ഒരു കന്നിസ്വാമിയുടെ പരാക്രമങ്ങൾ.

ഒട്ടകപക്ഷിയെപ്പോലെ കീബോർഡിൽ തലപൂഴ്ത്തി ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ തിരിയാതെ പണിയെടുക്കുകയായിരുന്ന എന്നിലേയ്ക്ക് “ശങ്ക” കടന്നു വന്നു. സ്വാമിയേ നീ തന്നെ ശരണം, പരീക്ഷിക്കല്ലേ എന്നു പറഞ്ഞ് റെസ്റ്റ്റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. നടന്നു നീങ്ങുന്ന വഴിയിൽ അപ്പുറത്തുമിപ്പുറത്തുമുള്ള ക്യുബിക്കിളിൽ ഉള്ളവരുടെയൊക്കെ കണ്ണുകൾ എന്റെ നേരെ നീളുന്നത് ശ്രദ്ധിക്കാതെ ആഞ്ഞുനടന്നു.

“ഹേയ്, കം ഹിയർ. ഐ വാണ്ട് റ്റു ടാക്ക് റ്റു യു.” എച്ച്.ആർ മാനേജരുടെ വിളി ശങ്കയേയും എന്നെയും ഒരുപോലെ പിടിച്ചു നിർത്തി.

ആളൊഴിഞ്ഞ ഒരു ക്യുബിക്കിളിൽ പോയി നിന്നു കൊണ്ട് മാഡം സാഹിബ വളരെ സ്നേഹത്തോടെ എന്നോട് ചോദിച്ചു.

“ഇത്‌നാ പ്രോബ്ലം ഹൈ, മുഝെ പതാ നഹി ഥാ യാർ. തുമേ പൈസാ ചാഹിയേ?” (നിനക്ക് ഇത്ര അധികം ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നിനക്ക് കാശ് വല്ലതും വേണോ?).

ഈ തള്ളയ്ക്ക് പ്രാന്തായാ എന്ന് മനസ്സിൽ വിചാരിച്ചപ്പോഴേയ്ക്കും അവർ വീണ്ടും മൊഴിഞ്ഞു.

 “ഏക് മിനിറ്റ് റുകോ. ലെറ്റ് മീ ടേക്ക് മൈ കാ‍ർ കീയ്സ്. വീ വിൽ ഗൊ ആൻ‌ഡ് ബൈ എ ന്യൂ പെയർ ഓഫ് ഷൂസ്”

കാറെടുത്ത് വരാമെന്നും, ഒരുമിച്ച് പോയി പുതിയ ഷൂസ് വാങ്ങിച്ചുതരാമെന്നും. ആ അത് പറ!! ഭ്രാന്തൊന്നുമല്ല, പകരം ചെരിപ്പ് പോലും വാങ്ങാൻ ആവതില്ലാത്ത ദരിദ്രനാരായണനെ സഹായിക്കാനുള്ള എച്ച്.ആർ സാഹിബയുടെ ത്വര.

“നഹി മൈ ഏക് സ്വാമി ഹും, ഏക് സാധു ബാച്ചിലർ സ്വാമി”

മഹിഷ-മഹിഷിയുടെ കഥയിൽ തുടങ്ങി മോഹിനിയിലൂടെ ഹരിഹരസുതന്റെ കഥ പറഞ്ഞ് പറഞ്ഞ്, “ലോർഡ് അയ്യപ്പാ നെ ഷേർ കൊ ഹറാക്കർ “പുലിപ്പാൽ” ലേക്കർ ആയാ!!” എന്നു മുഴുവനും ശ്വാസമടക്കിപ്പിടിച്ച് പറഞ്ഞ് തീർത്തു. (സ്വാമിയേ ക്ഷമിക്കണേ, പുലിയുടെ ഹിന്ദി അറിയാത്തത് കൊണ്ട് തത്ക്കാലം സിംഹത്തെ വെച്ചഡ്ജസ്റ്റ് ചെയ്തതാണേ.)

 “ക്യാ? യെ പുളിപ്പൽ ക്യാ ഹെ?” ദൈവമേ കുടുങ്ങിയോ.

