വീണ്ടും ഒരു മീറ്റ്

A Week Earlier.
സമയം 8:30 AM. മൂടിക്കെട്ടിയ അന്തരീക്ഷം. മുറിവിൽ ഉപ്പുതേക്കുന്ന പോലെ, എന്നും രാവിലെയുള്ള തണുപ്പു കൂട്ടാൻ എത്തുന്ന മഴ. ഞാൻ രണ്ട് കമ്പിളിക്കുള്ളിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്നു. കലാഭവൻ മണിയുടെ പ്രശ്സ്തമായ ചിരിപോലെ കോളിങ്ങ് ബെൽ ശക്തമായി അടിച്ചു, ങ്ങ്യാഹഹഹഹ ആരാണപ്പാ രാവിലെ തന്നെ ശല്യം ചെയ്യാൻ എന്നു പ്രാകിക്കൊണ്ട് താക്കോൽ തപ്പിപ്പിടിച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ അതാ, മഴയത്ത് നനഞ്ഞ് തണുത്ത് വിറച്ച് അൺഹാപ്പിയായി ഒരു ഹാപ്പി ബാച്ചിലർ നിൽക്കുന്നു. ഹൊ മനസ്സമാധാനം പോയി. ഇത്രയും ദിവസങ്ങളിൽ ഞാൻ നന്നായി ഉറങ്ങിയിരുന്നു, ഇനി ഇവന്റെ കൂർക്കം വലി കാരണം ഉറക്കമില്ലാത്ത രാത്രികളാണല്ല്ലോ ഈശ്വരാ എനിക്ക് കൂട്ട് എന്നോർത്തു. പിണറായിക്കു അച്ചുമാമനില്ലാതെ പറ്റില്ലെന്നതു പോലെ, ഒരു ഹാപ്പി ഇല്ലാതെ മറ്റേ ഹാപ്പി, ഹാപ്പി ആവില്ലല്ലോ. “വാട്ട്സ് അപ് ബ്രോ, സാധനം കയ്യിലുണ്ടോ?” എന്ന് ചോദിച്ചു. സാധനം കയ്യിലുണ്ട് എന്ന് പറഞ്ഞ് അവൻ അകത്ത് കയറി. ഇരുപത് ദിവസത്തെ ലീവെടുത്ത് നാട്ടിൽ പോയി തിരിച്ചു വന്നതാണ് ഈ തണുത്ത് മരവിച്ച ബാച്ചി (പെണ്ണുകാണാൻ പോയതാണ് എന്നൊക്കെ ഓഫീസിലെ അസൂയാലുക്കളായ ചില മാരീഡ് അങ്കിൾസ് പറഞ്ഞു പരത്തുന്നു.) ഒരു ബ്ലോഗർ വേറെ ഒരു ബ്ലോഗറെ കണ്ടു കുശുമ്പും കുന്നായ്മയും പറയുന്നതിനെയാണല്ലോ ബ്ലോഗ് മീറ്റ് എന്നു പറയുന്നത്. അങ്ങനെ രണ്ട് ബാച്ചികളും ഇരുപത് ദിവസത്തെ ഇടവേള കഴിഞ്ഞ് ഒരുമിച്ചപ്പോൾ, ബൂലോകത്തെ രാജാക്കന്മാരും രാഞ്ജികളും കുമാരന്മാരും കുമാരികളും ആരുമറിയാതെ ഒരു ബ്ലോഗ് മീറ്റ് നടന്നു.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഇപ്പോഴിതാ വീണ്ടും ഒരു മീറ്റ് ആഗതമായിരിക്കുന്നു. ആദ്യ മീറ്റിനെക്കാൾ പലവ്യത്യാസങ്ങളുമുള്ള മീറ്റാണ് നടക്കാൻ പോവുന്നത്. ഇത് ഒരു ബ്ലോഗ് മീറ്റ് അല്ല. ഇത് ഒരു ബാച്ചിലേഴ്സ് മീറ്റ് ആണ്.ഞങ്ങൾ ഒരു ക്രോണിക്ക് ബാച്ചിലറിനെ കാണാൻ പോകുന്നു. മീറ്റുന്നത് ഇവിടെ അടുത്തെങ്ങുമല്ല. പുഴയും നദിയും കാടും കടന്ന് വേണം മീറ്റുന്ന സ്ഥലമെത്താൻ. അതെ, ഹാ‍പ്പി ബാച്ചിലേഴ്സ്, ആരാധ്യ പുരുഷനും വഴികാട്ടിയുമായ സാക്ഷാൽ കലിയുഗവരദന്റെ തിരുസന്നിധിയിലേക്ക് മീറ്റാൻ പോവുന്നു. നിങ്ങളുടെ ബ്ലോഗ് വായിച്ചു എന്ന അപരാധം, അതൊക്കെ വായിച്ച് ആവേശം മൂത്ത് സ്വന്തമായി ബ്ലോഗ് തുടങ്ങി എന്ന മഹാപരാധം, അതിലും വലുതായി നിങ്ങളെയൊക്കെ ഞങ്ങളുടെ ബ്ലോഗ് വായിപ്പിച്ചു എന്ന മഹാപാതകം, അങ്ങനെ ഒരുപാട് പാപങ്ങൾ പമ്പയിൽ ഒഴുക്കിക്കളയേണ്ടതുണ്ട്. അറിഞ്ഞൊ അറിയാതെയൊ നിരന്തരം ചെയ്യുന്ന കർമ്മഫല ദോഷങ്ങൾ തീർക്കാനായുള്ള അറിവില്ലാ പൈതങ്ങളുടെ യാത്രയാണിത്. ഈ മീറ്റിനു പോകേണ്ടുന്നതിനാൽ, ഇനി വരും ദിവസങ്ങളിൽ ബ്ലോഗിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടക്കുന്നതല്ലായിരിക്കും എന്ന് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളേയും അറിയിക്കട്ടെ.

എല്ലാവരുടേയും ജീവിതത്തിൽ സ്നേഹത്തിന്റെ വെള്ളിവെളിച്ചം നിറയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
സസ്നേഹം
ഹാപ്പി ബാച്ചിലേഴ്സ്.
Related Posts with Thumbnails