ. എത്രയെത്ര യാത്രകൾ, എത്രയെത്ര കഥാപാത്രങ്ങൾ. ഒരു ബ്ലോഗ് എഴുതണം. [സമയം കിട്ടണം] സമയമുണ്ടാക്കി എഴുതണം. പലതും കുത്തികുറിക്കാൻ പറ്റും. നാടും നാട്ടുകാരും കൂട്ടുകാരും എല്ലാം. അവരിൽ നിന്നൊക്കെ അകന്ന് നിന്നിരുന്ന 7-8 വർഷങ്ങൾ, ബാല്യം, മുത്തശ്ശി അങ്ങനെ അങ്ങനെ..

ഏതാണ് ബെറ്റർ? സ്കൂളിൽ ചോറു വെച്ചിരുന്നെങ്കിലും മഴയത്ത് കുട പിടിച്ച് വീടിനടുത്തുള്ള കൂട്ടുകാരുടെ കൂടെ ഉണ്ണാൻ വന്നിരുന്നതോ[അപ്പോഴേ എനിക്ക് ജാഡയുണ്ടോ]..? നെൽകൃഷി സമയത്ത് ചെറിയ ചാലുകളിലൂടെ വെള്ളം വന്നിരുന്നതിൽ കടലാസ് തോണിയുണ്ടാക്കി കളിച്ചിരുന്നതോ? പാടത്ത് ഞാറു നടുമ്പോൾ ചെറിയച്ഛന്റെ ചീത്തയും കേട്ട് കൂട്ടുകാരോടൊപ്പം ഞാറു പണികാർക്ക് എറിഞ്ഞ് കൊടുത്തിരുന്നതോ? ഉത്സവ സമയത്ത് രാത്രിയിലുള്ള ഗാനമേളകൾക്കും മറ്റും, ലൈറ്റ് ഇല്ലാതെ തപ്പി പിടിച്ച് പോയിരുന്നതോ? അതോ… weekend ആയി എന്ന് അറിയിക്കുന്ന fridayകളിൽ dominos-ൽ പോയി മൂക്കറ്റം തിന്ന്, ഫ്രണ്ട്സിനു വെള്ളമടിക്കാൻ കമ്പിനി കൊടുക്കുന്നതോ? ശനിയാഴ്ച ഉച്ചയ്ക്കെഴുന്നേറ്റ് അൺലിമിറ്റഡ്-buffet കഴിച്ച് ക്ഷീണിച്ച് വീണ്ടും വന്ന് കിടന്നുറങ്ങുന്നതോ? ഞാറാഴ്ച രാവിലെ മാഗി ഉണ്ടാക്കി കഴിച്ച് surf-excel-ഉം ഡ്രെസ്സുകളുമായി മൽപ്പിടിത്തം നടത്തുന്നതോ? Priorities are very important in life..

വീട്ടിലെത്തിയത് മുതൽ ഒറ്റ പരിപാടിയേ ഉള്ളൂ, രാവിലെ നേരത്തേ 9:30-നു എണീറ്റ് കുളിച്ച് ഭക്ഷണം കഴിക്കുമ്പോഴേക്കും ഊണു റെഡിയാവും. ഊണ് കഴിച്ച് അമ്മയുമായി നാട്ടുപരദൂഷണങ്ങൾ ചോദിച്ചറിയുമ്പോഴേക്കും വൈകിട്ടത്തെ കാപ്പികുടി. അമ്മയുമായി ബന്ധുജനങ്ങളുടേയും നാട്ടുകാരുടേം പരദൂഷണം, അനിയത്തിയുമായി അടി, പടം കാണൽ, അച്ഛനുമായി വർക്ക് റിലേറ്റ്ഡ് ക്വറീസ്, കേരള രാഷ്ട്രീയ ചർച്ചകൾ അങ്ങനെ 2-3 ദിവസം പോയി. ഇനി ഉത്സവ ദിവസങ്ങൾ ആണ്. തൊട്ടടുത്ത വീടുകളിലെ കൂട്ടുകാരൊക്കെ ഗൾഫിലെ പൊരിവെയിലിൽ കിടന്ന് അദ്വാനിക്കുന്നവരാണ്. എല്ലാരും വരും. ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ച് നടന്നവരൊക്കെ കല്യാണം കഴിച്ച് കുടുംബപ്രാരാഭ്ദങ്ങളുമായി നടക്കുന്നവരാണ് [അവർക്കൊക്കെ എന്ത് വേണേലും ആവാം ഗൾഫ് അല്ലേ ഗൾഫ്..നമ്മൾ വെറും IT..ജാഡയില്ലാത്ത IT …]