ഇനിയും ഇവിടെ നിന്നാൽ പുലിപ്പാൽ അല്ല, പുള്ളിപ്പൽ തന്നെയുണ്ടാവും എന്ന് വിചാരിച്ച് ശങ്ക തീർക്കാനോടി. ശങ്ക തീർത്ത് വന്നിട്ട്, കഥയും ശബരിനാഥനെ കാണാൻ പോവാനുള്ള റിച്ച്വൽ‌സിനെക്കുറിച്ചും പിന്നേയും അരമണിക്കൂർ ക്ലാസ്സെടുക്കേണ്ടിവന്നു. എല്ലാം കേട്ടിട്ട് അവസാനം ഒരു പറച്ചിലും,

“ഓ, വെരി ഗുഡ്. ദിസ് വിൽ ബ്രിങ്ങ് ഡിസിപ്ലിൻ ഇൻ യുവർ ലൈഫ്”. ഹും!! പറയുന്നത് കേട്ടാൽ തോന്നും ഡിസിപ്ലിനേ ഇല്ലാ എന്ന്. മനസ്സിൽ ദേഷ്യം തോന്നാതിരിയ്ക്കാൻ, സ്വാമിയേ ശരണം എന്ന്  നീട്ടിവിളിച്ച് തിരികെ സീറ്റിലേയ്ക്ക് നടന്നു.


കന്നി ശബരിമല യാത്രയാണ് സ്വഭാവം മൊത്തം പരീക്ഷിച്ചിട്ടേ വിടൂ എന്നുണ്ടോ ആവോ, ആരുടെയും കണ്ണിൽപ്പെടാതെ, ആരേയും കണ്ണിൽപ്പെടുത്താതെ സ്വന്തം സീറ്റെത്തണം, അതിനായി ഫയർ എക്സിറ്റിനടുത്തൂടെയുള്ള വളഞ്ഞ വഴി പിടിച്ചു. ശങ്കയൊക്കെ മാറ്റി ആശ്വാസത്തോടെ ക്യുബിക്കിളിൽ ഇരുന്ന് കീബോർഡിലും മോണിറ്ററിലും തലപ്പൂഴ്ത്തി വർക്കഹോളിക്ക് ആവാം എന്ന് കരുതിയതും അറിയാതെ തല ചെരിച്ച് കോർണറിലെ ക്യുബിക്കിളിലേയ്ക്ക് കണ്ണ് പാഞ്ഞു. ഭാഗ്യം കക്ഷി അവിടെ ഇല്ല. സമാധാനത്തോടെ നിവർന്നിരുന്നതും ആരോ മൃദുലമായി തലയിൽ തൊട്ടു, ഒരു കിളിനാദവും ഒഴുകിയെത്തി. “ഹായ്”

പഞ്ചാബിലെ വിളഞ്ഞു നിൽക്കുന്ന ഗോതമ്പ് പാടങ്ങളെ അനുസ്മരിപ്പിക്കുന്ന, ടീമിന്റെ പൊന്നോമനയും,  അഴകിന്റെ പര്യായവും കിം കർദാസിയാന്റെ ഫിഗറുമുള്ള നീന കൌർ. ബാച്ചിലേഴ്സിന്റെ കണ്ട്രോൾ കളയാനായി ദൈവം ഭൂമിയിലേയ്ക്കിറക്കിയ ഒരു ഐറ്റം. മുത്തുപൊഴിയുന്നത് പോലെയുള്ള മന്ദഹാസം ഇടയ്ക്കിടെ ചോദിച്ച് വാങ്ങിയ്ക്കാറും, ഫ്രീയായി കിട്ടാറുമുണ്ടായിരുന്നു. ഇപ്പൊ എന്താണെന്തോ ഉദ്ധേശം.

“ഹായ്” വീണ്ടുമൊരു വിഷ് എന്നെ ചിന്തയിൽ നിന്നുണർത്തി.

“ഹ ഹാ‍ാ‍ായ്” നല്ല കുളിര്.

“ഈവനിങ്ങ് ക്യാ കർ രഹെ ഹൊ?” “വൈകിട്ടെന്താ പരിപാടീന്ന്” പഞ്ചാബികുഡി ചോദിക്കുന്നു. അപകടം മണത്തത് കൊണ്ട് ഇളിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“വൊ സ്മിത മാഡം ഹെ ന, വൊ തുമാരി ബഹുത്ത് താരീഫ് കർ രഹീ ഥി.” ദൈവമേ കുടുങ്ങി.

