അറബ് നാടുകളിലെ അറബികൾ കഷ്ടപ്പെട്ട് എണ്ണക്കിണറ്റിൽ കിടന്നു പണിയെടുത്തും ഒട്ടകത്തിന്റെ പാലുകറന്നുമൊക്കെ ഉണ്ടാക്കുന്ന റിയാലും ദിനാറും ഇൻഡ്യൻ കറൻസികളായി ഒഴുകിയെത്തുന്ന വടക്കൻ കേരളത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ചേറൂർക്കുളം. ചന്തുവിന്റെ ഇമാജിനറി “തോട്ടക്കാട്ടുക്കര” പോലെയൊന്നുമല്ല, മേല്പറഞ്ഞ ഒറ്റക്കാരണം കൊണ്ട് തന്നെ ഈ ഗ്രാമം പ്രശസ്തമാണ്. നേരം “പര പരാ” വെളുത്തു എന്ന് പറയുന്നത് പോലെ, വേനൽക്കാലമായി എന്ന് വിളിച്ചറിയിക്കുന്ന കുടങ്ങളുടെ കൂട്ടിമുട്ടൽ ശബ്ദങ്ങൾ വീടുകളിൽ മുഴങ്ങാൻ തുടങ്ങുന്നതിനു മുമ്പു തന്നെ പാവങ്ങളുടെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായി മാറുന്ന ഒരു വലിയ കുളമാണ് ഈ ഗ്രാമത്തിനു ഈ പേര് നേടിക്കൊടുത്തത്. സത്യവും നീതിയും സമാധാനവും സാഹോദര്യവും ഒക്കെ കളിയാടുന്ന ഈ ഗ്രാമത്തിലെ യു.പി സ്കൂളിൽ പഠിക്കുന്ന മൂന്നു സുഹൃത്തുക്കളാണ് ഇസ്മായിലും നിസ്സാമും രമേശനും. അവരുടെ ലോകത്തേക്ക്…
അയൽവാസികളായ ഈ സുഹൃത്തുക്കൾ ഒരുമിച്ചാണ് സ്കൂളിലേക്കുള്ള പോക്കും വരവും എക്സ്ട്രാ കറിക്കുലർ ആക്റ്റിവിറ്റീസ് ആയ “കുളിസീൻ“ കാണലും ഒക്കെ. ഭാരതപ്പുഴയെ നാണം കെടുത്തുമാറ് നിറഞ്ഞൊഴുകുന്ന തോട്ടിൽ, അയല്പക്കത്തെ സുന്ദരികളുടെ കുളികാണൽ ആണ് സ്ഥിരം ഹോബി. ഏഴാം ക്ലാസ്സിലെത്തി നിൽക്കുന്ന ഇവർ തമ്മിൽ അല്ലറ ചില്ലറ പ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഒരു ക്ലാസ്സിൽ “തറോ” ആയി പഠിക്കുകയാണെങ്കിൽ ഒന്നു രണ്ടു വർഷം വേണ്ടിവരും എന്നുള്ള ഒറ്റകാരണത്താലാണ് ഇസ്മായിൽ സ്വന്തം സഹോദരനും കൂടിയായ നിസ്സാമിന്റെ കൂടെ ആയത്. ആ പ്രായകൂടുതൽ പുള്ളിയെ ഗാങ്ങ് ലീഡർ ആക്കി. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ IITയും IISഉം എഴുതിയെടുത്ത നോർത്ത് ഇൻഡ്യൻ ചെക്കന്റെ ഇന്റലിജെൻസ് ഒന്നും ഇതിനാവശ്യമായിരുന്നില്ല. മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന അനിയനും കാശുകാരന്റെ കീശകണ്ടാൽ അവന്റെ പിന്നാലെ കൂടുന്ന സ്വഭാവക്കാരനുമായ രമേശനേയും നയിക്കാൻ പ്രാപ്തനായിരുന്നു ഇസ്മായിൽ. പുള്ളിയാണ് പല തീരുമാനങ്ങളും എടുത്തിരുന്നത്, പ്രത്യേകിച്ചും “ഓപ്പറേഷൻ കുളികാണലിൽ”.
വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികളെ വട്ടം കറക്കുന്ന മഴയെത്തി. കുളം ചേറു നിറഞ്ഞ് “ചേറൂർക്കുളമായി”. ആദ്യദിവസം തന്നെ ജോസ് മാഷ് പുതിയ അതിഥിയെ പരിചയപ്പെടുത്തി-ഇസ്മായിൽ. സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് “തറോ” ആയി പഠിക്കുന്നതിന്റെ ആ ഞെട്ടുന്ന സത്യം ഇസ്മായിൽ വെളിപ്പെടുത്തിയത്. “നിന്റെ ക്ലാസ്സിലെ, അല്ല നമ്മുടെ ക്ലാസ്സിലെ ബീഫാത്തുമ്മാനെ നിനക്കറിയാലോ? അവളെ എനിക്കൊത്തിരി ഇഷ്ടാണ്..” “ഞാൻ പോയി വീട്ടിൽ പറയട്ടെ?” അതായിരുന്നു നിസ്സാമിന്റെ ആദ്യ പ്രതികരണം. ഇൻസ്റ്റന്റ് ആയി മണ്ടത്തരം പറയാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ആവോളം കിട്ടിയിട്ടുള്ളത് കൊണ്ട് എല്ലാർക്കും ഇഷ്ടമുള്ള ഒരു കോമാളി കഥാപാത്രമാണ് നിസ്സാം. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനെ അനുസ്മരിപ്പിക്കുന്ന പ്രകൃതവും, പുള്ളിയെ കടത്തിവെട്ടുന്ന കോംപ്ലക്സുമുള്ള രമേശനു പ്രേമവിഷയങ്ങളിൽ വല്യ സാങ്കേതിക പരിജ്ഞാനം ഇല്ലെങ്കിലും സംഭവം സീരിയസ്സാണെന്നു മനസ്സിലായി. “ഇനി എന്താ പ്ലാൻ?”. “അവളോട് പറയണം”. നല്ല ഉയരം, ചുവന്നു തുടുത്ത കവിളുകൾ, ഫോറിൻ ബീച്ചുകളിലെ തെളിനീർ പോലെ തെളിച്ചമുള്ള കണ്ണുകൾ, തട്ടത്തിന്റെ ഇടയിൽ കൂടി മുഖത്ത് എപ്പോഴും വീണുകിടക്കുന്ന മുടി അങ്ങനെ നീണ്ട് പോകുന്നു ഫീച്ചേഴ്സ്. ഇതൊക്കെ കൂടാതെ ക്ലാസ്സിലെ ഒന്നാം റാങ്കുകാരിയാണ്.
“എടാ നീ ലാസ്റ്റാണ്, എങ്ങനെ വീഴ്ത്താനാ?”.
“അതൊക്കെ എളുപ്പമാടാ. പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ, പ്രേമത്തിനു കണ്ണില്ലാ എന്ന്. അത് ഇപ്പൊ തിരുത്തിയെഴുതിയിട്ടുണ്ട്“. “പ്രേമത്തിനു വിവരവുമില്ല, വിദ്യാഭ്യാസവുമില്ല” എന്നാക്കിയിട്ടുണ്ട്. ഏത് അണ്ടനും അടകോടനും വരെ പ്രേമിക്കാം.. കയ്യിൽ കാശുണ്ടായാൽ മതി.
രമേശന്റെ മുഖം മങ്ങി. എടാ നിനക്ക് വരെ പ്രേമിക്കാമെന്ന്.. നിസ്സാം അപ്പോഴും വളിച്ച ചിരിചിരിച്ചു.
