അവൾക്ക് “അത്” ഇല്ലാതെ പറ്റില്ലാത്രെ..

കാറിന്റെ വേഗത കുറച്ച് റോഡരികിലേക്ക് നിർത്തി കൊണ്ട് ഹരി പിൻ സീറ്റിലേക്ക് തിരിഞ്ഞു നോക്കി. തലവേദനയായത് കൊണ്ടും, ദൂരയാത്ര ശീലമില്ലാത്തത് കൊണ്ടും, ഒച്ചുമായി മത്സരിച്ച് തോൽക്കുന്ന പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന മയിൽവാഹനത്തിനെ കടത്തിവെട്ടുന്ന ഹരിയുടെ ഡ്രൈവിങ്ങ് പാടവവുമൊക്കെ കൊണ്ട് ജ്യോതി ഉറങ്ങിപ്പോയിരിക്കുന്നു. കയ്യിൽ കരുതിയിരുന്ന ബെഡ് ഷീറ്റ് പുതപ്പിച്ച് ഹരി വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി, വണ്ടിയോടിക്കാൻ തുടങ്ങി. ഒറ്റയ്ക്ക് ഇനിയും കുറേ കിലോമീറ്ററുകൾ, കുറേ മണിക്കൂറുകൾ താണ്ടണമല്ലോ എന്ന ചിന്ത ഹരിയെ വേദനിപ്പിച്ചു. മഞ്ഞ് പൊഴിയുന്ന റോഡിലൂടെ ഹെഡ്ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിൽ യാത്ര മുന്നോട്ടായിരുന്നെങ്കിലും ഹരിയുടെ മനസ്സ് കുറച്ച് പിന്നോട്ടോടുകയായിരുന്നു. ഏകാന്തതയുടെ കാമുകന്മാരായ ഓർമ്മകൾ ഹരിയുടെ കൂട്ടിനെത്തിയിരുന്നു.

പുരുഷൻമാരുടെ കാശും മനസ്സമാധാനവും കളയാനായി മാത്രം സൃഷ്ടിച്ച്, പിന്നീട് ദൈവത്തിനു പോലും മനസ്സിലാക്കാൻ പറ്റാതായ അത്ഭുതവസ്തുവാണ് സ്ത്രീയെന്ന് നാഴികയ്ക്ക് നാല്പത്വട്ടം പറയുമായിരുന്ന മെയിൽ ഷോവനിസ്റ്റിക്ക് ഈഗോയുള്ള ഹരിയ്ക്ക് “ഗേൾഫ്രണ്ട്സ്” എന്ന് ഓമനപ്പേരിട്ട് വിളിക്കാവുന്ന കുറേയധികം പെൺകൂട്ടുകാരികൾ ഉണ്ടായിരുന്നു. ക്ലബ്ബുകളും പബ്ബുകളും പാർട്ടികളും ഒക്കെയായി കാശ് കളഞ്ഞിരുന്ന കാലത്ത്, ഒരാഴ്ച അവധിയെടുത്ത് നാട്ടിലെത്തിയപ്പോഴാണ് വയസ്സ് ഇരുപത്തിയെട്ടായെന്നും വിവാഹം എന്ന കുഴിയിൽ വീഴണമെന്നും അച്ഛൻ ഉപദേശിച്ചത്. ആ കുഴിയിൽ വീണവർക്കൊക്കെ മറ്റുള്ളവരെ വീഴ്ത്താനുള്ള ആവേശം കണ്ട് പലപ്പോഴും ഹരി ചിരിച്ച് പോയിട്ടുണ്ടെങ്കിലും, കേരളത്തിൽ കൂടിവരുന്ന പെൺ ഭ്രൂണഹത്യയുടേയും ആൺ-പെൺ അനുപാതത്തിൽ വരുന്ന ഭീമമായ അന്തരത്തെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചതുമൊക്കെ ഹരിയുടെ മനസ്സിലൂടെ എം.ടിവിയുടെ “ട്ടിക്കർ” കടന്നു പോവുന്നത് പോലെ പോയിരുന്നു.

നാലര മാസങ്ങൾക്ക് ശേഷമാണല്ലോ താൻ വീട്ടിലേക്ക് എന്ന് ഹരി ഓർത്തു. മഴയില്ലാത്ത മരുഭൂമി പോലെ വരണ്ട് വറ്റി ഉണങ്ങി കഴിയേണ്ടല്ലോ എന്ന ചിന്ത ഉടലെടുത്തതും അതിന്റെ പരിണിത ഫലമായി ഒരു ജീവിത പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തിക്കോളൂ എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞതിന്റെ ഭാഗമായുണ്ടായ പുകിലുകൾ ഓർത്തപ്പോൾ ഹരിക്ക് ചിരിയടക്കാനായില്ല. ആ തീരുമാനമറിയിച്ചതിന്റെ പിറ്റേന്ന് ലഞ്ചിനാണെന്നും പറഞ്ഞ് അച്ഛനും അമ്മയും കൂടി തന്നെ ശംഭു അമ്മാവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയതും, അമ്പലപ്രാവുകൾ കുറുകുന്നത് പോലെ കുറുകി കുറുകി ലഞ്ചിനു വന്ന തനിക്ക് മല്ലിക ചായ തന്നതും ഹരിയിൽ ചിരിയുണർത്തി. തിരിച്ച് വീട്ടിലെത്തിയപ്പോഴഴിഞ്ഞ ആ കൊടുംചതിയുടെ ചുരുൾക്കെട്ട് “മല്ലികയ്ക്ക് പഠിപ്പില്ല, തന്റെ ഉദ്യോഗത്തിനും സ്റ്റാറ്റസിനും പറ്റിയവൾ അല്ല” എന്നും പറഞ്ഞ് വലിച്ചെറിഞ്ഞ് അച്ഛനുമായി ഉടക്കി നാടുവിട്ടതും ഇന്നലെ നടന്ന സംഭവങ്ങൾ പോലെ ഹരിക്ക് തോന്നി. പ്ലസ് ടു തോറ്റതിനു ശേഷം “എന്നെ ആരെങ്കിലും ഒന്ന് ശ്രദ്ധിയ്ക്കൂ, ഞാൻ വോട്ട് ചെയ്തു, എന്നെ കെട്ടാൻ ആരെങ്കിലും വരൂ, ഇന്ത്യൻ ജനസംഖ്യയിലേക്ക് സംഭാവന ചെയ്യാൻ തനിയ്ക്കും കഴിയും” എന്നറിയിക്കാൻ വേണ്ടി മാത്രം ദിവസവും രണ്ട് പ്രാവശ്യം അമ്പലത്തിൽ പോവുന്നവളും സദാ സമയം “മ” പ്രസിദ്ധീകരണങ്ങൾ വായിച്ചിരിക്കുന്നവളുമായിരുന്നു മല്ലിക. അത് തന്നെയായിരുന്നു അവളുടെ പ്രശ്നമെങ്കിലും അവൾ ചരക്കായിരുന്നു. അച്ഛനുമായുടക്കിയതിന്റെ ഫലമാണല്ലോ പിൻസീറ്റിലുറങ്ങുന്ന സൌന്ദര്യധാമം എന്നുള്ള വെളിവ് ഹരിയിൽ അഭിമാനമുണർത്തി.

ലഞ്ചും ഡിന്നറും ഫാമിലി ഗെറ്റുഗെദറുകളും വീക്കെൻഡ്സും ഷോപ്പിങ്ങുകളും മൾട്ടിപ്ലെക്സുകളും ആയിരുന്നു ജ്യോതിയുടേയും അവളുടെ കുടുംബത്തിന്റേയും ലോകം. കാച്ചിയ എണ്ണയിട്ട് മുടിയിഴകൾ മിനുക്കാറുണ്ടായിരുന്നില്ല, മുടിത്തുമ്പിൽ തുളസിക്കതിർ വെയ്ക്കുമായിരുന്നില്ല, ഒരു മറുനാടൻ മലയാളിയ്ക്ക് ഒരു നാടൻ മലയാളി ഉണ്ടെന്ന് ആരോപിക്കുന്ന എല്ലാ അഹങ്കാരവും ജ്യോതിയ്ക്കുണ്ടായിരുന്നു. ജീവിത പങ്കാളി എന്ന് കേൾക്കുമ്പോൾ മാത്രം മലയാളിയുടെ മനസ്സിൽ ഓടിവരുന്ന ഗ്രാമീണ ശാലീനത, കോമൺവെൽത്ത് ഗെയിംസിലെ ഒരുക്കങ്ങളിലെ താളപ്പിഴ പോലെ അങ്ങിങ്ങ് മിസ്സിങ്ങ് ആയിരുന്നെങ്കിലും അരമിട്ടു മിനുക്കിയ ഈർച്ചവാളിന്റെ പല്ലുകൾ പോലെ എന്നും ത്രെഡ് ചെയ്യുന്ന പുരികങ്ങളും കൺപ്പീലികളും, മാൻമിഴികളും, ഒതുങ്ങിയ മൂക്കും, ഏഷ്യന്റേയും നെറോലാക്കിന്റേയും സഹായമില്ലാതെ തന്നെ വള്ളിമുളകിനേക്കാളും ചുകന്ന ചുണ്ടുകൾ, ഇതെല്ലാം ഒതുക്കിവെച്ചിട്ടുള്ള വട്ടമുഖവും കൊണ്ട് ജ്യോതി അതീവ സുന്ദരിയായിരുന്നു. ചായ കുടിക്കാൻ പോകുന്ന തേയിലത്തോട്ടത്തിന്റെ ചന്തം നോക്കാറില്ലെങ്കിലും സ്വന്തമായി എസ്റ്റേറ്റ് വാങ്ങുമ്പോൾ ചന്തം വേണം എന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നെങ്കിൽ കൂടി തോട്ടം കൈയ്യിലായാൽ അദ്ധ്വാനിച്ച് ശരിയാക്കാം എന്ന് ഉറപ്പുള്ളതിനാൽ ശാലീനത ഹരി മനപ്പൂർവ്വം മറന്നു.

കാഷ്മീർ പ്രശ്നത്തിലെന്ന പോലെ കുത്തിത്തിരുപ്പുണ്ടാക്കാൻ ഹുറിയത്തും, മുജാഹിദ്ദീനും, പാകിസ്ഥാൻകാരും, രാഷ്ട്രീയ പാർട്ടികളും ഒന്നുമില്ലാതെ അമ്മമാത്രമായത് കൊണ്ട് അച്ഛനുമായുള്ള സൌന്ദര്യപ്പിണക്കം പറഞ്ഞ് തീർത്തിരുന്നുവെങ്കിലും ഭാവി മരുമകൾ വീട് കാണാൻ വരുന്നു എന്ന് വിളിച്ചറിയിച്ചപ്പോൾ ഒരു കൊച്ചുഭൂമികുലുക്കം പ്രതീക്ഷിച്ച ഹരിയ്ക്ക് തെറ്റിപ്പോയി. ഒരബദ്ധം ഏത് പോലീസ്കാരനും പറ്റുമെന്ന പഴമൊഴി തിരുത്താതെ മക്കൾ പറയുന്നു, മാതാപിതാക്കൾ അനുസരിക്കുന്നു എന്ന ട്രെൻഡിനോടൊപ്പം പോകാൻ തീരുമാനിച്ചിരുന്നു അവർ. പറഞ്ഞു കേട്ടറിവുള്ള ഭാവി മരുമകളും, മനസ്സു കൊണ്ടെങ്കിലും അമ്പലവാസിയായ മകനും തമ്മിലുള്ള “കംപാറ്റിബിലിറ്റിയെ” കുറിച്ച് മനസ്സിലുയർന്നു വന്ന ചോദ്യങ്ങൾ തങ്ങളുടെ നല്ലഭാവിയോർത്ത് കുഴിച്ചുമൂടുകയായിരുന്നു അവർ. യാത്രയിലുടനീളം ഗ്രാമഭംഗിയെക്കുറിച്ച് വാചാലനായ തന്നോട് “യു ഡോണ്ട് ഹാവ് റ്റു വറി അബൌട്ട് മീ, ഹരിയേട്ടന്റെ ഇഷ്ടങ്ങളെ എനിക്ക് പെട്ടന്നിഷ്ടപ്പെടാൻ കഴിയും” എന്ന് ഭാവി മരുമകൾ പറഞ്ഞെന്ന് ഹരി അവരുടെ ആശങ്ക മനസ്സിലാക്കി പറഞ്ഞു. അതിൽ പകുതി മാത്രമായിരുന്നു സത്യം.

ദീർഘദൂര യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ മകനെയും ഭാവി മരുമകളെയും ഹരിയുടെ സഹൃദയരായ മാതാപിതാക്കൾ ഹൃദ്യമായി തന്നെ വരവേറ്റു. ഓരോന്നിനേയും മുമ്പ് കണ്ടിട്ടില്ലാത്തവിധം സാകൂതം വീക്ഷണവിധേയയാക്കിയിരുന്ന ജ്യോതിയുടെ ഭാവഭേദങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ഹരിയുടെ ഹൃദയം സാധാരണഗതിയിൽ മിടിക്കുന്നതിനേക്കാൾ വേഗതയിലായിരുന്നു. ഒരു ഡസൻ മണിക്കൂറിലൊതുക്കാമായിരുന്ന യാത്രയെ ഒന്നര ഡസൻ മണിക്കൂറിലധികം ദീർഘിപ്പിച്ചതിന് ക്രെഡിറ്റായി കിട്ടിയ ക്ഷീണമുണ്ടായിരുന്നെങ്കിലും തന്റെ ചുറ്റുപാടുകളുമായി ജ്യോതിയെ ഇണക്കുക എന്ന മിഷനുണ്ടായിരുന്നതിനാൽ കുറച്ച് നേരത്തെ വിശ്രമത്തിനു ശേഷം നാട് ചുറ്റാൻ എന്ന വ്യാജേന ജ്യോതിയേയും കൂട്ടി ഇറങ്ങി. തന്റെ കുട്ടിക്കാലത്തെ സ്കൂളും, സ്കൂളിലേക്ക് പോകുന്ന വഴി വരമ്പുകളും, സുപ്രഭാതം കേട്ടുണരുന്ന നാട്ടുകാരും, സുപ്രഭാതവും ഹരിനാമ ഭക്തിഗാനങ്ങളും മുഴങ്ങി ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കുന്ന അമ്പലവും, വെളിച്ചപ്പാട് തുള്ളിയുറയുന്ന ആലിൻചുവടും, കാറ്റിന്റെ താളത്തിനൊപ്പം ഇളകിയാടുന്ന ആലിലകളും, മരങ്ങളാലും വള്ളികളാലും മൂടപ്പെട്ട കാവുകളും, കൊയ്ത്തുകാലമായാൽ കൊയ്ത്തുപ്പാട്ടിന്റെ ഈണങ്ങൾ മുഴങ്ങുന്ന വയലേലകളും, കൃഷി ആവശ്യങ്ങൾക്കായി പുഴയിൽ നിന്നും വെള്ളം പിടിച്ചു കൊണ്ടുവരുന്ന അരുവിയും, അമ്പലക്കുളവുമെല്ലാം ജ്യോതിയിലുണ്ടാക്കിയ വികാര തരംഗങ്ങൾ ജ്യോതി ഹരിയുടെ കൈകൾ അവളുടെ കൈകളിൽ എടുത്തപ്പോൾ തന്നെ ഹരി അനുഭവിച്ചറിഞ്ഞു. വൈകുന്നേരം അമ്മയുടെ കൂടെ അമ്പലത്തിലേക്കും ജ്യോതി മടികൂടാതെ പോകാൻ തയ്യാറായി. തന്റെ മിഷന്റെ വിജയം ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഹരി.

രാത്രി ഭക്ഷണത്തിനു ശേഷം ജ്യോതിയ്ക്ക് മാളികയിലുള്ള തന്റെ മുറി തന്നെ ഒരുക്കി കൊടുത്തു ഹരി. തൊട്ടടുത്ത മുറിയിലായിരുന്നു ഹരിയുടെ അച്ഛനും അമ്മയും. ആരാലും തെറ്റിദ്ധരിക്കപ്പെടാതിരിക്കാനായി ഹരി സ്വന്തം മുറി താഴെയൊരുക്കി. മകനും ഭാവി മരുമകളും വന്നതിന്റെ ഭാഗമായി അടുക്കളയിൽ ഓവർ ടൈം ചെയ്തിരുന്ന അമ്മയെ സഹായിക്കാൻ എന്ന വ്യാജേന ഹരി ആദ്യമായി അടുക്കളയിലേക്ക് കാലെടുത്ത് കുത്തി. ആ കാല്പാദങ്ങളുടെ സ്പർശമേറ്റ് തറയിലെ റ്റയിൽസ് പുളകം കൊണ്ടത് ശ്രദ്ധിക്കാതെ അല്ലറ ചില്ലറ സോപ്പിട്ടു കൊണ്ട് മടിച്ച് മടിച്ച് ഉദ്ദിഷ്ട കാര്യം അമ്മയെ ധരിപ്പിച്ചു.

“ഒരു ഗ്ലാസ് പാൽ ഉണ്ടാവുമോ അമ്മേ?”

“എന്തിനാ കുട്ടാ പാൽ?”

“ഹും. അല്ല, അത് അത്, ജ്യോതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽകുടിക്കുന്ന ശീലമുണ്ടെന്ന് അവളുടെ അമ്മ പറഞ്ഞിരുന്നു.”

“അയ്യോ, നീ നേരത്തേ പറയണ്ടേ കുട്ടാ. അമ്പലത്തിലെ ആവശ്യത്തിനു കുറച്ചധികം നെയ്യ് വേണം എന്ന് ഷാരടി മാഷ് പറഞ്ഞത് കൊണ്ട്, ഞാൻ പാൽ ഉറ ഒഴിച്ചു പോയല്ലൊ.”

“ഓ. അതെയോ. ഹും സാരമില്ല. അവൾ ചോദിച്ചില്ല. അഡ്ജസ്റ്റ് ചെയ്യുമായിരിക്കും.”
“കഷ്ടായി. ആ കുട്ടിയ്ക്ക് വിഷമമാവുമോ എന്തോ?”

“ഹേയ്, അത് സാരമില്ല.”

തന്റെ ഉദ്ദേശശുദ്ധിയെ പാവം അമ്മ സംശയിച്ചിലല്ലോ എന്ന് സന്തോഷിച്ചു. പിന്നെ അധികം സോപ്പിട്ട് നിക്കാതെ തനിക്കായി ഒരുക്കിയ താഴത്തെ മുറിയിൽ കിടക്കാനായി ഹരി പോയി.

പതിവ് ന്യൂസ് കാണലും, ചർച്ചകളും വിശകലനങ്ങളുമായി ടിവിയിൽ മുങ്ങിയിരുന്ന അച്ഛൻ അമ്മയുടെ പണികൾ കഴിഞ്ഞതോടെ മുകളിലേക്ക് കിടക്കാൻ പോകാൻ തുടങ്ങിയപ്പോൾ, നൈറ്റ് ഡ്രെസ്സ് എന്ന് ഓമനപ്പേരുള്ള, ആ നാട്ടിൽ ആരും കണ്ടിട്ടില്ലാത്ത, ഒരു കൂട്ടം വേഷവുമിട്ട് ജ്യോതി കോണിയിറങ്ങി വന്ന് യാതൊരു മടിയുമില്ലാതെ ഹരിയുടെ മുറിയിലേക്ക് കയറിപ്പോയി. ഒരു നിമിഷം പകച്ചുപോയെങ്കിലും എന്തെങ്കിലും അത്യാവശ്യ കാര്യം പറയാനായിരിക്കുമെന്ന് കരുതി കോണിയിൽ നിമിഷങ്ങൾ കാത്തുനിന്ന അവർ പതുക്കെ പരസ്പരം മനസ്സാ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മുറിയിലേക്ക് പോയി. ഉറങ്ങാൻ കിടന്നെങ്കിലും താഴെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിയ്ക്കുവാനോ അതിരുകടന്ന് ചിന്തിക്കുവാനോ മുതിർന്നില്ല. ഗ്ലാസ്സ് തറയിൽ വീഴുന്ന ശബ്ദം, കട്ടിൽ നീങ്ങുന്ന ശബ്ദം ഒക്കെ കേട്ട് മുഖത്തോട് മുഖം നോക്കി അവർ നേരം വെളുപ്പിച്ചു.

എന്നും നടയടയ്ക്കാൻ നേരത്ത് മാത്രം തൊഴാനും വരവ്ചെലവ് കണക്ക് നോക്കാനും പോകുന്ന ഹരിയുടെ അച്ഛൻ അന്ന് പതിവിലും വിപരീതമായി അമ്മയുടെ കൂടെ സുപ്രഭാതം വെയ്ക്കുന്നതിനു മുൻപേ അമ്പലത്തിൽ എത്തി. രണ്ടുപേരും മനസ്സുരുകി പ്രാർത്ഥിച്ചു. രണ്ടുപേരുടേയും പ്രാർത്ഥന ഒന്നു തന്നെയായിരുന്നു, “ഭഗവാനേ, ഭക്തവത്സലാ, കുട്ടികൾക്ക് ‘ഇനി’ കല്യാണം വരെയെങ്കിലും അരുതാത്തതൊന്നും തോന്നിയ്ക്കരുതേ. മാനം കാക്കണേ. നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കല്ലേ.”. ദീർഘനേരത്തെ പ്രാർത്ഥനയ്ക്കു ശേഷം മടങ്ങിയ അവർ കണ്ടത് ബാഗുമായി കാറിൽ കയറാൻ ഒരുങ്ങുന്ന ജ്യോതിയേയും കാറിന്റെ മുൻവശത്ത് പാർട്ടി സെക്രട്ടറിയെ കണ്ട മുഖ്യനെ പോലെ മുഖം വീർപ്പിച്ചു നിൽക്കുന്ന ഹരിയേയുമാണ്. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ “ഇവളെ ബസ് കേറ്റി വിട്ടിട്ട് വരാം” എന്ന് പറഞ്ഞ് ബുള്ളറ്റ് ട്രെയിനിന്റെ വേഗതയിൽ ഹരി കാറോടിച്ച് പോയി.

ഒരൂ മണിക്കൂറിനുള്ളിൽ തിരിച്ചു വന്ന ഹരിയുടെ മുഖഭാവം കണ്ട് ആരും ഒന്നും ചോദിച്ചില്ല. മകന്റെ വീക്ക്നെസ്സ് അറിയാമായിരുന്ന അമ്മ, ഡൈനിങ്ങ് ടേബിളിൽ ചൂട് ദോശയും നെയ്യും റെഡിയാക്കി വെച്ചു കാത്തിരുന്നു. നീണ്ട കുളികഴിഞ്ഞ് പ്രാതൽ കഴിക്കാൻ ഹരിയുടെ കൂടെ അച്ഛനും അമ്മയും ഇരുന്നു. നൂറ് നൂറ് ചോദ്യങ്ങൾ അച്ഛനുമമ്മയ്ക്കും ഉണ്ടെന്ന് ഹരിയ്ക്കറിയാമായിരുന്നു. ദോശയിൽ നിന്നും കണ്ണെടുക്കാതെ ഹരി സംസാരിച്ചു തുടങ്ങി.

“ഞങ്ങൾ പിരിഞ്ഞു.”

“അവൾക്ക് അത് ഇല്ലാതെ തീരെ പറ്റില്ലാത്രെ.” ഹരി പറഞ്ഞു.

“ഹൊ, അവളുടെ ഒരു അഹങ്കാരം. കിട്ടാത്ത മുന്തിരി പുളിക്കുന്നതൊന്നുമല്ല. അവളെ എനിക്ക് കിട്ടാത്തത് നന്നായി.”

“അവൾക്കും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റെ അസുഖമുണ്ട്. ഓർക്കുട്ട്, ഫേസ്ബുക്ക്, ബ്ലോഗർ ഇതൊന്നുമില്ലാതെ അവൾക്ക് പറ്റില്ലാത്രെ.”

“ഇവിടെ നെറ്റ് പോലുമില്ല എന്ന് പറഞ്ഞ് അവൾ ഇന്നലെ രാത്രി മുഴുവൻ എന്നെ ഉറക്കിയില്ല.”

“അച്ഛാ, ആ മല്ലികയുടെ കാര്യം ഉറപ്പിച്ചോളൂ. എനിക്ക് പൂർണ്ണ സമ്മതമാ.”

ഇനി അവളും “അത് ഇല്ലാതെ പറ്റില്ലാ” എന്ന് പറയുമോ ആവോ എന്ന് സങ്കടത്തോടെ ആത്മഗതം പറഞ്ഞ് കൊണ്ട് ഹരി തന്റെ വീക്ക്നെസ്സായ ദോശയിൽ മുഴുകി.
Related Posts with Thumbnails