കഴിഞ്ഞയാഴ്ച്ച മാനേജറുടെ ഫാമിലിയുമൊത്ത് അവരുടെ കുട്ടിയ്ക്ക് ഡ്രെസ്സ് എടുക്കാൻ പോയ കാര്യം ഇനി ഈ ലോകത്തിൽ ആരും അറിയാൻ ബാക്കിയില്ല എന്ന് മനസ്സിലായി. മാനേജറുടെ വൈഫ് ക്ലാസ്സ്മേറ്റ് ആയതു കൊണ്ട് മാത്രം കൂടെ പോയി എന്നത് സത്യമായിരുന്നു.

“കെഹ് രഹി ഥി കീ തുമേ “ബച്ഛോം“ കി ചീസ് മെ ബഹുത്ത് ദിൽ‌ചസ്പി ഹൈ.” (അവളു പറഞ്ഞു നിനക്ക് കുട്ടികളുടെ കാര്യങ്ങളിൽ നല്ല അറിവും താല്പര്യവുമാണെന്ന്)

“യു വിൽ ബി എ ഗുഡ് ഫാദർ.”

“മേരെ ദീദി ഓർ ഉൻ‌കി ബച്ഛേ ആ രഹേ ഹെ. ഹമേ കമേഴ്ഷ്യൽ സ്ട്രീറ്റ് ലേ ജാവോഗേ നാ?” (എന്റെ ചേച്ചിയും കുട്ടികളും വരുന്നുണ്ട്. ഞങ്ങളെ കമേഴ്ഷ്യൽ സ്ട്രീറ്റിൽ ഷോപ്പിങ്ങിന് കൊണ്ടുപോകുമോ?)

അതെ ഡീ അതെ, ഞാൻ നിന്റെയും കൂടെ വരാം, നിന്റെ ഫാമിലിയെ പരിചയപ്പെടാം, നിന്നെത്തന്നെ കെട്ടാം എന്നിട്ട് നല്ലൊരു ഫാദറും ആവാം. ഒരു നിമിഷം പഞ്ചാബിലെ ഗോതമ്പ്പ്പാടത്ത് “വിത്ത്”  ഇറക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചുപോയി. ചെറുപ്പം മുതലേ “കൃഷിയോട്” താല്പര്യമുള്ളത് കൊണ്ടാവാം എന്നിലെ കർഷകൻ സടകുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.  ശരീരം മൊത്തം കുളിരു കോരിയപ്പോൾ ദൈവദൂതന്റെ സന്ദേശം പോലെ, കൂട്ടത്തിൽ ഏറ്റവും അധികം പ്രാവശ്യം മലചവിട്ടിയതിനാൽ മാത്രം ഗുരുസ്വാമിയായി അവരോധിക്കപ്പെട്ട മറ്റേ ബാച്ചിയുടെ ഇ-മെയിൽ വന്നു.

“മാലയിട്ട ദിവസം പറഞ്ഞത് മറക്കരുത്. ബ്രഹ്മചര്യം കൈവിടാതിരിക്കുക. മനസ്സ് ശുദ്ധമായി സൂക്ഷിക്കുക.”

മുകളിലത്തെ ഫ്ലോറിലിരുന്ന് കൃത്യമായി ഈ സ്വാമിയ്ക്കെങ്ങനെ എന്റെ പ്ലാനുകൾ മനസ്സിലായി? അധികം ആലോചിച്ചു നിൽക്കാതെ പഞ്ചാബി പാടത്തെ പിരിച്ചുവിടാനുള്ള തത്രപ്പാട് തുടങ്ങി.

“ലുക്ക് ബേട്ടി, ഐ ആം എ സ്വാമി യു നൊ, എ ബാച്ചിലർ സ്വാമി. സ്ത്രീ സമ്പർക്ക് നഹീന്ന് പറഞ്ഞാൽ നഹി. ”

ഹരിയുടെയും ഹരന്റേയും ഹരിഹരസുതന്റെയും കഥ വീണ്ടും തുടക്കം മുതൽക്ക് തന്നെ പറയേണ്ടി വന്നു. എന്റെ കഥ പറയാനുള്ള കഴിവിൽ മതിപ്പും, എത്രപ്പേരോട് ഇനി ഇത് പറയേണ്ടി വരും എന്ന ചിന്ത പേടിയുമുളവാക്കി.


