സഫലം ഈ യാത്ര.

“കുടുക്ക് പെണ്മണിയേ ഞൊടുക്കു വിദ്യകളാൽ മാടപ്രാപിറപോലെ പാട്ടിലാക്കണം.തുടുത്ത..എല്ലാ കണ്ണുകളും അപ്പുക്കുട്ടന്റെ നേർക്കു തിരിഞ്ഞു. കോരിച്ചൊരിയുന്ന മഴ, സമയം രാത്രി 9:55, മൈസൂരിലെ വൃന്ദാവനത്തിലെ സരസ്വതി ദേവിയുടെ കയ്യിലെ കുടത്തിൽ നിന്നും നിലയ്ക്കാതെ വീഴുന്ന ചെറുനീർ ധാര പോലെ കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ മുകളിൽ നിന്ന് നിർത്താതെ ഇറ്റിറ്റ് വീഴുന്ന കരിവെള്ളം, നിർത്താതെയുള്ള കുട്ടികളുടെ കരച്ചിൽ, കണ്ണിൽ ഗ്ലിസറിനൊഴിച്ച് കരയാനായി മാത്രം പിറന്ന മലയാള ചാനലിലെ സ്ത്രീകഥാപാത്രങ്ങളെ പോലെ ഇതെല്ലാം അടക്കിപ്പിടിച്ചിരുന്നവർ അലറി “ഏത് പന്നപ്പുന്നാരേടെ ഫോണാടാ അത്?”. ദീർഘദൂര യാത്രയിൽ നേരം ഇരുട്ടിത്തുടങ്ങിയാൽ യാത്രക്കാരുടേയും യാത്രക്കാർക്കും ശല്യം വേണ്ടാ എന്ന് ഡ്രൈവർ-കണ്ടക്ടർമാരും യാത്രക്കാരും തമ്മിൽ ഒരു സന്ധിയുള്ളതിന്റെ ഭാഗമായി ലൈറ്റുകൾ അണച്ചിരുന്നതിനാൽ ബാഗിന്റെ സൈഡ് പോക്കറ്റിലിരുന്ന ഫോൺ എടുത്ത് വരുമ്പോഴേക്കും സഹയാത്രികർ വീട്ടിലുള്ളവരുടെയൊക്കെ ഹാജരെടുത്തു കഴിഞ്ഞിരുന്നു.

ഹാ പറഞ്ഞിട്ടു കാര്യമില്ല, വല്ലാത്തൊരു യാത്രയായിപ്പോയി. അപ്പുക്കുട്ടൻ ആത്മഗതം ചെയ്ത് ഫോണെടുത്തു.

“ ഹലൊ ”.

“ ഹലൊ, ഡാ വീട്ടിലെപ്പൊ എത്തി? ”.

അങ്ങാടിയിൽ തോറ്റതിനു അമ്മയുടെ നെഞ്ചത്ത്. തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ മൊബൈൽ ഫോണിന്റെ മറുവശത്ത് സംസാരിക്കുന്ന അശോകന് സമ്മാനിച്ചു അപ്പുക്കുട്ടൻ.

…………., പന്നി.

“ എന്തു പറ്റിയെടാ? ”. അശോകന്റെ വാക്കുകളിലെ ഉത്കണ്ഠയും ആകാംക്ഷയും, ചൂടുകുരുവുള്ളവന്റെ പുറത്ത് “ഡെർമി കൂൾ” പൌഡറിട്ടത് പോലെ തോന്നി അപ്പുക്കുട്ടന്.