ഓപ്പറേഷൻ തീരുമാനിച്ചു. ഉച്ചക്കഞ്ഞിക്ക് ക്ലാസ്സ് വിടുമ്പോൾ, പ്രാന്താശുപത്രിയിലെ ഗേറ്റിൽ ബിരിയാണി കൊടുക്കുന്നുണ്ട് എന്ന് സലിം കുമാർ പറഞ്ഞുപറ്റിച്ച് അങ്ങോട്ട് ഓടുന്ന പ്രാന്തന്മാരെ പോലെ, എല്ലാരും പോവുമ്പോൾ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട്രുന്നവർ മാത്രം ക്ലാസ്സിൽ ബാക്കിയാവും. രണ്ട് മൂന്നു പേരേ ഉള്ളൂ. ആ സമയത്ത് കത്ത് കൊടുക്കണം. ലോകാരംഭം മുതൽക്ക് നിലനിൽക്കുന്ന ഒരു കീഴ്വഴക്കം പോലെ, ലീഡർ തീരുമാനിച്ചു, മെമ്പേഴ്സ് ശരിവെച്ചു. എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നു. കത്ത് കൊടുത്തു. പ്രായത്തിന്റെ അറിവില്ലായ്മയാണോ അതോ കഥാനായകനോടുള്ള പ്രണയമോ എന്നറിയില്ല, നായിക കത്ത് ചിരിച്ച് കൊണ്ട് തന്നെ വാങ്ങി. പൊട്ടിച്ച് വായിക്കാനും തുടങ്ങി. “പ്രിയ ബീപ്പാത്തു, നിന്നെ ഒരുപാട് കാലമായി ഞാൻ ശ്രദ്ധിക്കുന്നു. എന്റെ ഖൽബിൽ നീ കുടിയേറി കഴിഞ്ഞിട്ട് കുറച്ച് കാലമായി. നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഏഴാം ക്ലാസ്സ് തോറ്റത്…..” മാനം കറുത്തു. കാർമേഘങ്ങൾ ഉരുണ്ടുകൂടി. പേമാരി ഭൂമിയിലേക്ക് ആഞ്ഞടിച്ചു. കൊടും മഴയത്തും കാറ്റത്തും പോപ്പിക്കുടയില്ലാതെ നനഞ്ഞുകുളിച്ച അമ്പലമുറ്റത്തെ ആലില പോലെ ഇസ്മായിൽ നിന്നു വിറച്ചു. സംഭവം സ്റ്റാഫ് റൂമിലെത്തി. ചൂടൻ ജോസ്മാഷ് പാരെന്റ്സിനെ വിളിപ്പിച്ചു. “ഹാജിയാർ“ സ്ഥലത്തില്ലാത്തതിനാൽ അന്തർജനം ബുർക്കയുമണിഞ്ഞു സ്കൂളിലെത്തി പ്രശ്നപരിഹാരം നടത്തി. എല്ലാം നുമ്മ നുമ്മ ആയത് കാരണം പ്രശ്നം പറഞ്ഞൊതുക്കാൻ എളുപ്പമായിരുന്നു. ഏഴാം ക്ലാസ്സിലെ വില്ലന്മാർ മൂന്നുപേർ ആയി ഇസ്മായിലും അവന്റെ കൂടെ ഇരിക്കുന്നത് കൊണ്ട് രമേശനും നിസ്സാമും. പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും.
കൊല്ലാവസാന പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന മൂവർ സംഘത്തിന്റെ അടുത്തേക്ക് ഓടിവന്ന് ബീഫാത്തുമ്മ ഒരു ചെറിയ കടലാസ് തുണ്ട് ഇസ്മായിലിന്റെ ബുക്കിൽ വെച്ചിട്ട് ഓടി മറഞ്ഞു. വിശ്വസിക്കാനാവാതെ അതെടുത്ത് നോക്കിയ ഇസ്മായിലിന്റെ കണ്ണിൽ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനേക്കാളും വലിയ വെടിക്കെട്ട് നടന്നു.
“ഇങ്ങളെ എനിക്കിഷ്ടാണ്…” .
“ഞാൻ കല്യാണം നടത്താൻ വീട്ടിൽ പറയട്ടെ?” നിസ്സാം ചോദ്യം ആവർത്തിച്ചു.
“ഒന്നു പോടാ...മ മ മ്മ.. അല്ലെങ്കിൽ അത് വേണ്ടാ.. മത്തങ്ങാത്തലയാ..”
പിന്നെ പ്രണയത്തിന്റെ നാളുകളും ഹൈസ്കൂളും. വേറെ വേറേ സ്കൂളുകളിൽ ആയത് കൊണ്ട് സ്കൂൾ വിട്ടുവരുന്ന വഴി മാത്രമേ ബീഫാത്തുവിനെ കാണാറുള്ളൂ. അപ്പൊ മൂവർ സംഘം പിരിയും പഞ്ചാബി ഹൌസിലെ അമ്മാവൻ പറയുന്നപോലെ മണ്ടനും പോവും പൊട്ടനും പോവും. യുവമിഥുനങ്ങൾ ഒന്നിച്ച് മിണ്ടിയും പറഞ്ഞും വീട്ടിലേക്ക് നടക്കും.
മൂന്ന് കൊല്ലം കണ്ണടച്ച് തുറക്കും പോലെ കടന്നുപോയി. എല്ലാം പഴയപടി തന്നെ. നിസ്സാമിന്റെ മണ്ടത്തരങ്ങൾക്ക് കുറവൊന്നുമില്ല, രമേശന്റെ കോംപ്ലക്സിനും. ബീഫാത്തുമ്മയുടെ ബാപ്പയ്ക്ക് അസുഖമായതോടെ അവളുടെ പഠിത്തം മുടങ്ങി. ഇത് ഇസ്മായിലിന്റെ കണ്ടുമുട്ടലുകളെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചു. പരസ്പരം കാണാനുള്ള അവസരങ്ങൾ ഇല്ലാതെയായി. പത്താം ക്ലാസ്സ് പരീക്ഷയുടെ തലേന്നാണ് അവസാനമായി കണ്ടത്. “നന്നായി പഠിച്ച് ഉദ്യോഗം ഒക്കെ നോക്കണം, നമ്മുക്ക് വേണ്ടിയല്ലേ..” എന്ന് ഇടറുന്ന സ്വരത്തിൽ പറഞ്ഞത് ഓർമ്മയുണ്ട്. പക്ഷെ പരീക്ഷാ ഫലം വന്നപ്പോൾ ചെമ്മീന്റെ ചട്ടിയിലുള്ള ചാട്ടം നിന്നു. എന്നാലും ജീവിതത്തിൽ ആശിച്ചത് നേടണമെന്നുള്ള വാശി ഇസ്മായിലിനെ അലസനാക്കിയില്ല. തന്തയ്ക്ക് കാശ് ഉള്ളത് കൊണ്ട് ജ്വാലി അന്വേഷിച്ച് എങ്ങും പോകേണ്ടിയും വന്നില്ല. സ്വന്തം തടിമില്ലിൽ ബാപ്പാന്റെ കൂടെ രാവിലെ നേരത്തെ പോവുക. പണി പഠിക്കാൻ ആണ്. അത് അത്ര എളുപ്പമല്ലായിരുന്നു…
മൊയ്തീൻ കുട്ടി ഹാജിയാർ നാട്ടിലെ പ്രമാണിയാണ്. എളുപ്പമല്ലാത്ത കാര്യമായിട്ടു കൂടി കടബാധ്യതകൾ ഒന്നുമുണ്ടാക്കാതെ വളരെ ചെറുപ്പത്തിൽ തന്നെ ഹജ്ജിനു പോയി, ഹാജിയാരായി. മതപരമായ എന്ത് കാര്യത്തിനും മുന്നിലുണ്ടാവും ഹാജിയാർ. മറ്റുമതങ്ങളെപ്പറ്റിയുള്ള അപാര പാണ്ഡിത്യം, സഹജീവികളോടുള്ള സ്നേഹം, കൃത്യനിഷ്ഠ എല്ലാം ഹാജിയാരുടെ സ്വഭാവ സെർറ്റിഫിക്കറ്റിലെ പൊൻതൂവലുകളായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്നോളം മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള ഹാജിമാർക്ക് കളങ്കമുണ്ടാക്കുന്ന സ്വഭാവമല്ലായിരുന്നു മൊയ്തീൻ കുട്ടി ഹാജിയാരുടേത്. മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ സ്വഭാവമാണെങ്കിലും രാമനല്ല ഇഷ്ട ദൈവം, മറിച്ച് പതിനാറായിരത്തെട്ട് “ഒയ്ഫുകളുമായി” ആറാടുന്ന കള്ളകൃഷ്ണനാണ് ഹാജിയാരുടെ ഐക്കൺ. ഹാജിയാർക്കും കലശലായ റോമാൻസിന്റെ അസുഖം ഉണ്ടായിരുന്നു. അസുഖം മാറാൻ ടാബ്ലറ്റ് ആയി മൂന്ന് കെട്ടിയതാണ്. സഖചരീകരണം സ്ഥിരമായിരുന്നെങ്കിലും, കുടുംബാസൂത്രണം പ്രായോഗികമാക്കി സമൂഹത്തിനു മാതൃകയായ ആളാണ് ഹാജിയാർ. ഫസ്റ്റ് വിക്കറ്റ് പാർട്ണർഷിപ്പിൽ ഇസ്മായിലും കൊച്ച് പെങ്ങളും, സെക്കന്റ് വിക്കറ്റിൽ നിസ്സാമും. മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി. എല്ലാരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഹാജിയാർ മക്കളോട് മാത്രം ഇത്തിരി കടുപ്പത്തോടെയാണ് പെരുമാറിയിരുന്നത്. അതിനു ഒരു തിയറിയും ഉണ്ടായിരുന്നു, സ്നേഹം കാണിച്ച് പിള്ളാരെ വഷളാക്കരുത്..
അങ്ങനെ തടിമില്ലും മലഞ്ചരക്ക് വ്യാപാരവുമായി ഇസ്മായിൽ ഓടിനടക്കുന്ന കാലം. ഹാജിയാർ പുത്രന്റെ ബിസിനസ്സ് ഇണ്ട്രസ്റ്റ് കണ്ട് സംപ്രീതനായി ഭാര്യാസഹോദരൻ ഖാദറിന്റെയും കാര്യസ്ഥനായ രമേശന്റെ അച്ഛൻ നാണുവിന്റെയും കൂടെ ഇസ്മായിലിനു ആദ്യത്തെ അസ്സൈന്മെന്റ് കൊടുത്ത് കർണാടകയിലെ ചിക്കമഗളൂരിലേക്ക് വിട്ടു. ഡീലിങ്ങ്സ് ഒക്കെ കണ്ട് നേരിട്ട് പഠിക്കാൻ. ഒന്നു രണ്ടാഴ്ചത്തെ ട്ട്രിപ്പ്. പഴയ കൊക്കകോള പരസ്യം പോലെ ഈറ്റ് ബിസിനസ്സ്, സ്ലീപ്പ് ബിസിനസ്സ്, ഡ്രിങ്ക് ബിസിനസ്സ് ആണെന്നു വിചാരിക്കാറുണ്ടെങ്കിലും ഇസ്മായിലിന്റെ മനസ്സു നിറയെ ബീഫാത്തു മാത്രമായിരുന്നു. ഇരിപ്പുറപ്പിച്ച് കാലുനീട്ടാറാവുമ്പോൾ തന്നെ ബാപ്പാനോട് കാര്യം പറയണം, അല്ലെങ്കിൽ ഏതെങ്കിലും ഗൾഫ്കാരൻ ജാഡതെണ്ടി റെഡിയായി വരും കൊത്തിക്കൊണ്ട് പോവേം ചെയ്യും. ഏഴാം ദിവസം രാവിലെ ഇസ്മായിലും പരിവാരങ്ങളും താമസിക്കുന്ന ഹാജിയാരുടെ വീട്ടിലേക്ക് ഫോൺ കോൾ എത്തി, ഉമ്മാന്റെ വക. “ഇക്കാ ഇങ്ങള് പെട്ടന്ന് വരണം.. ഇവിടെ ഇത്തിരി പ്രശ്നമുണ്ട്. ” കാക്കയാണ് ഫോൺ എടുത്തത്. ഉമ്മാ വിഷമിച്ചിരിക്കുവാണല്ലോ? എന്തോ സീരിയസ് പ്രശ്നമുണ്ട്. എല്ലാ പരിപാടികളും കാൻസൽ ചെയ്ത്. തിരിച്ച് യാത്ര തുടങ്ങി. അവിടെ എന്തോ ഗംഭീരമായ പ്രശ്നം, എനിക്കിവിടെ പ്രേമജ്വരം. ഛെ..എത്ര ശ്രമിച്ചിട്ടും ബീഫാത്തുവല്ലാതെ ഒന്നും കണ്ണിൽ തെളിയുന്നിലല്ലോ? ഇസ്മായിൽ ആത്മഗതം പറഞ്ഞു.
നാട്ടിലിറങ്ങി ഓട്ടോ പിടിച്ച് വീട്ടിലേക്ക് തിരിച്ചു. രമേശന്റെ വീട് കടന്ന് വേണം ഇസ്മായിലിന്റെ കൊട്ടാരമെത്താൻ. വീട്ടിലേക്ക് നടക്കുമ്പോൾ പടിക്കൽ തന്നെ രമേശൻ നിൽപ്പുണ്ട്. ഇസ്മായിലിനെ നോക്കി ഒരു വളിഞ്ഞ ചിരിചിരിച്ചിട്ട് പെട്ടന്ന് ദു:ഖഭാവം പുറത്തെടുത്തു. എന്തോ സീരിയസ്സ് മാറ്റർ ആണ്. ബാപ്പയ്ക്കെങ്ങാനും? ഹേ..ഹേയ് ഇല്ല. വീട്ടിൽ നിറയെ ആളുകൾ, ഒന്നും മനസ്സിലായില്ല. കാക്കാന്റെ പെട്ടിയുമെടുത്ത് പിന്നിലൂടെ അകത്ത് കേറിയപ്പോൾ, കരഞ്ഞ് കലങ്ങിയ കണ്ണുമായി മൂന്ന് അമ്മമാർ ഇരിക്കുന്നു. ആധിയോടെ ചോദിച്ചു. “ഉപ്പാ എവിടെ?“. മുക്കണ്ണൻ തൃക്കണ്ണ് തുറന്നത് പോലെ കണ്ണുരുട്ടിക്കൊണ്ട് ദേഷ്യത്തോടെ ഇളയമ്മ പറഞ്ഞു, “മുമ്പിൽ പോയി നോക്ക്, അവിടെയെങ്ങാനും ഉണ്ടാവും“. ജീവിച്ചിരിപ്പുണ്ട്, സമാധാനം. ഹാളിൽ ചെന്നപ്പോൾ ബാപ്പയിരിക്കുന്നു, ഉസ്താദും, മുക്രിയും നാട്ടുപ്രമാണികളും. ആഹാ, ബീഫാത്തുവിന്റെ ഉപ്പയും. അപകടം മണത്തു. പിന്നെയങ്ങോട്ട് ഹൃദയഭേദകമായ കാഴ്ചകളാണ് കണ്ടത്. എല്ലാം പോയി, കൈവിട്ടു പോയി… രമേശൻ ആദ്യം ചിരിച്ചതിന്റെ പൊരുൾ മനസ്സിലായി.
രാത്രി ടെറസ്സിൽ ഹൃദയം പൊട്ടി മാനം നോക്കി ഇരുന്ന ഇസ്മായിൽ മലയാളം ക്ലാസ്സിൽ പഠിച്ച ഇഷ്ട കവിത അറിയാതെ ഓർത്തു.
“ മുകളിൽ മിന്നുന്നൊരു താരമേ, ചൊൽക നീ-
യകലെയെങ്ങാനും പ്രഭാതമുണ്ടോ? ”
എന്തൊക്കെയോ കാടുകേറി ആലോചിച്ചാലോചിച്ച് അറിയാതെ ഇസ്മായിൽ ഉറങ്ങിപ്പോയി. എന്നും രാവിലെ എട്ട് മണിക്ക് തടിമില്ലിൽ പോവാറുള്ള ബാപ്പാ അന്ന് പോയിട്ടില്ല, ഒരുങ്ങുന്നതേ ഉള്ളൂ. തീൻ മേശയിൽ, ആദ്യരാത്രി കഴിഞ്ഞ പിതാശ്രീയുടെ മുഖത്ത് ഐഡിയാ സ്റ്റാർ സിങ്ങറിൽ പാട്ടുപാടി കഴിഞ്ഞ മത്സരാർത്ഥിയെ വധിക്കാന്‍ തയ്യാറായി നിൽക്കുന്ന ശരത്തിന്റേയും എം.ജി അണ്ണന്റേയും മുഖത്തുണ്ടാവാറുള്ളതിനേക്കാളും സന്തോഷം. ഇസ്മായിൽ അറിയാതെ മനസ്സിൽ പറഞ്ഞുപോയി , ഹാജിയാർ സന്തു(ദു)ഷ്ടനാണ്…