വൈകുന്നേരം ഓഫീസ് ബസ്സിൽ തിരിച്ച് വീട്ടിൽ പോവുമ്പോഴും വീണ്ടും പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. ബസ്സ് നിറയെ പെൺപിടകൾ. ഇതുവരെ കണ്ടിട്ടുള്ളവരും കാണാത്തവരും. എല്ലാവരും മനം മയക്കുന്ന ക്ലോസ്-അപ് പുഞ്ചിരിയുമായി എന്നെ വരവേൽക്കുന്നു. സ്വാമി മാത്രമേ ശരണമുള്ളൂ എന്ന് മനസ്സിൽ അരയ്ക്കിട്ടുറപ്പിച്ച് കണ്ണുകൾ ഇറുക്കിയടച്ച് വീടെത്തുന്നത് വരെ പ്രാർത്ഥിച്ചു.

പ്രാർത്ഥനയും മറ്റും കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ ഗുരുസ്വാമി അന്നേ ദിവസത്തെ വിശേഷങ്ങൾ ആരാഞ്ഞു.

“എങ്ങനെയുണ്ട് കന്നിസ്വാമി പരീക്ഷണങ്ങൾ?”

“സ്വാമി, ഒട്ടും മോശമല്ലാതെ കിട്ടുന്നുണ്ട് പരീക്ഷണങ്ങൾ, അതും ആ നീന കൌറിന്റെ രൂപത്തിൽ. മാലയിട്ട് ശനിയും ഞായറും വീട്ടിലായിരുന്നത് കൊണ്ട്, “ഹേയ് പരീക്ഷണങ്ങൾ അതൊന്നും തീരെ പേടിയില്ല” എന്ന് പറഞ്ഞത് ഞാൻ പിൻ‌വലിച്ചിരിക്കുന്നു സ്വാമി. എന്നിൽ ഇപ്പൊ അഹങ്കാരം ലവലേശമില്ല. ഇനിയുള്ള പത്ത് ദിവസം എനിക്ക് മാനേജറോട് വർക്ക് ഫ്രം ഹോം ഓപ്ഷൻ കിട്ടുമോ എന്ന് ചോദിക്കണം. ഇന്നൊരു ദിവസം കൊണ്ട് തന്നെ മതിയായി. മൊത്തം പ്രശ്നമാ. ഇങ്ങനെയാണെങ്കിൽ എന്നെ വല്ല പുലിപിടിയ്ക്കുകയോ ആന ചവിട്ടുകയോ ചെയ്യും, തീർച്ച.”

“ഹ ഹ ഹ.”

“ചിരിച്ചൊ ചിരിച്ചൊ. സ്വാമിയ്ക്കൊക്കെ ചിരിക്കാം. ഞാൻ വീട്ടിലെ ഏക ആൺ തരിയാ. (പോരാത്തതിനു കല്യാണവും കഴിഞ്ഞിട്ടില്ല.)”.


കന്നിസ്വാമിയുടെ പരാക്രമങ്ങൾ പിന്നേയും ഒരുപാടുണ്ട്. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടെങ്കിലും വ്രതശുദ്ധിയോടെ പോയി വന്നു. എല്ലാം ഭഗവാൻ തേരി മായ!!

ശബരിമല യാത്രാവിശേഷങ്ങൾ.