“ ഒന്നും പറയണ്ട. നീയെഴുന്നേൽക്കുന്നതിനു മുമ്പേ റൂം വിട്ട ഞാൻ 6 മണിക്ക് ഒരു കാസർഗോഡ് ബസ് കിട്ടി. ഓണക്കാലമാവുന്നതേ ഉള്ളെങ്കിലും എല്ലാ ശെയ്ത്താന്മാരും നാട്ടിൽ പോക്ക് തുടങ്ങിയെടാ. തിരക്കോട് തിരക്ക്. കാസറഗോഡെങ്കിൽ കാസറഗോഡ് എന്ന് വിചാരിച്ച് കേറിയതാ.. നാല് മണിക്ക് അവിടെ എത്തേണ്ടതാണ്, ദാ ഇപ്പൊ ജാൽ‌സൂർ-കാസറഗോഡ് വഴിയിലാ. ഇനിയും ഒരു മണിക്കൂറെങ്കിലും വേണമെത്രേ. വഴി നീളെ നല്ല മഴയായിരുന്നു. പോരാത്തതിനു നമ്മുടെ സുരാജ് വെഞ്ഞാറമ്മൂടന്റെ കോമഡിയേക്കാളും ബോറൻ പഴയ ആനവണ്ടിയും ” .

“ഹ ഹ ഹാ ”. അപ്പുറത്ത് ഗംഭീര ചിരി. ഡെർമി കൂളിട്ട പുറത്ത് ആരോ തീപ്പന്തം കൊണ്ട് ചൊറിഞ്ഞ പോലെ.

“ നിനക്കിത് വേണം, നമ്മുടെ സ്വപ്നമായ ലഡാക്കിലെ കർദോംഗ് ലെ പാസ്സിലൂടെ ബുള്ളറ്റ് ഓടിച്ചുള്ള യാത്രയുടെ റിഹേർസിലായി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഒരു ബാംഗ്ലൂർ-കണ്ണൂർ യാത്ര സംഘടിപ്പിക്കാമെന്ന് എന്ന് ഞാൻ പറഞ്ഞപ്പോ നിനക്ക് പുച്ഛം. നിനക്കിത് വേണം ”.

അവന്റെയൊടുക്കത്തെ ലഡാക്ക് യാത്ര. നേരത്തെ സഹയാത്രികർ പുതുതായി സംഭാവന ചെയ്തതും മുമ്പേ ഡാറ്റാബേസിലുള്ളതുമായ ഒന്നു രണ്ട് മുഴുത്ത തെറികൾ ശരിയാ‍ക്കുമ്പോഴേക്കും അപ്പുറത്തെ സീറ്റിലിരിക്കുന്ന ചേച്ചിയുടെ കൊച്ചുണർന്ന് ഉച്ചത്തിൽ കരയുന്ന കുട്ടികളുടെ കോറസ്സിൽ ചേർന്നു. താനാണ് “ഈ രണ്ടിനും” കാരണക്കാരൻ എന്ന രീതിയിൽ ദഹിപ്പിക്കുന്ന നോട്ടം തന്നേയും കുട്ടിയേയും മാറിമാറി നോക്കിയപ്പോൾ, പന്തികേട് തോന്നി വാവിട്ട തെറിയെ വിഴുങ്ങിക്കളഞ്ഞ് ഫോൺ കട്ട് ചെയ്തു. മലയാളിയുണ്ടായത് മുതലുള്ള പഴമൊഴിയെ തിരുത്തിയതിൽ പ്രതിഷേധിച്ച് ഭൂമി പിളരുമാറൊച്ചയിൽ ഇടിയും മിന്നലുമൊരുമിച്ചെത്തി. ഞെട്ടിത്തരിച്ചെങ്കിലും പാപ്പാൻ സ്റ്റിയറിങ്ങിലെ പിടിവിടാതെ ആനയെ തെളിച്ചു കൊണ്ടേയിരുന്നു. പിന്നേയും മണിക്കൂർ നീളുന്ന ദുരിതയാത്ര..