മുത്തശ്ശിയോടും അച്ഛനോടും ഒക്കെയുള്ള ബഹുമാനം കല്യാണമൊക്കെ കഴിച്ച പിള്ളേർസ് എന്നോടും, “നിങ്ങൾ എന്നാ വന്നതു?” “നിങ്ങളോ??? നീ എന്നോ അല്ലെങ്കിൽ പഴയപോലെ പേരോ വിളിച്ചാൽ മതി. എന്തോ പോലെ..” എല്ലാരും വരുന്നുണ്ടോ?
ഹും, എല്ലാരും try ചെയ്യുന്നുണ്ട് വരാൻ, എനിക്ക് നേരത്തേ ലീവ് കിട്ടി 2-3 മാസത്തേക്ക് [വിസ വീണ്ടും ശരിയാക്കണമെന്നർത്ഥം].
നിങ്ങൾ, അല്ല..നീ മാത്രമാണു ഉത്സവത്തിനൊന്നും ഇല്ലാതിരുന്നത്. എല്ലാരും ഉത്സവത്തിനെങ്കിലും വരാൻ നോക്കാറുണ്ട്. ഹും..
ഹേ, നമ്മുടെ ഉദയൻ വരുന്നുണ്ടോ?
“അവനു വരാൻ പറ്റുമെന്ന് തോന്നുന്നില്ല. പോയിട്ടിപ്പൊ ഒന്ന്-ഒന്നര കൊല്ലമല്ലേ ആയിട്ടുള്ളൂ. വരുമ്പോ ഞാൻ അവനെ കണ്ടിരുന്നു, അവനു നല്ല സങ്കടമുണ്ട്. അവനു അവിടെ വല്യ താല്പര്യമില്ല. വരാൻ മാക്സിമം try ചെയ്യാൻ പറഞ്ഞു ഞാൻ. നമ്പർ വേണോ? വിളിക്കുന്നോ?“
[പിള്ളേർസിനു വന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു ഞാൻ. ബസ് കണ്ടക്ടർ, കോൺക്രീറ്റ് പണിയൊക്കെ ചെയ്തിരുന്നവർ maximum,try etc ഇംഗ്ലീഷ് വാക്കുകൾ എടുത്ത് അമ്മാനമാടുന്നു. ഓ ഗോഡ്… ഞാൻ ജാഡതെണ്ടി തന്നെ..]
ഇല്ല. ഇപ്പോ വേണ്ടാ. ഞാൻ മൊബൈൽ എടുത്തിട്ടില്ല. പിന്നെ തന്നാൽ മതി. അവനെ ഇത്തവണ കാണാൻ പറ്റുമെന്ന് തോന്നുന്നു. നമുക്ക് അടിച്ചുപൊളിക്കാം.

മെയ് 21. പിറ്റേന്ന് ഉച്ചയ്ക്ക്, അച്ഛന്റെ കൂടെ കസവിൻ കരയുള്ള, മലയാളത്തനിമയുള്ള വെള്ള കോടിയുടുത്ത് തെയ്യത്തിന് പോവുമ്പോഴും കൂട്ടുകാരെയൊക്കെ കണ്ടു. കുശലം പറയുന്നതിനിടയിൽ ഉദയനെ ചോദിക്കാൻ മറന്നില്ല. ഉദയൻ വരുന്നുണ്ട്. ഇന്നലെ രാത്രി അവന്റെ വീട്ടിലേക്ക് വിളിച്ചിരുന്നത്രേ.നാളെ രാവിലെ ഇവിടെ എത്തും. ഉദയനും ഞാനുമാണ് പണ്ടുമുതലേ കൂട്ട്. രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം. മാന്യൻ, എല്ലാകാര്യത്തിനും മുമ്പിൽ, അവരുടെ കുടുംബത്തിലെ എന്ത് ഫങ്ങ്ക്ഷനിനും ചുക്കാൻ പിടിക്കുന്നത് മൂപ്പരാണ്. വായാടി, ചിരിച്ച് കൊണ്ടേ ഇരിക്കും, എന്നെ എപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ ആക്കും [എല്ലാം എന്റെ നേർ വിപരീതം]. ഞങ്ങൾ ഒന്നു മുതൽ പത്ത് വരെ ഒരുമിച്ച് സ്കൂളിൽ പോയവരാണ്. ആ ഒരു സ്നേഹം എപ്പോഴുമുണ്ട്. ഞാറ്റുവേല പോലെ വല്ലപ്പോഴും നാട്ടിൽ വന്നിരുന്നെങ്കിലും കാണാൻ പറ്റിയിട്ടേ ഇല്ല. അല്ലറ ചില്ലറ ജോലികളുമായി ഹാസ്സൻ,ഗുൽബർഗ, ബെൽഗാം, ചിത്രദുർഗ അങ്ങനെ അലയുകയായിരുന്നു പുള്ളി. പിന്നെ, പണ്ട് മുതലേ നാട്ടിൽ നിലനിൽക്കുന്ന ട്രെൻഡ് അനുസരിച്ച്, ഏതോ ഒരു അളിയൻ ശരിയാക്കിത്തന്ന വിസയിൽ അറബിനാട്ടിലേക്ക്. പോവുന്നതിനു മുമ്പും അവിടെ എത്തിയിട്ടും ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു. ഹാ, എന്തായാലും വീട്ടിലെ ഹൈ കമാന്റിന്റെ ഉത്തരവ് പ്രകാരം വന്നപ്പോൾ ഒരു സുഖം തോന്നുന്നുണ്ട്. പഴയ കൂട്ടുകാരെ കാണുക, പഴയത് പോലെ [അല്ലെങ്കിലും] വർത്തമാനം പറഞ്ഞിരിക്കുക എല്ലാം ഒരു സുഖമാണ്. priorities are very important എന്ന് മനസ്സിലായി.