മഞ്ഞുപെയ്യുന്ന ഒരു മണ്ഡലകാലം കൂടി വന്നണഞ്ഞു. ഭക്തമാനസ്സങ്ങളിൽ മഞ്ഞിന്റെയും ഭക്തിയുടേയും കുളിരു കോരുന്ന മണ്ഡലകാലം. ഈ മണ്ഡലകാലത്താണ് മാലയിട്ട് അയ്യപ്പന്റെ പ്രതിരൂപമായി കഠിനമായ ശബരിമല കയറി അയ്യനെ കാണാൻ തീരുമാനിച്ചത്. ഒരു ഹാപ്പിയായ ബാച്ചിലർ കഴിഞ്ഞ അഞ്ചു വർഷക്കാലമാ‍യി മുടങ്ങാതെ മലകയറി സാക്ഷാൽ അയ്യനെ ദർശിച്ചിരുന്നു എങ്കിൽ ഈയുള്ള ബാച്ചിലറിന്റെ ഒന്നു രണ്ട് കൊല്ലത്തെ അതിയായ ആഗ്രഹ സഫലീകരണം കൂടിയായിരുന്നു ഈ കന്നിയാത്ര. ബ്ലോഗിലെ സുഹൃത്തുക്കളായ നിങ്ങളോടൊക്കെ പറഞ്ഞിരുന്നത് പോലെ നവംബർ ഇരുപതാം തീയതിയാണ് മാലയിട്ടത്. ഇവിടെ, ബാംഗ്ലൂരുള്ള വിജയബാങ്ക് ലേഔട്ടിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും പൂജിച്ച മാലയണിഞ്ഞ് അയ്യന്റെ പ്രതിരൂപമായി. പതിമൂന്ന് ദിവസം നീണ്ടുനിന്ന വ്രതം അനുഷ്ഠിച്ചു.

ഞങ്ങൾ രണ്ടുപേരടക്കം സംഘത്തിൽ ഏഴു സ്വാമിമാർ ഉണ്ടായിരുന്നു. അതിൽ മൂന്ന് കന്നിസ്വാമിമാരായിരുന്നു. നാല് കന്നഡ സ്വാമിമാരും ഒരു ആന്ധ്രാസ്വാമിയും. മാലയിട്ട അന്നു തന്നെ ഗുരുസ്വാമികൾ തന്റെ കടമ നിർവഹിച്ച് കന്നിസ്വാമിമാർക്ക് ഉപദേശങ്ങൾ നൽകി. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കുക, നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവൃത്തിക്കുക, എന്റ‌ർടെയിന്മെന്റ് എല്ലാം ഒഴിവാക്കുക, ബാച്ചിലർഹുഡ് നിലനിർത്തുക, മനസ്സ് ശുദ്ധമാക്കി നിർത്തുക. അന്ന് മുതൽ എന്റർടെയിന്മെന്റ് വിഭാഗത്തിലുള്ള ബ്ലോഗ്, ബസ്സ്, ടിവി, വായ്നോട്ടം എന്നിവയും, ചെരുപ്പ്, നോൺ-വെജ്, പകലുറക്കം, മടി അങ്ങനെ അങ്ങനെ പലതും ഉപേക്ഷിച്ചു. രാവിലെ 5 മണി എന്നൊരു സമയം ഉണ്ടെന്നും അപ്പോൾ എഴുന്നേറ്റ് ദിവസം തുടങ്ങിയാൽ ആ ദിവസം കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണെന്നും അറിഞ്ഞു. ഒഴിവു ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ടൈംസ് ഓഫ് ഇന്ത്യ തന്നെ. തലക്കെട്ടുകളും കായിക വാർത്തകളും സെലിബ്രിറ്റി ഗോസിപ്പുകളും മാത്രം നോക്കിയിരുന്ന ഞങ്ങൾ, ആ പത്രം എവിടെ നിന്നൊക്കെ പ്രസിദ്ധീകരിക്കുന്നു, പ്രസാധകന്റെ പേര്, എഡിറ്റോറിയൽ എന്നിവ വരെ വായിച്ചു നിർവൃതിയടഞ്ഞു. കൂടെയുള്ള കന്നഡ സ്വാമികൾ അവരുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ “ഭജന” സംഘടിപ്പിച്ചിരുന്നതിൽ അത്മാർത്ഥമായി പങ്കുകൊണ്ടു. എം.ടിവി മാത്രം കണ്ടിരുന്നവന്റെ വീട്ടിലെ കേബിൾ കട്ട് ചെയ്ത് ഭക്തി ചാനൽ മാത്രമാക്കിയാലത്തെ അവസ്ഥ. ചില്ലറ പരീക്ഷണങ്ങൾ ഉണ്ടായെങ്കിലും എല്ലാ പരീക്ഷണങ്ങളേയും നേരിട്ട്, ഡിസംബർ രണ്ടാം തീയതി മാലയിട്ട അയ്യപ്പക്ഷേത്രത്തിൽ നിന്നു തന്നെ ഇരുമുടിയും കെട്ടി അയ്യനെ കാണാൻ യാത്ര തിരിച്ചു.

യാത്ര നന്നായി പ്ലാൻ ചെയ്തിരുന്നെങ്കിലും ദിവസങ്ങളായി പെയ്ത് കൊണ്ടിരുന്ന മഴയും ലാലുവിന്റെ ഗരീബ് രഥവും പ്ലാനുകളൊക്കെ തകിടം മറിച്ചു. മൂന്നാം തീയതി വെള്ളിയാഴ്ച്ച രാത്രി ദർശനപുണ്യം സിദ്ധിക്കുമെന്ന് പ്രതീക്ഷിച്ച ഞങ്ങൾ പമ്പയിൽ നിന്നും പതിനെട്ടാംപടി വരെ എത്തിയപ്പോഴേക്കും ഹരിഹരസുതനെ നമ്മുടെ ഗാനഗന്ധർവ്വൻ ഹരിവരാസനം പാടി ഉറക്കി (ഗാനഗന്ധർവ്വന്റെ ഭാഗ്യമോർത്ത് അസൂയപ്പെട്ടു). പടിവരെ എത്തിയിട്ടു കാണാൻ കഴിയാത്തതിൽ സങ്കടം തോന്നിയ നിമിഷങ്ങൾ. പതിനൊന്നു മണിയ്ക്കു നടയടയ്ക്കുമെങ്കിലും രാത്രി മുഴുവനും പൊന്നുപ്പതിനെട്ടാംപ്പടി കയറാൻ അനുവദിക്കുമായിരുന്നത് കൊണ്ട്, പതിനെട്ട് പടി കയറി തൊഴുത് അയ്യനെ കാണാൻ വടക്കേനടയിൽ വീണ്ടും ക്യൂ നിന്നു. രാവിലെ നാല് മണിയ്ക്ക് വീണ്ടും യേശുദാസിന്റെ സുപ്രഭാതത്തോടെ ശബരിഗിരി ഉണരുകയായി. തളർന്നിരുന്നെങ്കിലും സുപ്രഭാതം കേട്ടതോടെ എല്ലാ വേദനകളും മറന്ന് തിക്കിത്തിരയ്ക്കുന്ന ക്യൂവിൽ നിന്നു. കൂട്ടത്തിലെ എല്ലാവർക്കും സാക്ഷാൽ കലിയുഗവരദന്റെ ദർശനം മുപ്പത് സെക്കന്റുകളോളം കിട്ടി എന്നത് വലിയൊരു കാര്യം തന്നെയാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കായി ഉപദൈവമായ ഗണപതിയുടെ കോവിലിൽ കെട്ടുന്ന മണി ഞങ്ങളിൽ മൂന്ന് പേർക്ക് കിട്ടി എന്നതും വളരെ സന്തോഷമുളവാക്കുന്നതായിരുന്നു. നെയ്യഭിഷേകത്തിനു ക്യൂ നിൽക്കാതെ അതിനായി പോകുന്ന സ്വാമിമാർക്ക് ഔട്ട്സോഴ്സ് ചെയ്ത് അരവണയും അപ്പവുമായി തിരിച്ച് മലയിറങ്ങാൻ തുടങ്ങി. ഗരീബ് രഥിലെ വൃത്തിയില്ലായ്മ(കാശ് കൂടുതൽ വാങ്ങിയിട്ടും സ്ലീപ്പർ ക്ലാസ്സിലുള്ള വൃത്തി പോലും എ.സി ത്രീ ടയർ കോച്ചിൽ ഇല്ല.), യാത്രയിൽ കണ്ട കേരളത്തിലെ പണിതീരാത്ത മേൽ‌പ്പാലങ്ങൾ, പമ്പയിൽ മുണ്ടും അടിവസ്ത്രങ്ങളും ഉപേക്ഷിക്കുന്ന സ്വാമിമാർ, യാതൊരു പാർക്കിങ്ങ് സെൻസുമില്ലാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, കാശ് വാങ്ങിയിട്ടും വെള്ളവും വൃത്തിയുമില്ലാത്ത പമ്പയിലെ ടോയ്ലറ്റുകൾ, ക്യൂവിൽ നിന്ന് അടികൂടുന്ന മലയാളി സ്വാമിമാർ, അമ്പലത്തിൽ തുപ്പുന്ന ചില സ്വാമിമാർ, ഇങ്ങനെ ഒട്ടനവധി മനസ്സിനെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സ്വന്തം ശകടമായ ആനവണ്ടിയിലെ സ്നേഹമുള്ള കണ്ട്ക്ടർമാരും ശ്രദ്ധാപൂർവ്വം ഓടിക്കുന്ന ഡ്രൈവർമാരും, സഹൃദയരായ പോലീസുകാരും(ഇവരെ കണ്ടാൽ തോന്നും ഇവരൊന്നും പോലീസേ അല്ല എന്ന്), തളർന്ന് പരവശരായ അച്ഛൻ സ്വാമിമാരൊപ്പം തളർന്നിട്ടും യാതൊരു തളർച്ചയുമില്ലാതെ മലകയറുകയും ഇറങ്ങുകയും ചെയ്യുന്ന കൊച്ചു കൊച്ചു സ്വാമികളും, മാളികപ്പുറങ്ങളും എല്ലാം മനസ്സിനു കുളിരേകുന്ന കാഴ്ചകളായിരുന്നു.

