തിരിച്ചറിവ്


ട്രിങ്ങ് ട്രിങ്ങ്..

സമയം 4.50AM. മൊബൈലിൽ അലാറം അടിച്ചു തുടങ്ങിയപ്പോൾ തന്നെ അറിഞ്ഞത് അപ്പുക്കുട്ടനെ സന്തോഷിപ്പിച്ചു. അപ്പുക്കുട്ടൻ പ്ലാനിങ്ങ് തുടങ്ങി. കൃത്യം 5 മണിക്ക് എഴുന്നേൽക്കണം, 5.10 ആവുമ്പോഴേക്കും ബാത്ത്റൂമിൽ പോക്കും പല്ല് തേപ്പും കഴിച്ച് 5.15നു ഡ്രെസ്സും ഷൂവുമൊക്കെ ധരിച്ച് ജോഗിങ്ങിനിറങ്ങണം. പിന്നെ ഒന്നര മണിക്കൂർ ജോഗിങ്ങ്. ഏഴ് മണിക്ക് തിരിച്ച് ഫ്ലാറ്റിൽ എത്തി, കുളി, പത്രം വായന എന്തിനു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ പോലും സമയം കണ്ടെത്താം. എന്നും സംഭവിക്കുന്നത് പോലെ 7.50 നു എഴുന്നേറ്റ്, വാലിനു തീ പിടിച്ചത് പോലെ കാര്യങ്ങൾ ചെയ്ത്, ഓഫീസ് ബസ്സിനായി ഷർട്ടും ഷൂസും സോക്സും കയ്യിൽ പിടിച്ച് റോഡിലൂടെ ഓടണ്ട.  കൃത്യം 8 മണിക്കു സ്റ്റോപ്പിൽ ചെന്ന് നിൽക്കാം. ജോഗിങ്ങിന്റെ ഗുണങ്ങൾ പലവിധം. കൂടിവരുന്ന വയറു കുറയ്ക്കാം, നല്ല ആരോഗ്യവും ശരീര വടിവും ഉണ്ടാക്കിയെടുക്കാം. തന്മൂലം ഓഫീസിലെ ഫീമെയിൽ പോപ്പുലേഷനിടയിൽ ഒരു ഇംപ്രഷനുണ്ടാക്കാം. ജോഗിങ്ങിനു വരുന്ന ഒരുപാട് കൊച്ചുങ്ങളേം, കൊച്ചമ്മമാരെയും പരിചയപ്പെടാം. ഹൊ! അപ്പുക്കുട്ടനു കുളിരു കോരി. അപ്പുക്കുട്ടൻ പ്ലാനിങ്ങിനു വിരാമമിട്ടു.

സമയം 5.00AM.

വീണ്ടും, ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ്

“ശവീ, മനുഷ്യന്റെ ഉറക്കം കളയാനായിട്ടു, രാവിലെ എന്നും ഈ കന്നാലീടെ ഒടുക്കത്തെ അലാറാം. ഓഫ് ചെയ്ത് കെടന്നുറങ്ങെടാ $%^*%##  ##&* % %*&@!” റൂം മേറ്റ് അലറി.

കഴിഞ്ഞ ഒന്നര വർഷമായി ഇതു തന്നെയാണല്ലൊ ഞാൻ പ്ലാൻ ചെയ്യുന്നത് എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ അലാറാം സ്നൂസ് ചെയ്യുന്നതിനു പകരം ഓഫ് ആക്കി മൊബൈൽ വലിച്ചെറിഞ്ഞ് അപ്പുക്കുട്ടൻ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
Related Posts with Thumbnails