അതിസാഹസികവും സംഭവബഹുലവുമായ ആ ദുരിതയാത്രയ്ക്കൊടുവിൽ അപ്പുക്കുട്ടൻ കാസറഗോഡിറങ്ങുമ്പോൾ സമയം 11:25. ലോകത്തിലെ മോസ്റ്റ് ഹാപ്പനിങ്ങ് സിറ്റികളായ ടോക്ക്യോ, ലാസ് വേഗാസ് എന്നിവിടങ്ങളിലുള്ളത് പോലെയുള്ള തിരക്ക്, ചൂതാട്ടകേന്ദ്രങ്ങൾ, ടൈം ഈസ് മണി എന്നറിഞ്ഞ് സമയമാകുന്ന കാലന്റെ പിന്നാലെ പോകുന്ന ജനത ഇതൊക്കെ കാസറഗോഡ് നഗരം കേട്ടിട്ടുപോലുമില്ല എന്നുള്ള നിൽ‌പ്പ് കണ്ടപ്പോൾ, മന്ത്രിപുംഗുവന്മാർ “കാസറഗോഡോ, അങ്ങനെയൊരു ജില്ലയുണ്ടോ? ” എന്ന് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി അപ്പുക്കുട്ടന്. കെനിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം അമേരിക്കയിലെ ന്യൂട്രൽ വെന്ന്യൂവിൽ നടത്തിയാൽ സ്റ്റേഡിയം പോലെ ബസ്‌സ്റ്റാന്റ്റ് വിജനം. ഹേവേയ്ക്കരികിൽ ബൈക്കിലിരുന്ന് ബീഡി വലിയ്ക്കുന്ന ഒരു തലേൽക്കെട്ടുകാരനെ മാത്രം കാണായി. ആശ്വാസത്തോടെ അപ്പുക്കുട്ടൻ കാര്യങ്ങൾ അന്വേഷിച്ചു.

“ അതേയ് ചേട്ടാ, കണ്ണൂർക്ക് അടുത്ത ബസ് എപ്പോഴാ? ”. ഇവനേതാ ശവം എന്നുള്ള നോട്ടം കണ്ടപ്പോഴേ കാര്യം കത്തി. ഇന്നിനി ബസ്സില്ല.

“ കാലത്ത്ണ്ട്. ജാവ് ഒരു 8:30 കയിഞ്ഞാ പിന്നെ ഏട്ക്കും ബസ്സില്ല. ”.

കണ്ണൂർ കാസറഗോഡിന്റെ അയൽ “സംസ്ഥാന”മായത് കൊണ്ടും നായനാരുടെ കാലത്തെ ദൂർദശനിലെ ഏക കോമഡി ശോ ആയ “മുഖ്യമന്ത്രിയോട് ചോദിക്കാം” എന്ന പരിപാടി മുടങ്ങാതെ കണ്ടിരുന്നത് കൊണ്ടും അപ്പുക്കുട്ടന് അയാൾ പറഞ്ഞത് അക്ഷരം പ്രതി മനസ്സിലായി. രാത്രി എട്ടേ മുപ്പതോ? അതിനെ ആരെങ്കിലും രാത്രി എന്നു വിളിക്കുമോ?.  “ചേട്ടാ, അങ്ങ് ബാംഗ്ലൂരിൽ” വേണ്ട ഇയാളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. കൺ‌ട്രി പീപ്പ്‌ൾസ്.. വരുമെന്ന് വീട്ടിൽ പറയാതിരുന്നത് നന്നായെന്ന് അപ്പുക്കുട്ടന് തോന്നി. ഇനിയെന്ത്? ഇവിടെയുള്ള വല്യച്ഛന്റെ വീട്ടിൽ പോകാം. ഭാഗം വെച്ച് പിരിഞ്ഞതിനു ശേഷം പോയിട്ടില്ലെങ്കിലും ഇപ്പൊ അത് തന്നെ ശരണം. പോകാനൊരുങ്ങിയ തലേൽക്കെട്ട് കാരന്റെ കൂടെ മംഗലാപുരം ഭാഗത്തേക്ക് ബൈക്ക് എന്ന് തോന്നിക്കുന്ന മീൻ വണ്ടിയായ എം.80 യിൽ ഇരുന്ന് ചാറ്റൽ മഴയിലൂടെ ഒരു യാത്ര. അപ്പുക്കുട്ടൻ വീണ്ടും ആത്മഗതം പറഞ്ഞു, “അശോകാ, ഇതാണെടാ ലഡാക്കിനേക്കാളും വലിയ എക്സ്പീരിയൻസ്”.



വല്യച്ഛന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇറങ്ങി, തലേൽക്കെട്ട്കാരനോട് ആയിരത്തൊന്ന് നന്ദി പറഞ്ഞ് തീരുന്നതിനു മുമ്പേ ഓടിച്ച് പോയ അയാൾ കുറച്ച് ദൂരം പോയി തിരിച്ചു വന്ന് അടുത്ത് നിർത്തി പറഞ്ഞു “ പോലീസ് കേട്ടാല് എന്നെ നിങ്ങ കണ്ടിറ്റ്ലാ‍ട്ടാ..”. ഒരു മിന്നൽ‌ അപ്പുക്കുട്ടന്റെ ഹൃദയത്തിലൂടെ ഓടി. തിരിഞ്ഞു നോക്കിയപ്പോ വർഷങ്ങൾ പഴക്കമുള്ള ഒരു പരിചയ മുഖം. ദാമോദരൻ, അതേ ദാമുവേട്ടൻ.

ഹലൊ ദാമുവേട്ടാ, എന്തായീടേ? ഈ സമയത്ത്? അപ്പുക്കുട്ടൻ കാസറഗോഡൻ ഭാഷ കലർത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.

“ ആ, ആരിദ്? മോനോ. എത്രകാലായി കണ്ടിറ്റ്? സുഖല്ലേ? അപ്പനും അമ്മ? എല്ലാർക്കും? ”.

കുറച്ച് മലയാളവും പിന്നെ തനി കാസറഗോഡൻ ഗോത്രഭാഷയുമായി ദാമുവേട്ടൻ അലക്ക് തുടങ്ങി. ദാമുവേട്ടൻ മുത്തശ്ശന്റെ കാലം തൊട്ടേ തറവാട്ടിൽ പണിക്ക് വരുന്ന ആളായിരുന്നു. തന്റെ പഴയ തറവാടിന്റെ തെങ്ങിന്തോപ്പിന്റെ മൂലയിലാണ് ദാമുവേട്ടനും കുടുംബവും താമസം. തന്നെയൊക്കെ ഒരുപാട് എടുത്ത് നടന്നിട്ടുണ്ടെത്രേ. കാണുമ്പോഴൊക്കെയും അത് പറയുകയും ചെയ്യും. കൺ‌ട്രി പീപ്പ്‌ൾസ് എന്ന് പറയാൻ തോന്നിയെങ്കിലും ആ രാത്രിയുടെ നിസ്സഹായത അപ്പുക്കുട്ടനെ അതിനനുവദിച്ചില്ല. തന്റെ യാത്രാദുരിതം മുഴുവനും ചർദ്ദിച്ചപ്പോ ആ മദ്ധ്യവയസ്കന്റെ മനസ്സലിഞ്ഞിരുന്നു.

“ മോനേ ഞാനീടെ ബന്ന്റ്റ് അരമണിക്കൂറായി, ഒരു ഓട്ടോയും ബന്ന്റ്റ്ലാ‍. കയില് ടോർച്ച് ഇണ്ട്ങ്ക് നടക്കായിര്ന്ന്. അതു ഇല്ലാ‍ ”

അപ്പുക്കുട്ടൻ തന്റെ മൊബൈലിലേക്ക് നോക്കി, മതി ഇത് മതി. ഇനിയും മഴയുടേയും പ്രകൃതിയുടേയും മനുഷ്യന്റേയും ക്രൂരകൃത്യങ്ങൾ സഹിക്കാൻ വയ്യ. നമുക്ക് നടക്കാം.