രാവിലെ പത്ത് മണിയ്ക്ക് പമ്പയിൽ നിന്നു പുറപ്പെട്ടു. പാർക്കിങ്ങ് സ്ഥലമായ നിലയ്ക്കലിൽ ഉണ്ടായ ഗതാഗതക്കുരുക്ക് കാരണം നാല് മണിയോട് കൂടി മാത്രമാണ് കോട്ടയത്ത് എത്തിയത്. അവിടെ നിന്നാണ് തിരിച്ചുള്ള വോൾവോ ബസ്സ് ബുക്ക് ചെയ്തിരുന്നത്. അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി എല്ലാവരും നാരങ്ങാവെള്ളം ഓർഡർ ചെയ്ത് ടോയ്ലറ്റിൽ കയറി “കാര്യം സാധിച്ചു”, ആശ്വസിച്ചു. എറണാകുളത്തിനിപ്പുറം എവിടെയോ ഊൺ കഴിക്കാൻ ബസ്സ് നിർത്തിയതും ഒരു ജ്യൂസിൽ വിശപ്പൊതുക്കിയതും മാത്രമാണ് പിന്നീടുള്ള ഓർമ്മ. രാവിലെ എട്ട് മണിയ്ക്ക് ബാംഗ്ലൂർ എത്തിച്ചേർന്നു. ഇവിടെയുള്ള മഡിവാളയിലെ അയ്യപ്പക്ഷേത്രത്തിൽ മാലയൂരി എല്ലാവരോടും യാത്ര പറഞ്ഞ് പിരിയുമ്പോൾ പതിനാറിലധികം മണിക്കൂർ ക്യൂവിൽ നിന്നത് കാരണം നടക്കാൻ ബുദ്ദിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ സന്തോഷമായിരുന്നു. ഫ്ലാറ്റിലെത്തി മാതൃഭൂമി തുറന്നപ്പോൾ ആ സന്തോഷത്തിനു അതിരുകൾ ഇല്ലാതായി. ആ ശനിയാഴ്ച്ച എന്തോ സ്പെഷ്യൽ ശനി ആയിരുന്നെത്രേ. ശനീശ്വരനെ ശനിയാഴ്ച്ച ദർശിക്കുന്നത് പുണ്യമാണ്. ഈ മണ്ഡലകാലത്തെ (അന്നുവരെയുള്ള)ഏറ്റവും തിരക്കേറിയ ദിവസമാണ് ഞങ്ങൾ എത്തിയത് എന്നിട്ടും നല്ല ദർശനം ഉണ്ടാ‍യത് അനുഷ്ഠിച്ച വ്രതശുദ്ധിയുടെ ഫലം തന്നെയെന്ന് വിശ്വസിക്കുന്നു. 
Related Posts with Thumbnails