മെയ് 22. രാവിലെ 8 മണിക്ക് cnn-ibn news കണ്ടിരുന്ന അച്ഛൻ ഓടിക്കിതച്ച് upstairs-ലെ എന്റെ മുറിയിലെത്തി എന്നെ തട്ടിവിളിച്ചു. പതിവില്ലാത്ത സംഭവമായതിനാൽ ചാടിയെഴുന്നേറ്റു. എന്താ അച്ഛാ? എന്ത് പറ്റി? അച്ഛന്റെ മുഖത്ത് വല്ലാത്ത സങ്കടം നിഴലിക്കുന്നതായി തോന്നി. ഫ്ലാഷ് ന്യൂസ് "Air India Express Flight No.812 from dubai to mangalore crashed in mangalore.." എന്ത്? ഒന്നും മനസ്സിലായില്ല. താഴെയെത്തി TV-ൽ നോക്കുമ്പോഴാണ് മനസ്സിലായത്. ഈശ്വരാ.. ഇതിലല്ലേ? ഞാൻ അച്ഛനെ നോക്കി, അച്ഛൻ എന്നേയും.. മനസ്സ് അറിയാതെ പ്രാർത്ഥിച്ചു, ആ 8 survivors-ൽ ഉദയൻ ഉണ്ടാവണേ.. പുറത്ത് പോയി കാതോർത്തപ്പോൾ കരച്ചിലുകൾ ഉയരാൻ തുടങ്ങിയിരുന്നു.

ഒന്നിനും ഒരു ഉഷാറില്ല. 2-3 ദിവസമായി TV-യുടെ മുമ്പിൽ തന്നെയാണ്. എങ്ങോട്ടും പോവാൻ തോന്നുന്നില്ല. ഞങ്ങളെല്ലാവരേയും ഒരേ പോലെ നോക്കിയിരുന്ന അവന്റെ അച്ഛനെയും അമ്മയേയും ഒക്കെ എങ്ങനെ face ചെയ്യും? കത്തിക്കരിഞ്ഞതിനാൽ പല ബോഡികളും തിരിച്ചറിയാൻ പറ്റുന്നില്ലത്രേ. DNA-test ചെയ്തിട്ട് വേണം ബോഡി identify ചെയ്യാൻ. അവന്റെ റിലേഷനിലുള്ള കൂട്ടുകാരെ കണ്ടപ്പോ അവർ പറഞ്ഞത്, ലീവ് കിട്ടാതെ ബോസ്സുമായി അടിയുണ്ടാക്കിയിട്ടാണ് 4 ദിവസത്തെ ലീവ് ഒപ്പിച്ചത് എന്നാണ്..ഈശ്വരാ..ലീവ് കിട്ടേണ്ടിയിരുന്നില്ല. മരണം മാടി വിളിച്ചാൽ എന്ത് ചെയ്യാനൊക്കും? വേണ്ട, ഒരുപിടി മാംസകഷ്ണമായി അവനെ എനിക്ക് കാണണ്ട. ആരേയും കാണണ്ട. “ അമ്മേ ഞാൻ ഇന്നു ഉച്ചയ്ക്കുള്ള സൂപ്പർഫാസ്റ്റിൽ തിരിച്ച് പോവാണ്[യാതൊരു ജാഡയുമില്ലാതെ..] വിഷമിക്കരുത്. എനിക്കിപ്പൊ ഇവിടെ എന്തോ ശ്വാസം മുട്ടുന്നു. പ്ലീസ്” ഒരു അമ്മ ഹൃദയത്തിനു എല്ലാം പെട്ടന്ന് മനസ്സിലാവും.. “നീ പോയ്ക്കോ”

ബാംഗ്ലൂർ സൂപ്പർഫാസ്റ്റിൽ കേറി ഇരിക്കുമ്പോൾ മനസ്സു നിറയെ അവ്യക്തമായ ചിന്തകളായിരുന്നു. വരേണ്ടിയിരുന്നില്ല. ഇവിടെ ഇല്ലായിരുന്നെങ്കിൽ ചിലപ്പൊ ഇത്രയും ഫീൽ ആവില്ലായിരുന്നു. Weekend-ഉം പിസ്സയും തുണിയലക്കലുമൊക്കെയായി കഴിഞ്ഞു കൂടിയാൽ മതിയായിരുന്നു….

6 comments:

Mansoor Sulaiman said...

Nice one da...Keep writing...Mr.V.. :)

Shareef said...

ithu evideyoo vaayichethupoolee...

nice one... keep writing...

Umesh Pilicode said...

:-)

പട്ടേപ്പാടം റാംജി said...

ആശംസകള്‍

Unknown said...

i know this story dear...ha ha..thread got from ur frend ah?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതുപോലൊന്ന് ഞാന്‍ വേറെ ഒരു ബ്ലോഗില്‍ വായിച്ചിരുന്നു...

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails