സീതാലക്ഷ്മി,........നീ വരുന്നോ എന്റെ കൂടെ….


പുറത്ത് ചാറ്റൽമഴ പെയ്ത്കൊണ്ടിരുന്നു. അട്ടത്തെ പത്തായത്തിനു മുകളിലിരുന്നു ഞാൻ ആ വലിയ അമ്പലക്കുളത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. സീത അവിടെ വന്നു കൈകാട്ടി വിളിക്കാറുള്ളതും, ആ പടവിലിരുന്നു മണിക്കൂറുകളോളം സംസാരിച്ചതും, അവളുടെ മടിയിൽ കിടന്നു ഉറങ്ങിയതും എല്ലാം ഓർമ്മയിൽ മിന്നിമറഞ്ഞു. ഒരു നല്ല നൊസ്റ്റാൾജിക്ക് ഫീലിങ്ങ്. അച്ഛൻ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഇങ്ങോട്ട് വരുന്നത്. 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. പക്ഷെ ഈ പത്തായവും, അമ്പലക്കുളവും, നാലുകെട്ടും,  ഈ നാടും നാട്ടുകാരും എല്ലാം അങ്ങനെ തന്നെയുണ്ട്. ഒരു മാറ്റവുമില്ല. “Frozen in time”..
എട്ടും‌പൊട്ടും തിരിയാത്ത പ്രായത്തിൽ, ഒരു യാത്ര പോലും പറയാതെ, ഒരു KSRTC സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവറുടെ അശ്രദ്ധയാൽ സ്വർഗ്ഗവാസികളായതാണ് അമ്മയും അച്ഛനും അനിയനും, പിന്നെ മോഹിച്ച പെണ്ണിനെ തരാതെ ആട്ടിയിറക്കിയ അമ്മാവൻ, എല്ലാത്തിൽ നിന്നും, ഞാൻ ഉദ്യാന നഗരിയിൽ അഭയം കണ്ടെത്തി.  പണത്തിന്റെ മായിക ലോകം കാണിച്ചു തന്ന എന്റെ ഫാദർ ഇൻ ലോ. അയാളുടെ പച്ചപ്പരിഷ്ക്കാരിയായ മകളെ എന്നെ കൊണ്ട് കെട്ടിച്ചു. ഒരു വിവര സാങ്കേതിക വിദ്യ കമ്പിനിയുടെ CEO ആക്കാം എന്ന പ്രലോഭനത്തിൽ ഞാൻ വീണു. എല്ലാം മറന്നു. പത്ത് വർഷം വെറും പത്ത് ദിവസങ്ങൾ പോലെ കടന്ന് പോയി. തിരിച്ചു വരാത്ത, തിരിച്ചെടുക്കാൻ കഴിയാത്ത പത്ത് വർഷങ്ങൾ.
മഴയ്ക്കു ശക്തി കൂടി. പാടത്ത് ഞാറു നട്ടുകൊണ്ടിരുന്ന സ്ത്രീകൾ പണി നിർത്തി. എന്റെ തോളത്ത് ആരോ തൊട്ടപ്പോൾ ചിന്തകൾ എല്ലാം നിർത്തി ഞാൻ തിരിഞ്ഞു നോക്കി. സീതാലക്ഷ്മി നിൽക്കുന്നു പിറകിൽ. “എന്താ ഇപ്പോ ഇവിടെ വന്നിരിക്കാൻ? ഇവിടെ ഇപ്പൊ ആരും വരാറില്ല. കൃഷി നിർത്തിയേപ്പിന്നേ പത്തായവും ഒഴിഞ്ഞു.” ഞാൻ അമ്പലക്കുളത്തിലേക്ക് തിരിഞ്ഞു നോക്കി, അവളും നോക്കുന്നതു കണ്ടു. ഗതകാല സ്മരണകൾ, ഒരു ഊഷ്മളമായ പഴയകാലത്തിന്റെ നനുത്ത ഓർമ്മകൾ. എന്റെ മോൾ കോലായിലിരുന്നു കളിക്കുന്നുണ്ടായിരുന്നു.  ഇറയത്തിരുന്നു കുശലം പറയുന്ന കാർണവ സഭയിൽ ചേർന്നു ഞാൻ മിണ്ടാതിരുന്നു. കുറച്ചു കഴിഞ്ഞു സീത വരുമ്പോൾ അവളുടെ കയ്യിലിരുന്നു നിഷ്കളങ്കമായി ചിരിക്കുന്ന എന്റെ മോളെ കണ്ടപ്പോൾ അവളുടെ അമ്മയുടെ കയ്യിൽ ഇരുന്നു കളിച്ച് ചിരിക്കുന്ന അതേ സന്തോഷമായിരുന്നു എന്റെ പോന്നുമോൾക്ക്. ജാതക ദോഷത്തിന്റെ പേരിൽ മാംഗല്യ ഭാഗ്യം ഇല്ലാതെ പോയ പാവം സീത, ഒരമ്മയുടെ വാത്സല്യം നൽകുന്നുണ്ടാ‍യിരുന്നു എന്റെ മകൾക്ക്.
അമ്മാവന്റെ പിണ്ഡം വെപ്പും മറ്റു കർമ്മങ്ങളും ഇന്നേക്ക് കഴിയുന്നു. 12 ദിവസമായി അദ്ധേഹം മരിച്ചിട്ട്. ഈ വലിയ വീട്ടിൽ ഇനി സീത ഒറ്റയ്ക്കാണ്. ഒരു വല്ലാത്ത ഫീലിങ്ങ് ആണ് ഉറ്റവരുടെ മരണം. മനസ്സിന്റെ സമനില തെറ്റാതെ സൂക്ഷിക്കാൻ ഭയങ്കര പാടാണു. ബാംഗ്ലൂരിലെ ഫ്ലാറ്റിൽ രുക്മിണി കാൻസറിനു കീഴടങ്ങിയപ്പോൾ ഞാൻ ഹിസ്റ്റീരിയയുടെ വക്കത്തെത്തിയതാണു. എന്റെ മകളാണ് ഞാൻ അന്നും ഇന്നും  നോർമൽ ആയിരിക്കാൻ കാരണം.
കുറച്ച് ദിവസങ്ങളായി നൊ ബ്ലാക്ക് ബെറി, നൊ കാൾസ്, നൊ ഇമൈയിൽ‌സ്. മനസ്സിനു സുഖം തോന്നുന്നു. ഇന്ന് വൈകീട്ട് തിരിച്ചു പോണം. ഞാൻ പാക്കിങ്ങ് കഴിഞ്ഞ് ഇറങ്ങി, മകളെ സീറ്റ് ബെൽറ്റിട്ടിരുത്തി. ഞാൻ ഒന്നു തിരിഞ്ഞു നോക്കി. ഇറയത്ത് സീത മാത്രം നിറകണ്ണുകളോടെ നിൽക്കുന്നു. ആ കണ്ണുകൾ പലതും സംസാരിക്കുന്നുണ്ടായിരുന്നു. പത്ത് വർഷങ്ങൾക്കു മുമ്പ് അമ്മാവന്റെ പ്രതാപത്തിനേയും ഉഗ്രകോപത്തിനേയും പേടിച്ച് പുറത്ത് വരാതെ പോയ ഒരു ചോദ്യം ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു. അത് ഞാൻ അറിയാതെയോ അറിഞ്ഞോ പുറത്ത് വന്നു, സീതാലക്ഷ്മി,……….. നീ വരുന്നോ എന്റെ കൂടെ.

ഒരു Novice ബ്ലോഗറിന്റെ ആത്മസംഘർഷങ്ങൾ [A serious post]


സമയം 10:58 PM
City Never Sleeps! എന്ന സിറ്റി ബാങ്കിന്റെ motto ഞങ്ങൾ താമസിക്കുന്ന ഭാഗത്ത് ആർക്കും അറിയാവുന്നതായി തോന്നിയിട്ടില്ല. എല്ലാവരും ഉറങ്ങി കഴിഞ്ഞെന്നു തോന്നുന്നു. രണ്ട് മൂന്ന് മണിക്കൂർ ആടിതിമിർത്ത മഴയുടെ ബാക്കിയെന്നോണം, അല്ലെങ്കിൽ മുടി വെട്ടുന്നതിനു മുമ്പായി ബാർബർ ചീറ്റിക്കുന്ന പോലെയുള്ള ചാറ്റൽ മഴത്തുള്ളികളുടെ ശബ്ദം മാത്രം പുറത്തു കേൾക്കാം. ഉറക്കം വരാത്തതു കൊണ്ട് പുറത്ത് പോയി natural sprayer-ൽ നിന്നുള്ള spray കൊണ്ടു. തിരുപ്പതി ഭഗവാന്റെ സന്നിധിയിൽ പോയി  മൊട്ടകൊടുത്ത് വന്നിട്ട് അധികമായിട്ടില്ലാത്തതിനാൽ മുടി കിളിർക്കാത്ത തലയിൽ ഒന്നോ-രണ്ടോ തുള്ളികൾ പതിച്ചപ്പോഴേ സംഗതി ഓർമ്മ വന്നു. ഈ ബ്ലോഗിലെ രണ്ടാമത്തെ പോസ്റ്റ് എഴുതണം. ഒന്നും തന്നെ റെഡിയായിട്ടില്ല.
സമയം 11:23 PM
Dulcolax Tablet കഴിച്ചിട്ട് വന്നു കിടന്നു [ടെൻഷൻ കുറയ്ക്കാനല്ല, വയറിളക്കാനുള്ളതാ]. 22 മിനിറ്റിൽ അധികമായി ബെഡ്ഡിൽ പുതച്ച് കിടക്കുന്നു. തിരുമൽ ദേവാ നാറ്റിക്കല്ലേ. ബ്ലോഗ് തുടങ്ങിയിട്ട് ഒറ്റ പോസ്റ്റേ ആയിട്ടുള്ളു. എന്നത്തേയും പോലെ പഴയ യാത്രകളോ, കാമുകികളോ, ഭാവി സ്വപ്നങ്ങളോ ഒന്നും തന്നെ തെളിയുന്നില്ല. എന്ത് പറ്റി? ഹാ! വല്ല പഴയ പൊളിഞ്ഞ പ്രണയകഥ ഇത്തിരി നിറവും സെന്റിയും സമം ചാലിച്ചെഴുതിയാൽ ബ്ലോഗ് വായിക്കുന്നവർ ഹാപ്പിയാവും. ഏറ്റവും മാർക്കറ്റ് ഉള്ള വിഷയങ്ങൾ ആണ് ചളിത്തമാശകളും, നൊസ്റ്റാൾജിക്ക് പ്രണയവും. പക്ഷെ ഒന്നും തന്നെ കിട്ടുന്നില്ല. ഇതാണോ മലയാള സിനിമ നേരിടുന്ന പ്രതിസന്ധി? .
അപ്പുറത്തെ രണ്ട് കട്ടിലുകളിലേക്ക് നോക്കി. രണ്ട് മാസത്തിനു ശേഷം നാട്ടിൽ പോയി ഇഷ്ട പ്രാണേശ്വരിയെ കണ്ട് തിരിച്ചു വന്നതിന്റെ “ക്ഷീണത്തിൽ“ കിടക്കുന്ന Mr.Kയും,  എന്റെ ഉറക്കം കളഞ്ഞതിൽ സന്തോഷിച്ച് കട്ടിൽ കണ്ടാൽ ശവമാവുന്ന Mr.G യെയും കണ്ടു.     “ Blessed is the person who is too busy to worry in day time and too sleepy to worry at night ”. ഭാഗ്യവാൻ‌മാർ.
സമയം 11:52 PM
ഒന്നുകൂടെ രണ്ടുപേരുടെയും കിടക്കയുടെ അടുത്ത് ചെന്ന് മുഖത്തോട് മുഖമടുപ്പിച്ച് ഉറങ്ങിയെന്ന് ഉറപ്പുവരുത്തി [ഭാഗ്യം എണീറ്റില്ല, അല്ലെങ്കിൽ വെറുതെ തെറ്റിദ്ധരിച്ചേനേ]. ബെഡ് റൂം വാതിൽ ചാരി കിച്ചനിലേക്കു ചെന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് IT സ്വപ്നവുമായി ഉദ്യാനനഗരിയിലേക്ക് വണ്ടി കയറിയപ്പോൾ കൊണ്ട് വന്നതാണ് പഴയ കോളേജ് മാഗസിനുകളും മറ്റും. അതിലൊക്കെ എന്തെങ്കിലും കാണാതിരിക്കില്ല. അത് അങ്ങനെ തന്നെയോ അല്ലെങ്കിൽ ചില്ലറ മാറ്റങ്ങളോടെയോ കാച്ചിയാൽ അടുത്ത പോസ്റ്റായി. Vow! കിച്ചനു മുകളിലുള്ള ഷെൽഫുകളിൽ നിന്നും തപ്പിയെടുത്ത മാഗസിൻസിൽ കണ്ടത് നിരാശാജനകമായ കാഴ്ചകളാണ്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഇതിലൊക്കെയും കഥകളും, കവിതകളും, പൊടിക്കെകളും. പക്ഷെ മലയാളത്തിൽ ഒരെണ്ണം പോലുമില്ല. ഹോ
ഇംഗ്ലീഷിലുള്ള ഒരു സാധനം വായിച്ചു, എവിടെ, ഞങ്ങളുടെ സ്റ്റാൻഡേർഡ് ഇല്ല. ഏതോ ഒരു William Wordsworth-ന്റെ കവിതകളെ കുറിച്ചാണ്. ച്ഛെ! സില്ലി സില്ലി ടോപ്പിക്സ്. ഇനി വല്ല സാഹിത്യകാരന്മാരുടെ സൃഷ്ടികളോ, വല്ല കൂതറ സിനിമാക്കഥയോ അടിച്ചു മാറ്റിയിട്ടാലോ? [എന്നിലെ Fake man ഉണർന്നു]. വേണ്ട, സാഹിത്യകാരന്മാരൊക്കെ വെറും അശ്ലീലങ്ങൾ ആധുനികം എന്ന പേരിൽ പടച്ച് വിടുമ്പോൾ, Prime Time Movies എന്ന് പറഞ്ഞ് എല്ലാ മലയാള ചാനലുകളിലും കൂതറ പടങ്ങൾ വരുന്നുണ്ട്. കള്ളി വെളിച്ചത്താവും. അത്യന്താധുനികം എന്ന് പറഞ് ആ പഴയ ശ്രീ.ജഗതിയുടെ സ്റ്റഫ്സ് വിട്ടാലോ? “ അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമ നോക്കി നോക്കി അവൻ നടക്കുന്നു. ഭീമനും യുധിഷ്ടിരനും സാധൂ ബീഡി കത്തിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. അമ്പലത്തിലെ കൽ‌വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ആരാഞ്ഞു, ഇനിയും വരില്ലേ ഇതുവഴി ആനകളേയും തെളിച്ച് കൊണ്ട്?. കടൽ തീരത്തെ ഹോട്ടൽ മുറിയിൽ ഒരു ബ്ലാങ്കെറ്റിനടിയിൽ നഗ്നമായി കിടന്ന് കൊണ്ട് ചക്രവാളത്തിലേക്ക് മറയുന്ന ചെറുതോണികളെ നോക്കുന്ന അവന്റെ മാറിൽ വിരലോടിച്ച് അവൾ പതുക്കെ കാതിൽ ചോദിച്ചു ഈ അജ്മൽ അമീർ കസബ് ആരാ ചേട്ടാ?..“.  കൊള്ളാം സ്റ്റാൻഡേർഡ് ഉണ്ട്.
സമയം 12:49 AM
ഹേയ് വേണ്ട. സാഹിത്യത്തിന്റെ അതിപ്രസരമുള്ള ഇത്തരം പോസ്റ്റുകൾ കുറച്ച് കഴിഞ്ഞിടാം. വായനക്കാർ ആദ്യമാദ്യം തന്നെ സാഹിത്യസൃഷ്ടികൾ വായിച്ച് ഞെട്ടണ്ട. ടെൻഷൻ,നിരാശ എല്ലാം ഒത്ത് വന്നു. ഇതാണോ ഒരു തുടക്കക്കാരൻ ബ്ലോഗർ അനുഭവിക്കുന്ന ആത്മസംഘർഷം?. സമയം പിന്നേയും കുറേ കടന്നുപോയി. ഒരുപാട് നല്ല നല്ല ഐഡിയകൾ കടന്ന്പോയിരുന്നെങ്കിൽ എന്നാശിച്ചു. ഈ ബ്ലോഗുലകത്തിലെ മഹാന്മാരായ ബ്ലോഗർമാരെ [ബെർളിത്തരങ്ങൾ, കുമാരസംഭവങ്ങൾ etc etc..] കുറിച്ചോർത്തപ്പോൾ വല്ലാത്തൊരു മതിപ്പ് തോന്നി. എത്രയെത്ര പോസ്റ്റുകളാണ് ഇവർ ഇടുന്നത്. മലയാള സിനിമയിലെ പോലെ കഥാ ദാരിദ്ര്യമോ, ആശയദാരിദ്ര്യമോ ഇവർക്കൊന്നുമില്ല. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും ചുറ്റും കാണുന്നതിൽ നിന്നുമൊക്കെ പ്രചോദനമുൾക്കൊണ്ട് ഭാവനാപരമായി പലതും കുറിക്കുന്നു. സമ്മതിക്കണം.
സമയം 2:12 AM
ഏതൊരു മഹത്തായ കാര്യത്തിന്റേയും പിന്നിൽ അതിനായുള്ള ഒരു ചെറിയ ചുവട് വെപ്പുണ്ട് എന്ന മഹത്തായ കാര്യം മനസ്സിലാക്കിയപ്പോൾ മനസ്സിലെ കാർമേഘങ്ങൾ പതുക്കെ മായാൻ തുടങ്ങി, ആത്മസംഘർഷം പതുക്കെ പതുക്കെ ഇല്ലാതായി. “The distance is nothing; it is only the first step that is difficult.” ഈ ലോകം ഞങ്ങളുടെ കണ്ണിലൂടെ എന്ന ഞങ്ങളുടെ ബ്ലോഗ് title അന്വർത്ഥമാക്കുന്ന കുറേ പോസ്റ്റുകൾ എഴുതാൻ സാധിക്കണേ തിരുമൽ ദേവാ എന്നു പ്രാർത്ഥിച്ചു Laptop Shutdown ചെയ്ത് ഉറങ്ങാൻ കിടക്കുമ്പോൾ വയറ്റിലെ “ഗുൽമൻ” പ്രശ്നമുണ്ടാക്കാൻ തുടങ്ങിയിരുന്നു.

പെട്ടന്ന് വിട്ടാൽ വീടെത്താം...

സംഗീതം ഒരു മഹാസാഗരമാണ് എന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇതും ഒരു മഹാസാഗരമാണ് മോനേ മഹാസാഗരം. ഉദ്യാന നഗരിയുടെ മൂലേക്കു കഴിയുന്ന ഞങ്ങൾ രണ്ടുപേരും മിക്കവാറും അല്ലെങ്കിൽ എല്ലായ്പ്പോഴും സമയം കൊല്ലാൻ വേണ്ടി, ശനി, ഞായർ തുടങ്ങി എല്ലാ ഒഴിവു ദിവസങ്ങളിലും പോകാറുണ്ട് ഈ മഹാസാഗരത്തിലേക്ക് ഒന്നു മുങ്ങികുളിക്കാൻ.
ഈ മഹാസാഗരത്തിന് ഒരു പ്രത്യേകത ഉണ്ട്, ഒരു മണിക്കൂർ കുളികൊണ്ട് ഒരാഴ്ച കൊണ്ട് ചെയ്യാവുന്ന മാക്സിമം പാപം കിട്ടും[Conditions Apply]. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരു ദിവസം വെറുതെ കിട്ടുന്ന പാപം വാരിക്കൂട്ടാൻ വേണ്ടി മഹാസാഗരത്തിൽ കുളിക്കാൻ പോകാൻ തീരുമാനിച്ചു.

പതിവുപോലെ ബസ് പാസ്സുമെടുത്ത് [32.ക] ബാക്കി തരാനുള്ള ചില്ലറ പാസ്സിന്റെ പിറകിൽ എഴുതിത്തന്ന കണ്ടക്ടറോട് അടിയുണ്ടാക്കി ചില്ലറയും മേടിച്ചു  കൃത്യം മഹാസാഗരത്തിനു മുമ്പിലുള്ള സിഗ്നലിൽ ചാടിയിറങ്ങി. BMTC ബസ്സിൽ യാത്രചെയ്യുന്നതിനേക്കാൾ നല്ലത് കാശ്മീർ തീവ്രവാദികളുടെ വെടികൊണ്ട് മരിക്കുന്നതാണ് എന്ന് തോന്നാറുണ്ട്. പിന്നെ ഒരു കാറോ ബൈക്കോ വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്തത് കൊണ്ട് ഡ്രൈവറേം കണ്ടക്ടറേം ശപിച്ച്കൊണ്ട് വീണ്ടും കയറും അതിൽ.

എവിടെ ഒരു സാരിത്തുമ്പോ അതൊ ഒരു ചൂരിദാരിന്റെ തുമ്പോ കണ്ടാൽ ഞങ്ങളുടെ ‘ഇൻ-ബിൽട്ട് ഫങ്ക്ഷൻ’ കാൾ ചെയ്യപ്പെടും. തല റഡാർ പോലെ തിരിയും, ജന്മനാ ഉള്ള പ്രോബ്ലമാണ് കേട്ടോ. വലിയ കുഴപ്പമില്ലാത്ത പ്രോബ്ലമായത് കൊണ്ട് ചികിത്സിച്ചിട്ടില്ല ഇതുവരെ. ടേബിൾ ഫാൻ സിൻഡ്രം എന്നാണ് ഇതിനെ ഞങ്ങളുടെ തലമൂത്ത ചേട്ടൻ Mr.K വിശേഷിപ്പിച്ചിട്ടുള്ളത്. അങ്ങനെ സിഗ്നലിൽ ബസ് നിർത്തിയപ്പോൾ തന്നെ ചാടിയിറങ്ങി. ഒരേ ഒരു ലക്ഷ്യം മഹാസാഗരം മാത്രം എന്ന മന്ത്രം ഉരുവിട്ടു കൊണ്ട് ഞങ്ങൾ നടന്നു. 10 അടി നടന്നില്ല, അതിനു മുമ്പേ ഒരു സൈഡ് വലിവ് അനുഭവപ്പെട്ടു. ഹാ വെറുതേ അല്ല, വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാറുമിട്ടുകൊണ്ട് അതാ നിൽക്കുന്നു ഒരു ജലകന്യക. മഹാസാഗരത്തിലെ ആയിരക്കണക്കിന് ജലകന്യകകളിൽ ഒന്ന്. പോരേ മോനേ ദിനേശാ… പാപം No.1.
Mr.V യുടെ ചുണ്ടിൽ ഒരു കള്ളച്ചിരി, Mr.Gയുടെ കണ്ണിൽ ഒരു തെളിച്ചം. ഞങ്ങൾ രണ്ടും പേരും മുഖത്തോട് മുഖം നോക്കി. ഹി ഹി ഹി.. കൊള്ളാമല്ലോടാ ജലകന്യക! ആ ശരീര വടിവ് നോക്കി വെള്ളമിറക്കി ഞങ്ങൾ നടന്നു തുടങ്ങി. മുന്നിൽ ആ സ്ലീവ് ലെസ്സ് റ്റൈറ്റ് ഫിറ്റിങ്ങ് ചൂരിദാറിൽ, ആ സന്ധ്യാ നേരത്തെ വെയിലിൽ നീന്തിത്തുടിച്ചു കൊണ്ടവളങ്ങനെ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. ഞങ്ങൾ പതിവുപോലെ ടേബിൾ ഫാൻ സിൻഡ്രം സഹിച്ചു കൊണ്ട് പിന്നാലെയും….ഇതാണ് മക്കളേ വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാറിന്റെ മായാജാലം. ആകെ ഒരു ജഗപൊഗ! കണ്ണ് മഞ്ഞളിക്കുന്നു, തൊണ്ട വരളുന്നു കൺട്രോൾ പോവുന്നു. എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ… ശക്തി തരൂ..
ബസ് സ്റ്റോപ്പ് മുതൽ ഡെസ്റ്റിനേഷൻ വരെ തൊണ്ടവരണ്ടും ശ്വാസം അടക്കിപ്പിടിച്ചും ആ ജലകന്യകയുടെ പിന്നാലെ നടന്നു.

5 മിനിറ്റ് കഴിഞ്ഞപ്പോൾ മഹാസാഗരത്തിനു മുന്നിലെത്തി ഞങ്ങൾ പകച്ചു നിന്നു[എന്നത്തേയും പോലെ] ടേബിൾ ഫാൻ സിൻഡ്രം ശക്തിപ്പെട്ടു. ഞങ്ങൾക്കു ആ ജലകന്യകയെ മിസ്സായി. സാരമില്ലാ. മില്ല്യൻ ഡോളർ ബേബ്സ് നീന്തിത്തുടിക്കുന്ന ഈ മഹാസാഗരത്തിൽ ഒരു ചള്ള് പെണ്ണിന് എന്തു കാര്യം? പത്ത് പൈസ ചിലവില്ലാതെ കണ്ണിനും മനസ്സിനും വ്യായാമം തരുന്ന ജ്വാലിയ്ക്ക്, വിൻഡോ ഷോപ്പിങ്ങ് എന്ന് ഓമനിപ്പേരിട്ടിട്ടുണ്ട് അതിന് സായ്പ്പിന്റെ ഫാഷയിൽ. ഞങ്ങൾ അത് വളരെ ഫക്തിയോട് കൂടി നിറവേറ്റുന്നു. 3 തട്ടുകളുള്ള ഈ മഹാസാഗരത്തിലെ ഓരോ സ്ഥലവും അറിയാം. നല്ല ഒരു സ്ഥലം നോക്കി നിൽപ്പുറപ്പിച്ചു. കീശയിൽ ഒരുപാട് കോയിൻസ് കരുതിയിട്ടുള്ളത് കൊണ്ട് അവിടെ കാണുന്ന ഒരു ഭണ്ഡാരവും വിടാതെ ഞങ്ങൾ കോയിൻ ഇട്ടു. ബാച്ചിലേർസ് പുണ്യസ്ഥലമായി കരുതുന്ന [ചില മാരീഡ് ബാച്ചിലേർസും]ഇവിടം മുഴുവനും ഭണ്ഡാരങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒപ്പം ഹിമാലയത്തിലെ കുളിരും അനുഭവപ്പെടും. നോക്കെത്താദൂരത്തോളം പരന്നും പൊന്തിയും ചെരിഞ്ഞും കിടക്കുന്ന മലനിരകളും താഴ്വാരങ്ങളും, എല്ലാം ഒരു ഇല്ല്യൂഷൻ. ഭഗവാൻ തേരി മായ…വത്സാ enter @ your own risk.

അങ്ങനെ നയനമനോഹരങ്ങളായ പല കാഴ്ചകളും കണ്ട് നേർച്ചയും ചെയ്ത് ഭണ്ഡാരത്തിൽ പൈസയുമിട്ട്, വടക്കേ ഇൻഡ്യയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള നല്ല പഞ്ചാബി ജലകന്യകമാരേയും കണ്ട് നടക്കുമ്പോൾ മുന്നിലതാ ആ വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാർ അങ്ങനെ കാർ പാർക്കിങ്ങിന്റെ അടുത്തേക്ക് നീങ്ങുന്നു. ചൂരിദാർ തിരിഞ്ഞു നോക്കി, ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ എന്നൊരു സംശയം. പോരേ മോനേ പൂരം. മനസ്സിൽ തുരുതുരാ എന്നു ഒരു ഗ്യാപ്പും ഇല്ലാതെ ലഡ്ഡു പൊട്ടിക്കൊണ്ടിരുന്നു. അവൾ ഒരു മൂലേക്കു നിൽക്കുന്ന ഹോണ്ട സിറ്റി ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു. ഞങ്ങൾ സെക്യൂരിറ്റിയുടെ അടുത്ത് നിൽപ്പുറപ്പിച്ചു. സിറ്റിയുടെ ഡ്രൈവർ സീറ്റിന്റെ പവർ വിൻഡോ തുറക്കപ്പെട്ടു. വളരെ ഉച്ചത്തിൽ കൊടുങ്ങല്ലൂരമ്മയുടെ അമേരിക്കൻ ഭക്തനായ Eminem ന്റെ ഇംഗ്ലീഷ് ഭരണിപ്പാട്ട് കേൾക്കാമായിരുന്നു. പാട്ടിന്റെ കൂടെ നമ്മുടെ രാഷ്ട്രപിതാവിന്റെ തലയുള്ള കുറച്ച് ആയിരത്തിന്റെ ചുവന്ന നോട്ടുകൾ പുറത്ത് വന്നു. അവളത് മേടിച്ച് എണ്ണിനോക്കി ബാഗിൽ വെച്ചു. ഒരക്ഷരം പോലും പറയാതെ തിരിഞ്ഞു നടന്നു. ഞങ്ങളെ നോക്കി ഒരു 70mm ചിരിയും തന്നു. ഹോണ്ട സിറ്റി ഞങ്ങളുടെ മുന്നിലൂടെ ചീറിപ്പാഞ്ഞ് പോയപ്പോഴാണ് ബോധം വന്നത്. ചുറ്റും നോക്കിയപ്പോൾ അതാ വരുന്നു ഒരു ഓപ്പൺ BMW വിന്റെ മുൻ സീറ്റിൽ വലിയ Rayban കണ്ണടയും വെച്ച് ആ വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാർ ഇരിക്കുന്നു. ഡ്രൈവർ ചുള്ളന്റെ കൈ ഗിയറിന്റെ മേലേ അല്ല പക്ഷെ അവളുടെ വലത്തേ കാലിന്മേലേ. BMW പറത്തിപോയ പൊടി തെളിയാൻ 2 മിനിറ്റെടുത്തു.

വളരെ വിലപ്പെട്ട ഒരു കാര്യം മനസ്സിലായി.  പെട്ടന്ന് വിട്ടാൽ റൂമിൽ പോയി കഞ്ഞി കുടികുടിക്കാം. കാരണം നേരം 9 നോട് അടുത്തിരുന്നു. കോരന് കഞ്ഞി കുമ്പിളിൽ തന്നെ മോനേ കുമ്പിളിൽ തന്നെ..
Related Posts with Thumbnails