മഞ്ഞുപെയ്യുന്ന ഒരു മണ്ഡലകാലം കൂടി വന്നണഞ്ഞു. ഭക്തമാനസ്സങ്ങളിൽ മഞ്ഞിന്റെയും ഭക്തിയുടേയും കുളിരു കോരുന്ന മണ്ഡലകാലം. ഈ മണ്ഡലകാലത്താണ് മാലയിട്ട് അയ്യപ്പന്റെ പ്രതിരൂപമായി കഠിനമായ ശബരിമല കയറി അയ്യനെ കാണാൻ തീരുമാനിച്ചത്. ഒരു ഹാപ്പിയായ ബാച്ചിലർ കഴിഞ്ഞ അഞ്ചു വർഷക്കാലമായി മുടങ്ങാതെ മലകയറി സാക്ഷാൽ അയ്യനെ ദർശിച്ചിരുന്നു എങ്കിൽ ഈയുള്ള ബാച്ചിലറിന്റെ ഒന്നു രണ്ട് കൊല്ലത്തെ അതിയായ ആഗ്രഹ സഫലീകരണം കൂടിയായിരുന്നു ഈ കന്നിയാത്ര. ബ്ലോഗിലെ സുഹൃത്തുക്കളായ നിങ്ങളോടൊക്കെ പറഞ്ഞിരുന്നത് പോലെ നവംബർ ഇരുപതാം തീയതിയാണ് മാലയിട്ടത്. ഇവിടെ, ബാംഗ്ലൂരുള്ള വിജയബാങ്ക് ലേഔട്ടിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും പൂജിച്ച മാലയണിഞ്ഞ് അയ്യന്റെ പ്രതിരൂപമായി. പതിമൂന്ന് ദിവസം നീണ്ടുനിന്ന വ്രതം അനുഷ്ഠിച്ചു.
ഞങ്ങൾ രണ്ടുപേരടക്കം സംഘത്തിൽ ഏഴു സ്വാമിമാർ ഉണ്ടായിരുന്നു. അതിൽ മൂന്ന് കന്നിസ്വാമിമാരായിരുന്നു. നാല് കന്നഡ സ്വാമിമാരും ഒരു ആന്ധ്രാസ്വാമിയും. മാലയിട്ട അന്നു തന്നെ ഗുരുസ്വാമികൾ തന്റെ കടമ നിർവഹിച്ച് കന്നിസ്വാമിമാർക്ക് ഉപദേശങ്ങൾ നൽകി. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കുക, നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവൃത്തിക്കുക, എന്റർടെയിന്മെന്റ് എല്ലാം ഒഴിവാക്കുക, ബാച്ചിലർഹുഡ് നിലനിർത്തുക, മനസ്സ് ശുദ്ധമാക്കി നിർത്തുക. അന്ന് മുതൽ എന്റർടെയിന്മെന്റ് വിഭാഗത്തിലുള്ള ബ്ലോഗ്, ബസ്സ്, ടിവി, വായ്നോട്ടം എന്നിവയും, ചെരുപ്പ്, നോൺ-വെജ്, പകലുറക്കം, മടി അങ്ങനെ അങ്ങനെ പലതും ഉപേക്ഷിച്ചു. രാവിലെ 5 മണി എന്നൊരു സമയം ഉണ്ടെന്നും അപ്പോൾ എഴുന്നേറ്റ് ദിവസം തുടങ്ങിയാൽ ആ ദിവസം കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണെന്നും അറിഞ്ഞു. ഒഴിവു ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ടൈംസ് ഓഫ് ഇന്ത്യ തന്നെ. തലക്കെട്ടുകളും കായിക വാർത്തകളും സെലിബ്രിറ്റി ഗോസിപ്പുകളും മാത്രം നോക്കിയിരുന്ന ഞങ്ങൾ, ആ പത്രം എവിടെ നിന്നൊക്കെ പ്രസിദ്ധീകരിക്കുന്നു, പ്രസാധകന്റെ പേര്, എഡിറ്റോറിയൽ എന്നിവ വരെ വായിച്ചു നിർവൃതിയടഞ്ഞു. കൂടെയുള്ള കന്നഡ സ്വാമികൾ അവരുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ “ഭജന” സംഘടിപ്പിച്ചിരുന്നതിൽ അത്മാർത്ഥമായി പങ്കുകൊണ്ടു. എം.ടിവി മാത്രം കണ്ടിരുന്നവന്റെ വീട്ടിലെ കേബിൾ കട്ട് ചെയ്ത് ഭക്തി ചാനൽ മാത്രമാക്കിയാലത്തെ അവസ്ഥ. ചില്ലറ പരീക്ഷണങ്ങൾ ഉണ്ടായെങ്കിലും എല്ലാ പരീക്ഷണങ്ങളേയും നേരിട്ട്, ഡിസംബർ രണ്ടാം തീയതി മാലയിട്ട അയ്യപ്പക്ഷേത്രത്തിൽ നിന്നു തന്നെ ഇരുമുടിയും കെട്ടി അയ്യനെ കാണാൻ യാത്ര തിരിച്ചു.
യാത്ര നന്നായി പ്ലാൻ ചെയ്തിരുന്നെങ്കിലും ദിവസങ്ങളായി പെയ്ത് കൊണ്ടിരുന്ന മഴയും ലാലുവിന്റെ ഗരീബ് രഥവും പ്ലാനുകളൊക്കെ തകിടം മറിച്ചു. മൂന്നാം തീയതി വെള്ളിയാഴ്ച്ച രാത്രി ദർശനപുണ്യം സിദ്ധിക്കുമെന്ന് പ്രതീക്ഷിച്ച ഞങ്ങൾ പമ്പയിൽ നിന്നും പതിനെട്ടാംപടി വരെ എത്തിയപ്പോഴേക്കും ഹരിഹരസുതനെ നമ്മുടെ ഗാനഗന്ധർവ്വൻ ഹരിവരാസനം പാടി ഉറക്കി (ഗാനഗന്ധർവ്വന്റെ ഭാഗ്യമോർത്ത് അസൂയപ്പെട്ടു). പടിവരെ എത്തിയിട്ടു കാണാൻ കഴിയാത്തതിൽ സങ്കടം തോന്നിയ നിമിഷങ്ങൾ. പതിനൊന്നു മണിയ്ക്കു നടയടയ്ക്കുമെങ്കിലും രാത്രി മുഴുവനും പൊന്നുപ്പതിനെട്ടാംപ്പടി കയറാൻ അനുവദിക്കുമായിരുന്നത് കൊണ്ട്, പതിനെട്ട് പടി കയറി തൊഴുത് അയ്യനെ കാണാൻ വടക്കേനടയിൽ വീണ്ടും ക്യൂ നിന്നു. രാവിലെ നാല് മണിയ്ക്ക് വീണ്ടും യേശുദാസിന്റെ സുപ്രഭാതത്തോടെ ശബരിഗിരി ഉണരുകയായി. തളർന്നിരുന്നെങ്കിലും സുപ്രഭാതം കേട്ടതോടെ എല്ലാ വേദനകളും മറന്ന് തിക്കിത്തിരയ്ക്കുന്ന ക്യൂവിൽ നിന്നു. കൂട്ടത്തിലെ എല്ലാവർക്കും സാക്ഷാൽ കലിയുഗവരദന്റെ ദർശനം മുപ്പത് സെക്കന്റുകളോളം കിട്ടി എന്നത് വലിയൊരു കാര്യം തന്നെയാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കായി ഉപദൈവമായ ഗണപതിയുടെ കോവിലിൽ കെട്ടുന്ന മണി ഞങ്ങളിൽ മൂന്ന് പേർക്ക് കിട്ടി എന്നതും വളരെ സന്തോഷമുളവാക്കുന്നതായിരുന്നു. നെയ്യഭിഷേകത്തിനു ക്യൂ നിൽക്കാതെ അതിനായി പോകുന്ന സ്വാമിമാർക്ക് ഔട്ട്സോഴ്സ് ചെയ്ത് അരവണയും അപ്പവുമായി തിരിച്ച് മലയിറങ്ങാൻ തുടങ്ങി. ഗരീബ് രഥിലെ വൃത്തിയില്ലായ്മ(കാശ് കൂടുതൽ വാങ്ങിയിട്ടും സ്ലീപ്പർ ക്ലാസ്സിലുള്ള വൃത്തി പോലും എ.സി ത്രീ ടയർ കോച്ചിൽ ഇല്ല.), യാത്രയിൽ കണ്ട കേരളത്തിലെ പണിതീരാത്ത മേൽപ്പാലങ്ങൾ, പമ്പയിൽ മുണ്ടും അടിവസ്ത്രങ്ങളും ഉപേക്ഷിക്കുന്ന സ്വാമിമാർ, യാതൊരു പാർക്കിങ്ങ് സെൻസുമില്ലാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, കാശ് വാങ്ങിയിട്ടും വെള്ളവും വൃത്തിയുമില്ലാത്ത പമ്പയിലെ ടോയ്ലറ്റുകൾ, ക്യൂവിൽ നിന്ന് അടികൂടുന്ന മലയാളി സ്വാമിമാർ, അമ്പലത്തിൽ തുപ്പുന്ന ചില സ്വാമിമാർ, ഇങ്ങനെ ഒട്ടനവധി മനസ്സിനെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സ്വന്തം ശകടമായ ആനവണ്ടിയിലെ സ്നേഹമുള്ള കണ്ട്ക്ടർമാരും ശ്രദ്ധാപൂർവ്വം ഓടിക്കുന്ന ഡ്രൈവർമാരും, സഹൃദയരായ പോലീസുകാരും(ഇവരെ കണ്ടാൽ തോന്നും ഇവരൊന്നും പോലീസേ അല്ല എന്ന്), തളർന്ന് പരവശരായ അച്ഛൻ സ്വാമിമാരൊപ്പം തളർന്നിട്ടും യാതൊരു തളർച്ചയുമില്ലാതെ മലകയറുകയും ഇറങ്ങുകയും ചെയ്യുന്ന കൊച്ചു കൊച്ചു സ്വാമികളും, മാളികപ്പുറങ്ങളും എല്ലാം മനസ്സിനു കുളിരേകുന്ന കാഴ്ചകളായിരുന്നു.
രാവിലെ പത്ത് മണിയ്ക്ക് പമ്പയിൽ നിന്നു പുറപ്പെട്ടു. പാർക്കിങ്ങ് സ്ഥലമായ നിലയ്ക്കലിൽ ഉണ്ടായ ഗതാഗതക്കുരുക്ക് കാരണം നാല് മണിയോട് കൂടി മാത്രമാണ് കോട്ടയത്ത് എത്തിയത്. അവിടെ നിന്നാണ് തിരിച്ചുള്ള വോൾവോ ബസ്സ് ബുക്ക് ചെയ്തിരുന്നത്. അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി എല്ലാവരും നാരങ്ങാവെള്ളം ഓർഡർ ചെയ്ത് ടോയ്ലറ്റിൽ കയറി “കാര്യം സാധിച്ചു”, ആശ്വസിച്ചു. എറണാകുളത്തിനിപ്പുറം എവിടെയോ ഊൺ കഴിക്കാൻ ബസ്സ് നിർത്തിയതും ഒരു ജ്യൂസിൽ വിശപ്പൊതുക്കിയതും മാത്രമാണ് പിന്നീടുള്ള ഓർമ്മ. രാവിലെ എട്ട് മണിയ്ക്ക് ബാംഗ്ലൂർ എത്തിച്ചേർന്നു. ഇവിടെയുള്ള മഡിവാളയിലെ അയ്യപ്പക്ഷേത്രത്തിൽ മാലയൂരി എല്ലാവരോടും യാത്ര പറഞ്ഞ് പിരിയുമ്പോൾ പതിനാറിലധികം മണിക്കൂർ ക്യൂവിൽ നിന്നത് കാരണം നടക്കാൻ ബുദ്ദിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ സന്തോഷമായിരുന്നു. ഫ്ലാറ്റിലെത്തി മാതൃഭൂമി തുറന്നപ്പോൾ ആ സന്തോഷത്തിനു അതിരുകൾ ഇല്ലാതായി. ആ ശനിയാഴ്ച്ച എന്തോ സ്പെഷ്യൽ ശനി ആയിരുന്നെത്രേ. ശനീശ്വരനെ ശനിയാഴ്ച്ച ദർശിക്കുന്നത് പുണ്യമാണ്. ഈ മണ്ഡലകാലത്തെ (അന്നുവരെയുള്ള)ഏറ്റവും തിരക്കേറിയ ദിവസമാണ് ഞങ്ങൾ എത്തിയത് എന്നിട്ടും നല്ല ദർശനം ഉണ്ടായത് അനുഷ്ഠിച്ച വ്രതശുദ്ധിയുടെ ഫലം തന്നെയെന്ന് വിശ്വസിക്കുന്നു.