ഒരു ചെറിയ ഊട് വഴി, അത് പിന്നിട്ടാൽ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ, പിന്നെ ഒറ്റ ഇലക്ട്രിക്ക് പോസ്റ്റ് കമഴ്ത്തി തോടിനു കുറുകേയിട്ട പാലം, ഹാ‍ജിയാരുടെ അടയ്ക്കാതോട്ടം, ചേറുള്ളകുളം അതും കഴിഞ്ഞ് വലിയൊരു കുന്ന്. കുന്നിറങ്ങിയാൽ മണ്ഡരി ബാധിച്ച് തലപോയ തെങ്ങിന്തോപ്പ്. അത് തന്റെ അച്ഛന് കിട്ടിയതാണല്ലൊ, അപ്പുക്കുട്ടനോർത്തു. അതിലൂടെ നടന്നാൽ തന്റെ ബാല്യകാല സ്മരണകളുണർത്തുന്ന തറവാട്. അവിടെയെത്താൻ മൂന്നിലധികം കിലോമീറ്റർ താണ്ടണമെന്നുള്ള കാര്യം അപ്പുക്കുട്ടൻ മനപ്പൂർവ്വം വിസ്മരിച്ചു. വഴിനീളേ ദാമുവേട്ടൻ പല പഴയ കഥകളും സംഭവങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു, മുത്തശ്ശന്റെ പ്രതാപവും, വല്യച്ഛന്റെ നോട്ടക്കുറവും അങ്ങനെ അങ്ങനെ.

“ ബാബു വന്നിട്ട്ണ്ടാ? ” ദാമുവേട്ടന്റെ മകനെക്കുറിച്ച് ചോദിച്ചു.

“ ഹും. ഇന്ന് ബന്നിറ്റ്ണ്ട്. കൊറച്ച് നുപ്പട്ട് എന്നെ ബിൾച്ചിറ്റിണ്ടായി ”. ഇയാൾടെ കയ്യിൽ മൊബൈലൊന്നുമില്ലല്ലൊ? പിന്നെ എങ്ങനെ ഇയാളെ വിളിക്കും? അങ്ങോട്ട് വിളിച്ചതാവും തെറ്റിപ്പോയതാ..

“ മോൻ പുത്യ കമ്പിനിയിലേക്ക് മാറിയാ? ”.

“ഹും ഇല്ലാ”. ശ്ശെടാ ഇതെങ്ങനെ ഇയാളറിഞ്ഞു. അമ്മയോ അച്ഛനോ ഫോൺ വിളിച്ച് ഇവിടെ പറഞ്ഞിട്ടുണ്ടാകും, അത് നാട്ടുകാർ മൊത്തം അറിഞ്ഞു കാണും. “ ഛെ ” ഇവരുടെയൊക്കെ ഒരു കാര്യം. താനാണെങ്കിൽ പേപ്പറിടുന്നതിനെപ്പറ്റി ആലോചിക്കുന്നതേ ഉള്ളൂ. ദേഷ്യത്തോടെ നടക്കുന്നതിനിടയിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങൾ വീണ്ടും ഗർജ്ജനം തുടങ്ങി. ശക്തമായി “മയ” പെയ്യാനും. കൂടെ ദാമുവേട്ടനുള്ളതിന്റെ ധൈര്യത്തിൽ, കുടയുണ്ടായിട്ട് കൂടി നനഞ്ഞ കില്ലർ ജീൻസ് വീണ്ടും സ്വന്തം ബയോളജിക്കൽ വേസ്റ്റിട്ട് നനപ്പിച്ചില്ലെങ്കിലും ആ കുന്നൊക്കെ ഭീതിയുളവാക്കുന്നതായിരുന്നു. ദാമുവേട്ടൻ ഇതൊന്നും ശ്രദ്ധിക്കാതെ ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ടേയിരുന്നു. മണ്ടപോയ തെങ്ങുകൾ മാത്രമുള്ള തെങ്ങിന്തോപ്പ് എത്തിയപ്പോൾ ഇനി തന്റെ ജീൻസ് സ്വയം നനപ്പിക്കേണ്ടതില്ലെന്നും മഴയുടെ ശക്തി തെല്ലൊന്നു കുറഞ്ഞതായും അപ്പുക്കുട്ടന് മനസ്സിലായി.

“ ദാമുവേട്ടാ, നിങ്ങളുടെ വീട്ടിൽ ആരുമുറങ്ങിയിട്ടില്ലെന്നു തോന്നുന്നു. നല്ല വെളിച്ചം കാണുന്നുണ്ടല്ലോ? എല്ലാരും കാത്തിരിക്കുകയായിരിക്കും. ദാ ടോർച്ചുമായി ആരോ ഇങ്ങോട്ടു വരുന്നുണ്ടല്ലോ? ”.

“ ഹും. അതെ. ”

ടോർച്ച് വെട്ടം അടുക്കുന്നുണ്ടാ‍യിരുന്നു. അപ്പൊ ദാമുവേട്ടൻ പറഞ്ഞു.

“ മോൻ നടന്നൊ, ഞാൻ മൂത്രൊയ്ച്ചിട്ട് ബരാ ”.

അപ്പുക്കുട്ടൻ പിറുപിറുത്തു,  വീടെത്തി, എന്നാലും ഈ വഴിവക്ക് വൃത്തികേടാക്കണം. കൺ‌ട്രീസ് തന്നെ.ടോർച്ച അടുത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞ് കൊണ്ട് അപ്പുക്കുട്ടൻ വിളിച്ചു.

“ ബാബു.. നീ വന്നിട്ടുണ്ടെന്ന് ഞാനറിഞ്ഞു.. കുറേകാലമായില്ലേടാ കണ്ടിട്ട് ”. “ ഇവിടെ നിന്നു മാറിയതിൽ‌പ്പിന്നെ ആരെയും കണ്ടിട്ടേയില്ല. എല്ലാർക്കും സുഖമാണോടാ..”

ബാബു അപ്പുക്കുട്ടന്റെ കൈപ്പിടിച്ചു. ആ ക്ഷീണിച്ചു കലങ്ങിയ, മങ്ങിയ കണ്ണുകളിൽ നിന്നും ഒന്നു രണ്ട് കണ്ണീർത്തുള്ളികൾ ആനവണ്ടിയെ അനുസ്മരിപ്പിക്കും വിധം തന്റെ കൈകളിലേക്ക് പതിച്ചു. 

"അച്ഛൻ, അച്ഛൻ..ഇന്നു കാല്ത്തെ "

അവന്റെ വീട്ടിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാമായിരുന്നു.



മൂന്നു ദിവസം കഴിഞ്ഞ് കണ്ണൂരുള്ള വീട്ടിലേക്ക് അപ്പുക്കുട്ടനെ അന്വേഷിച്ച് അശോകന്റെ ഫോൺ വിളിയെത്തി. അമ്മ ഫോണെടുത്ത് സംസാരിക്കുന്നത് അപ്പുക്കുട്ടൻ കേൾക്കുന്നുണ്ടായിരുന്നു.

“ഹാ, മോനാണോ? എപ്പൊ എത്തി? ഉണ്ടുണ്ട്. ഇവിടെത്തന്നെയുണ്ട്. ഒരാഴ്ച കഴിഞ്ഞേ ബാംഗ്ലൂർക്കുള്ളൂ എന്ന് എന്നോട് പറയാൻ പറഞ്ഞു. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായോ മോനേ? അധികമൊന്നും മിണ്ടുന്നില്ല. വന്നത് മുതൽ ചുരുണ്ട് കൂടി കിടപ്പാ. എന്തോ കണ്ട് പേടിച്ചത് പോലെ.. വന്നപ്പോ മുതൽ പനിയാ.. നല്ല പനി”.
Related Posts with Thumbnails