തറവാട്ടിൽ പോകാത്തവർ കല്ലെറിയൂ...

എല്ലാവർക്കും അവരവരുടെ ചെറുജീവിതത്തിൽ ഒരു സുവർണ്ണകാലഘട്ടം ഉണ്ടാവും. അത് ജീവിതാവസാനം വരെ ഒരു സുഖമുള്ള ഓർമ്മയായി ഹൃദയത്തിന്റെ കോണിൽ കിടക്കുകയും ചെയ്യും. പലർക്കും ഈ ഗോൾഡൻ ഏജ് കുട്ടിക്കാലവും കോളേജ് ജീവിതവും ഒക്കെയാണ്. സുബ്രമണ്യനും മറിച്ചായിരുന്നില്ല. കക്ഷി ഏറ്റവും ആർമാദിച്ചതും അനുഭവിച്ചതും ഒരേ സമയത്താണ്. അത് കൊണ്ട് ഗോൾഡൻ ഏജ് എന്നൊന്നും പറഞ്ഞു സുബ്രമണ്യൻ അതിനെ വിശേഷിപ്പിക്കാറില്ല. സുബ്രമണ്യന്റെ ആ പഴയ കാലത്തേക്ക്..

യാഥാസ്ഥിതിക പട്ടരായ സുബ്രമണ്യൻ “പട്ടരിൽ പൊട്ടനില്ല” എന്നു തെളിയിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്-ന്റെ അഖില കേരളാ പ്രവേശനപ്പരീക്ഷ എഴുതി കുറഞ്ഞ റാങ്കും മേടിച്ച് തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ കയറിയ കാലം. “സുബ്ബു” എന്ന് ഓമനപ്പേരുള്ള സുബ്രമണ്യൻ തൃശ്ശൂർ തിരഞ്ഞെടുക്കാൻ കാരണം രണ്ടായിരുന്നു. തന്റെ മാമന്റെ ഗൃഹം ഡ്യൂപ്ലിക്കേറ്റ് വിൽ‌പ്പനയുടെ തലസ്ഥാനമായ കുന്നുംകുളത്ത് ആയത് കൊണ്ടും, പ്രവേശനപ്പരീക്ഷ എഴുതാൻ കോഴിക്കോട്ടേക്കു പോയപ്പോൾ പരിചയപ്പെട്ട മാത്യൂ എന്ന മത്തായിയും അതേ കോളേജ് തിരഞ്ഞെടുത്തതു കൊണ്ടും ആണ്. ആദ്യസമാഗമത്തിൽ തന്നെ അനുരാഗബദ്ധരാവുന്ന സ്ഥിരം സിനിമാ ക്ലിഷേ സിറ്റുവേഷനുകൾ പോലെ ഇരുവരും അന്നു തന്നെ ഒരു സുഹൃത്ബന്ധത്തിനു തറക്കല്ലിട്ടിരുന്നു.

തൃശ്ശൂർ-കുന്നകുളം റൂട്ടിലോടുന്ന ബസ്സിലെ കിളികളുടെ കളകളാരവം കേട്ടും തൂവൽ‌സ്പർശം കൊണ്ടും ഡേസ്കോളർ ആയി സുബ്ബു കോളേജിലേക്കു യാത്ര ചെയ്തു പോന്നു. ഒരേ തൂവൽ‌പ്പക്ഷിയായതു കൊണ്ട് പുറനാട്ടുകരയിൽ താമസിക്കുന്ന മത്തായി സൈക്കിളും ചവിട്ടി മുതുവറയിൽ വന്നു കൂട്ടുകാരനൊപ്പം പോകാൻ കാത്തുനിൽക്കും. പിന്നെ കിളിയെയും കിളികളേയും തൊട്ടും തലോടിയുമുള്ള സുന്ദരമായ യാത്ര.

അങ്ങനെ കോളേജും, കുറച്ച് പഠിത്തവും, കുറേ പഠിപ്പിക്കലും പരീക്ഷയുമൊക്കെയായി കഴിഞ്ഞിരുന്ന കാലത്താണ് തൊട്ടടുത്ത വിമല കോളേജിലെ പെൺപിടകളെ സുബ്ബുവിന്റെ കണ്ണിൽ പെട്ടത്. ഗ്ലോബലൈസേഷൻ, ഗ്ലോബൽ വാർമിങ്ങ് എന്നിങ്ങനെ ഗ്ലോബ് വെച്ചുതുടങ്ങുന്ന പദങ്ങളും പ്രവൃത്തികളും വലിയ കാര്യമായിട്ട് പൂരനഗരിയെ വിഴുങ്ങാൻ തുടങ്ങിയിരുന്നില്ലെങ്കിലും ചന്ദനക്കുറിയും, വട്ടപ്പൊട്ടും, തലയിൽ ഒരു ലിറ്റർ എണ്ണയും, സോഡാ ഗ്ലാസ്സ് കണ്ണടയും, വെള്ളമുണ്ടും അണിഞ്ഞ് സുസ്മേരവദനനായി പച്ചപ്പരിഷ്ക്കാരിയായി നടക്കുന്ന സുബ്ബുവിനെ നോക്കിയ ഏത് പെൺപിടയും രണ്ടാമത് നോക്കുമായിരുന്നില്ല. അത് വരെ തോന്നാത്തതൊന്നുമല്ലെങ്കിലും വിമല ടീച്ചറുടെ കോഴിക്കൂട്ടിലേക്ക് നോക്കുന്തോറും സുബ്ബുവെന്ന കുറുക്കന്റെ അസുഖം കൂടിക്കൂടി വന്നു. നാടനേം ബ്രോയിലറിനേം ഒക്കെ കണ്ട് കണ്ട് ഉള്ളിലെ ഉമിനീർ ലാവ തിളച്ച് മറിഞ്ഞ സുബ്ബു ഒടുവിൽ ആ സത്യം മത്തായിയോട് തുറന്നു പറഞ്ഞു. താനൊരു വെജിറ്റേറിയൻ ആണെന്നും ഇതു വരെ നോൺ-വെജിറ്റേറിയൻ രുചിച്ചിട്ടില്ലെന്നു മാ‍ത്രമല്ല, കണ്ടിട്ടു പോലുമില്ല എന്നും കൂടി കേട്ടപ്പോൾ മത്തായിയുടെ മനസ്സലിഞ്ഞിരുന്നു.

ചാൾസ് ബാബേജ് എന്നു പേരുള്ള ഒരു അച്ചായൻ പപ്പടം ചുട്ടെടുക്കാൻ കണ്ടുപിടിച്ച യന്ത്രത്തിന്റെ ആവിർഭാവം പലരുടേയും ജീവിതം മാറ്റിമറിച്ച കൂട്ടത്തിൽ മത്തായിയും പെടുമായിരുന്നു. കാശുള്ള അപ്പന്റെ മോനായത് കൊണ്ട് മത്തായിക്ക് “ആശ്വാസത്തിനായി” ആ യന്ത്രവും കുറേ പപ്പടക്കെട്ടും കൂടെയുണ്ടായിരുന്നു. കുറച്ച് കാലം കൊണ്ട് തന്നെ ഷോലേ മോഡൽ ജയ്-വീരൂ ബന്ധം ഉടലെടുത്തിരുന്നെങ്കിലും സുബ്ബുവിനെ വീട്ടിൽ കൊണ്ടുപോയി പപ്പട നോൺ-വെജ് സദ്യ കൊടുക്കാൻ മാത്രം ധൈര്യമുണ്ടായിരുന്നില്ല മത്തായിക്ക്. മത്തായി പപ്പടം കൂട്ടി സദ്യയുണ്ടിരുന്നത് പപ്പയും മമ്മിയും പള്ളീൽ പോവുന്ന ഞാറാഴ്ച്ചകളിലെ കുറച്ച് സമയം മാത്രമാണ്. യേ ദോസ്തി കേ നാം ജാൻ ബി ഹാസിർ ഹേ എന്നൊക്കെയായിരുന്നു വെപ്പ് എങ്കിലും കുതിരവട്ടം പപ്പു പറയാറുള്ള “ഡിസ്ക്ക്” എടുത്ത് കൂട്ടുകാരനെ വീട്ടിലേക്ക് വിളിക്കാൻ തയ്യാറായിരുന്നില്ല. എങ്കിലും ലാലുവിനു ആലൂവിനോടുള്ള സ്നേഹം മത്തായിക്ക് സുബ്ബുവിനോട് ഉണ്ടായിരുന്നു. ഈ നോൺ-വെജിറ്റേറിയൻ പ്രശ്നത്തിനു പരിഹാരമായി തനിക്ക് പരിചയമുള്ള ഗിരിജേച്ചിയുടെ തറവാട്ടിൽ കൊണ്ടുപോകാമെന്നേറ്റു. സുന്ദരിയും വശ്യത നിറഞ്ഞൊഴുകുന്നവളുമായ ഗിരിജേച്ചിയുടെ തറവാട്ടിലെ നോൺ-വെജിറ്റേറിയൻ സദ്യ കഴിക്കാനായി വടക്ക് പെരുമ്പിലാവിനപ്പുറത്ത് നിന്നും, തെക്ക് ചാലക്കുടി, അങ്കമാലിയിൽ നിന്നൊക്കെയും, അഞ്ചാം ക്ലാസ്സ് കുട്ടികൾ മുതൽ “കഷ്ടിപ്പൂർത്തി” ആഘോഷിച്ചു കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന അപ്പനപ്പൂപ്പന്മാർ വരെ വരാറുണ്ടെന്ന് സുബ്ബുവിനെ മത്തായി പറഞ്ഞ് മനസ്സിലാക്കി. സദ്യയുണ്ടെന്നു പറഞ്ഞാൽ പോകാത്ത മലയാളിയുണ്ടോ, അതും പക്കാ നോൺ-വെജ് സദ്യാ എന്നുള്ള മത്തായിയുടെ ആത്മഗതം കേട്ട് സുബ്ബു ചിരിച്ചു പോയിരുന്നു. മത്തായി ദിവസം നിശ്ചയിച്ചു. തൊട്ടടുത്തു വരുന്ന ഞാറാഴ്ച. ഗിരിജേച്ചിയുടെ വാഴയിലെ നോൺ-വെജ് സദ്യ മഹാത്മ്യം അനുഭവിച്ചറിഞ്ഞിരുന്നത് കൊണ്ട് വീട്ടിലെ പപ്പട സദ്യ ആ ആഴ്ച്ചത്തേക്ക് മാത്രം ഒഴിവാക്കി.

ആ മഹാദിവസം വന്നെത്തി. യാതൊരുവിധ ശബ്ദകോലാഹലങ്ങളുമില്ലാതെ എന്നത്തേയും പോലെ അന്നും സുപ്രഭാതം പൊട്ടി വിരിഞ്ഞു. വേറെ ഒരു പണിയുമില്ലാത്ത ആദിത്യൻ കിഴക്കു തന്നെ വെട്ടം വീഴ്ത്തി. മാമന്റെ ഒന്നരയേക്കർ തെങ്ങിന്തോപ്പിലൂടെ ഭാസ്കർജി തന്റെ ടോർച്ചടിക്കുന്നതിനു മുമ്പേ, കുളിച്ചു അമ്പലത്തിൽ പോയി നമസ്ക്കാരവും, ജപവും, ഗായത്രിയും വിഷ്ണു സഹസ്രനാമവും തീർത്തു ചായ കുടിക്കാനെത്തുന്ന സുബ്രമണ്യനെ കാണാഞ്ഞ് മുറിയിൽ പരതിയ മാമനും മാമിയും മാമന്റെ മോളും അന്തം വിട്ടു വാ പൊളിച്ചു. സുബ്ബുവതാ കട്ടിലിൽ ചുരുണ്ട് കൂടി കിടന്നുറങ്ങുന്നു. ഒരു സുന്ദരസ്വപ്നം നടക്കാൻ പോകുന്നതിന്റെ ഉന്മേഷവും ആലസ്യവും ഒരേ സമയം സുബ്ബുവിൽ കളിയാടിയിരുന്നു. സുബ്രമണ്യന്റെ ഈ മാറ്റത്തെ നോക്കി വാ പൊളിച്ചിരുന്നവരെ ശ്രദ്ധിക്കാ‍തെ “സ്പെഷ്യൽ ക്ലാസ്സിലേക്കാണെന്നും” പറഞ്ഞ് വട്ടപ്പൊട്ടും ചന്ദനക്കുറിയുമില്ലാതെ, സദ്യയുണ്ണുമ്പോൾ ചമ്രം‌ മടഞ്ഞിരിക്കാൻ മുണ്ടാണ് നല്ലതെന്ന് മനസ്സിലാക്കി വെള്ളമുണ്ടുമുടുത്ത് മത്തായിയുടെ കൂടെ ഗിരിജേച്ചിയുടെ തറവാട്ടിലേക്ക് പറപറന്നു. യാത്രയിൽ മുഴുവൻ ഗറം ഗറം സാമ്പാറിൽ ഡൂബിയ ഇഡ്ലിയേക്കാളും സ്വാദിഷ്ടമായ സദ്യ തറവാട്ടിൽ കിട്ടുമല്ലോ എന്ന ചിന്ത സുബ്ബുവിനെ കോൾമയിർ കൊള്ളിച്ചു കൊണ്ടേയിരുന്നു.

തറവാട്ടിൽ എത്തിയപ്പോൾ ഒരുത്സവ പ്രതീതി. ഏതോ പുതിയ സദ്യ വെള്ളിയാഴ്ച്ച മുതൽ വിളമ്പിത്തുടങ്ങിയിരുന്നു. മത്തായിയുടെ സെൻസസ് പോലെ തന്നെ പലപല പ്രായത്തിലുള്ളവരെ കണ്ടു. ഒഴിഞ്ഞ കോണുകളിൽ അങ്ങിങ്ങായി പെൺകൊടികൾ, വിരലിൽ എണ്ണാൻ മാത്രം. തികച്ചും സ്വഭാവികമായി തന്നെ സുബ്ബുവിന്റെ സംശയം അതായി. അതെന്താ പെണ്ണുങ്ങൾക്കൊന്നും സദ്യയുണ്ണണ്ടേ? കല്യാണം കഴിഞ്ഞ് ഭർത്താവിനു “ആവതുണ്ടെങ്കിൽ” മാത്രം നോൺ കഴിച്ചാൽ മതിയോ?. സംശയം ന്യായമായിരുന്നുവെങ്കിലും ഒരു ഗൂഢമന്ദഹാസം മാത്രമായിരുന്നു അതിനുള്ള മത്തായിച്ചന്റെ മറുപടി. സദ്യക്കുള്ള കൂപ്പണും വാങ്ങി നേരെ ഡൈനിങ്ങ് ഹാളിലേക്ക് വച്ചു പിടിച്ചു. പഴയകാലത്തിന്റെ പ്രൌഡി വിളിച്ചറിയിക്കുന്ന ഒന്നും തന്നെയില്ലെങ്കിലും തറവാട്ടിലെത്തുന്ന ഏതൊരാളും സന്തോഷമായേ തിരിച്ചു പോകാറുള്ളൂ. പഴയ കാലൊടിഞ്ഞ ബെഞ്ചുകളിൽ ഇരുന്നോ കിടന്നോ മുമ്പിലെ വലിയ വാഴയിലയിൽ നിന്നും ആസ്വദിച്ചു കഴിക്കാമായിരുന്നു. ആ സുദിനത്തിൽ സുബ്ബുവിന്റെ മനസ്സിലെ ആഗ്രഹമറിഞ്ഞിട്ടെന്നവണ്ണം ചൈനീസും ജാപ്പനീസും ഒക്കെ ചേർത്തൊരു ഏഷ്യൻ നോൺ-വെജ് സദ്യ തന്നെ ഗിരിജേച്ചി വിളമ്പി. സുബ്ബുവിന്റെ ആർത്തി കണ്ട് മത്തായി വാ പൊളിച്ചിരുന്നു. പട്ടരെയാണോ സദ്യയുണ്ണാൻ പഠിപ്പിക്കുന്നത് എന്ന രീതിയിലായിരുന്നു പിന്നീടങ്ങോട്ട്.

ഉച്ചയ്ക്ക്, ഏമ്പക്കവും വിട്ടു സുബ്ബു ഹാപ്പിയായി കുന്നുകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് നടന്നു. മുത്തുസ്വാമി ദീക്ഷിതരും, ചെമ്പൈയേയും ശെമ്മാങ്കുടിയേയും മാത്രം ആരാധിച്ചിരുന്ന സുബ്ബുവിന്റെ ചുണ്ടിൽ രജനിയണ്ണന്റെ “വന്തേണ്ടാ പാൽക്കാറേൻ” ഒഴുകി. മൂളിപ്പാട്ടുമായി വീടിനകത്തേക്ക് കയറിയ സുബ്രമണ്യനെ നോക്കി മാമന്റെ മകൾ പൂച്ച ചിരിക്കും പോലെയുള്ള മനമോഹനന്റെ ചിരി പാസ്സാക്കി. കാര്യമായ ചർച്ച നടക്കാൻ പോവുന്നതിന്റെ ലക്ഷണമെന്നോണം മാമനും മാമിയും ബന്ധുവും അയൽ‌വാസിയുമായ ഉണ്ണിയേട്ടനും ചിന്താമഗ്നരായി ഇരിക്കുന്നുണ്ടായിരുന്നു. അനിയത്തിക്കുട്ടിയോട് “എണീറ്റ് പോയി പഠിക്കെടീ” എന്ന് പറഞ്ഞതിന്റെ ധ്വനി വ്യത്യാസത്തിൽ നിന്നും സംഗതി പന്തിയല്ലെന്നു സുബ്ബുവിനു മനസ്സിലായി. വളരെയധികം സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന മാമി “നളിനിയോടും മുരുകനോടും സോണിയാഗാന്ധി ക്ഷമിച്ചാലും നിന്നോട് ഞാൻ ക്ഷമിക്കില്ലെടാ” എന്നൊരു നോട്ടം പായിച്ചു. പലചരക്കും പൂജാദ്രവ്യങ്ങളുമൊക്കെ വിൽക്കുന്ന പരമസാത്വികനായ മാമൻ യമധർമ്മനെ പോലെ കാണുമാറായി. പിന്നെ അവിടെ നടന്നത് മള്ളൂർ വക്കീലിന്റെ കേസ് വിസ്താരത്തിനേക്കാളും വലിയ വിസ്താരമാണ്. ഏതോ പട്ടത്തിപ്പെണ്ണിന്റെ തിരുമണത്തിനു പോയ ഉണ്ണിയേട്ടൻ താൻ ഗിരിജേച്ചിയുടെ തറവാട്ടിൽ കയറുന്നത് കണ്ടു പോലും. പട്ടത്തിപ്പെണ്ണുങ്ങൾക്കൊക്കെ കല്യാണം കഴിക്കാൻ തോന്നിയ സമയം എന്നു ആത്മഗതം മനസ്സിൽ പറഞ്ഞെങ്കിലും സുബ്ബു അവരുടെ മുമ്പിൽ അലിഞ്ഞില്ലാതെയായി, ചമ്മി നാശകോശമായി.

“വെടി” ഉണ്ട പായുന്നതിനേക്കാളും വേഗതയിൽ ഈ കഥ ബന്ധൂജനങ്ങൾക്കിടയിലും പരിചയമുള്ള നാട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും പടർന്നു. പിന്നെ പല ചടങ്ങുകളിൽ വെച്ചു, പല സ്ഥലങ്ങളിൽ വെച്ചു സുബ്ബുവിന്റെ മാന്യതയുടെ വെള്ളമുണ്ട് ഉരിയപ്പെട്ടു. പലപ്പോഴായി കരച്ചിലിന്റെ വക്കോളമെത്തിയ സുബ്ബുവിൽ അത് ഒരു മാറ്റത്തിനു നാന്ദിക്കുറിച്ചു. കഴുത്തോളം വെള്ളത്തിൽ മുങ്ങിയവനെന്തു കുളിര്?. പിന്നീടുള്ള എല്ലാ ഞാറാഴ്ച്ചകളിലും സുബ്ബുവിനു സ്പെഷ്യൽ ക്ലാസ്സുണ്ടായിരുന്നു. ആരെങ്കിലും കളിയാക്കിയാൽ അതിനുള്ള ഉത്തരം സുബ്ബുവിന്റെ കയ്യിൽ കാലം കൊണ്ടു കൊടുത്തു. അതിതായിരുന്നു “നിങ്ങളുടെ നാട്ടിലും കാണില്ലേ ഇതേ പോലെ?, നിങ്ങൾക്കുമില്ലേ സ്വന്തമായൊരു തറവാട്? നിങ്ങളിൽ തറവാട്ടിൽ പോകാത്തവർ എന്നെ കല്ലെറിയൂ ”.വാൽകഷ്ണം:
മാന്യതയുടെ മുഖം‌മൂ‍ടിയണിഞ്ഞവർ ഒരുപാട് പേരുണ്ടായിട്ടും ഇതു വരെ ആരും സുബ്രമണ്യനെ കല്ലെറിഞ്ഞിട്ടില്ല.
ഈ സംഭവത്തിനു ശേഷം മാമന്റെ മകളേയും സുബ്ബുവിനേം മാത്രമാക്കി മാമനും മാമിയും പുറത്ത് പോയിട്ടില്ല. അനിയത്തിക്കുട്ടിയും തെറ്റിദ്ധരിച്ചതിൽ മനം നൊന്താണ് സുബ്ബു ബാക്കിയുള്ള എം.സി.എ എന്ന കടമ്പ കടന്നത്(?). ഗോൾഡൻ ഏജ് അല്ലാതെന്ത്?
ഗിരിജേച്ചിയുടെ കുട്ടികൾ വളർന്നപ്പോൾ അവർ സമ്മതിക്കാത്തത് കൊണ്ട് തറവാട്ടിൽ നോൺ-വെജ് സദ്യ വിളമ്പുന്നത് നിർത്തി. ഇപ്പോൾ ഗിരിജേച്ചിയുടെ ബിഗ് സ്ക്രീനിൽ(വാഴയിലയിൽ) പക്കാ വെജിറ്റേറിയൻ മാത്രം.
Related Posts with Thumbnails